മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ പരിശീലകനെ തേടി പരസ്യം ചെയ്യാനൊരുങ്ങി ബി.സി.സി.ഐ. നിലവിലെ പരിശീലകൻ രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ ജൂണിൽ അവസാനിക്കുന്നതിനാലാണ് നടപടി. ദ്രാവിഡിന്റെ കാലാവധി അവസാനിക്കുകയാണെന്നും പുതിയ പരിശീലകന് വേണ്ടി അപേക്ഷ ക്ഷണിക്കുമെന്നും ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. ദ്രാവിഡിന് തുടരാൻ താൽപര്യമുണ്ടെങ്കിൽ അപേക്ഷ നൽകാമെന്നും മൂന്ന് വർഷത്തേക്കാകും പുതിയ പരിശീലകന്റെ നിയമനമെന്നും അദ്ദേഹം സൂചിപ്പിച്ചു.
‘കോച്ചിങ് സ്റ്റാഫിലെ മറ്റ് അംഗങ്ങളെ പുതിയ പരിശീലകനുമായി ആലോചിച്ച ശേഷം തീരുമാനിക്കും. വിദേശ പരിശീലകനെ നിയമിക്കുന്നത് സംബന്ധിച്ച തീരുമാനം ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിക്ക് വിടും. എല്ലാ ഫോര്‍മാറ്റുകള്‍ക്കും ഒരൊറ്റ പരിശീലകനെയാകും നിയമിക്കുക. ഐ.പി.എല്ലിലെ ഇംപാക്റ്റ് പ്ലെയര്‍ രീതി തുടരുന്ന കാര്യത്തില്‍ പരിശീലകരും ക്യാപ്റ്റന്മാരുമായി ചര്‍ച്ച നടത്തിയ ശേഷം തീരുമാനമെടുക്കുമെന്നും ജയ് ഷാ വ്യക്തമാക്കി.
2021 നവംബറിൽ ഇന്ത്യയുടെ പരിശീലകനായി ചുമതലയേറ്റ രാഹുൽ ദ്രാവിഡിന്റെ കാലാവധി രണ്ട് വർഷമായിരുന്നു. എന്നാൽ, ഏകദിന ലോകകപ്പിന് ശേഷം അദ്ദേഹത്തിനും കോച്ചിങ് സ്റ്റാഫിനും ഒരു വർഷം കൂടി കരാർ നീട്ടിനൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.