ജയ്പുർ: ഐ.പി.എൽ മെഗാ താരലേലം വരാനിരിക്കെ കഴിഞ്ഞ ദിവസമാണ് ടീമുകൾ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ടത്. മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്, സഞ്ജുവിന് പുറമെ യശസ്വി ജയ്സ്വാൾ, റിയാൻ പരാഗ്, ധ്രുവ് ജുറേൽ, ഷിംറോൺ ഹെറ്റ്മെയർ, സന്ദീപ് ശർമ എന്നിവരെയാണ് നിലനിർത്തുന്നത്. റോയൽസിന്റെ വിശ്വസ്ത താരമായ ജോസ് ബട്‌ലറെയും സ്പിന്നർമാരായ രവിചന്ദ്രൻ അശ്വിൻ, യൂസ്വേന്ദ്ര ചഹൽ എന്നിവരെയും റിലീസ് ചെയ്ത റോയൽസിന്റെ തീരുമാനം ചിലരെയെങ്കിലും അദ്ഭുതപ്പെടുത്തിയിട്ടുണ്ടാകണം. എന്നാൽ, എല്ലാ തീരുമാനവും ഏറെ ആലോചിച്ച ശേഷം സ്വീകരിച്ചതാണെന്നും ഇതിൽ ക്യാപ്റ്റൻ സഞ്ജുവിന്റെ പങ്ക് നിർണായമായിരുന്നുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് റോയൽസിന്റെ പരിശീലകൻ രാഹുൽ ദ്രാവിഡ്.
“ആരെയൊക്കെ നിലനിർത്തണം, റിലീസ് ചെയ്യണം എന്ന കാര്യം ചർച്ച ചെയ്യുന്നതിൽ സഞ്ജുവിന് വലിയ പങ്കുണ്ട്. ക്യാപ്റ്റനെന്ന നിലയിൽ താരങ്ങളുമായി ഏറെ അടുപ്പമുള്ളതിനാൽ അദ്ദേഹത്തിന് തീരുമാനങ്ങളെടുക്കാനും ഏറെ ബുദ്ധിമുട്ടായിരുന്നു. പലരെയും റിലീസ് ചെയ്യാനുള്ള തീരുമാനം വളരെ വിഷമത്തോടെയാണ് സ്വീകരിച്ചത്. സഞ്ജു അഞ്ചോ ആറോ വർഷമായി അവർക്കൊപ്പം കളിക്കുന്നതാണ്.
നിലനിർത്തേണ്ട താരങ്ങളുടെ പട്ടിക തയാറാക്കിയത് ഏറെ ചർച്ചകൾക്കു ശേഷമാണ്. ഓരോ താരങ്ങളെയും നിർത്തിയാൽ ടീമിനുണ്ടാകുന്ന ഗുണവും ദോഷവും വിശദമായി തന്നെ സഞ്ജു അവതരിപ്പിച്ചു. ടീം മാനേജ്മെന്റുമായി ഒരുപാട് ചർച്ചകൾ നടന്നു. അതിൽനിന്ന് ഏറ്റവും നല്ലതെന്ന് എല്ലാവരും അംഗീകരിച്ച തീരുമാനമാണ് ഒടുവിൽ സ്വീകരിച്ചത്. പരമാവധി താരങ്ങളെ നിലനിർത്താനാണ് സഞ്ജു ശ്രമിച്ചത്” -ദ്രാവിഡ് പഞ്ഞു.
ഇക്കഴിഞ്ഞ സീസണിലും രാജസ്ഥാനു വേണ്ടി നിർണായക പ്രകടനങ്ങൾ പുറത്തെടുത്ത താരമാണ് ജോസ് ബട്‌ലർ. സീസണിൽ രണ്ട് സെഞ്ച്വറിയും താരം സ്വന്തമാക്കിരുന്നു. മൂന്നു വർഷം മുമ്പ് റോയൽസിനൊപ്പം ചേർന്ന ചഹൽ, അശ്വിനൊപ്പം മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടുണ്ട്. ഒടുവിലെ സീസണിൽ 18 വിക്കറ്റും 2023ൽ 21 വിക്കറ്റും ചഹൽ നേടിയിട്ടുണ്ട്. ചഹലിന് മികച്ച പിന്തുണ നൽകിവന്നിരുന്ന താരമാണ് അശ്വിൻ. മൂവരും പുറത്തേക്ക് പോകുമ്പോൾ ലേലത്തിലൂടെ പിടിക്കുന്നത് ആരെയെല്ലാമാകും എന്ന കാത്തിരിപ്പിലാണ് റോയൽസ് ആരാധകർ.
അതേസമയം 18 കോടി രൂപ വീതം നൽകിയാണ് സഞ്ജുവിനെയും ജയ്സ്വാളിനെയും ടീം നിലനിർത്തിയത്. റിയാൻ പരാഗ് -14 കോടി, ധ്രുവ് ജുറെൽ -14 കോടി, ഷിമ്രോൺ ഹെറ്റ്മെയർ -11 കോടി, സന്ദീപ് ശർമ -നാലു കോടി എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ മൂല്യം. 41 കോടി രൂപയാണ് ഇനി ടീമിന്‍റെ കൈയിൽ ബാക്കിയുള്ളത്. മൊത്തം 18 താരങ്ങളെയാണ് രാജസ്ഥാൻ ഒഴിവാക്കിയത്. റിലീസ് ചെയ്ത താരങ്ങൾ അടുത്ത മാസം നടക്കുന്ന മെഗാ ലേലത്തിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.