മുംബൈ: ട്വന്റി 20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ ബി.സി.സി.ഐ അധികമായി വാഗ്ദാനം ചെയ്ത രണ്ടര കോടി രൂപ നിരസിച്ച് മുൻ ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്. തന്റെ സഹപരിശീലകർക്ക് നൽകിയ തുക തനിക്കും മതിയെന്ന് ദ്രാവിഡ് നിലപാടെടുത്തു. ബൗളിങ് പരിശീലകൻ പരാസ് മാംബ്രെ, ഫീൽഡിങ് പരിശീലകൻ ടി.ദിലീപ്, ബാറ്റിങ് പരിശീലകൻ വിക്രം റാത്തോഡ് എന്നിവർക്ക് നൽകുന്ന പാരിതോഷികം തന്നെ തനിക്കും മതിയെന്ന നിലപാട് ദ്രാവിഡ് സ്വീകരിച്ചുവെന്നാണ് റിപ്പോർട്ട്.
ട്വന്റി 20 ലോകപ്പിലെ 15 അംഗ ടീമിനും പരിശീലകൻ ദ്രാവിഡിനും അഞ്ച് കോടി രൂപ വെച്ച് പാരിതോഷികം നൽകാനായിരുന്നു ബി.സി.സി.ഐ തീരുമാനം. ദ്രാവിഡിനെ പിന്തുണച്ച സപ്പോർട്ടിങ് സ്റ്റാഫിന് രണ്ടര കോടിയും സെലക്ടർമാർക്ക് ഒരു കോടി രൂപ നൽകാനും ബി.സി.സി.ഐ തീരുമാനമെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സപ്പോർട്ടിങ് സ്റ്റാഫിന് നൽകുന്ന തുക തന്നെ തനിക്കും മതിയെന്ന് ദ്രാവിഡ് നിലപാടെടുത്തത്.
മുമ്പ് 2018ൽ ഇന്ത്യ അണ്ടർ-19 ലോകകപ്പ് വിജയിച്ചപ്പോഴും പാരിതോഷികം പങ്കുവെക്കുന്നതിൽ ഇതേ നിലപാട് തന്നെ ദ്രാവിഡ് സ്വീകരിച്ചിരുന്നു. അന്ന് കളിക്കാർക്ക് 50 ലക്ഷം രൂപയും പ്രധാന പരിശീലകന് 30 ലക്ഷവും സപ്പോർട്ടിങ് സ്റ്റാഫിന് 20 ലക്ഷവുമാണ് ബി.സി.സി.ഐ നൽകാൻ നിശ്ചയിച്ചത്. എന്നാൽ, പണം തുല്യമായി വീതിക്കണമെന്നായിരുന്നു ദ്രാവിഡ് അന്ന് ആവശ്യപ്പെട്ടത്.
തുടർന്ന് പരിശീലകർ എല്ലാവർക്കും 25 ലക്ഷം രൂപവെച്ച് നൽകാൻ ബി.സി.സി.ഐ തീരുമാനിക്കുകയായിരുന്നു.
അതേസമയം, ഇന്ത്യൻ പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങിയ ദ്രാവിഡ് ഇനി ഐ.പി.എല്ലിലേക്ക് ചേക്കേറുമെന്നാണ് റിപ്പോർട്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്ററായി ദ്രാവിഡെത്തുമെന്നാണ് സൂചന. ഇതിനായി കൊൽക്കത്ത മാനേജ്മെന്റ് ദ്രാവിഡുമായി ചർച്ചകൾ തുടങ്ങിയെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.