ബംഗളൂരു: മികച്ച ബാറ്റർമാരിൽ ഒരാളായ ഇന്ത്യയുടെ രാഹുൽ ദ്രാവിഡ് ഒരു ദശകം മുമ്പ് വിരമിച്ചെങ്കിലും ഇന്നും ക്രിക്കറ്റ് മൈതാനത്തുണ്ട്, ഇന്ത്യൻ ടീമിന്‍റെ പരിശീലകനായി. 2021 നവംബറിലാണ് ഇന്ത്യന്‍ ടീമിന്‍റെ പരിശീലകനായി ചുമതലയേറ്റെടുക്കുന്നത്.
ഇന്ത്യക്കായി മികച്ച ഇന്നിങ്സുകൾ കാഴ്ചവെച്ച ദ്രാവിഡ് പന്തെറിയുന്നത് ക്രിക്കറ്റ് ലോകം അധികം കണ്ടിട്ടില്ല. എന്നാൽ, അദ്ദേഹത്തിന്‍റെ മകൻ ബൗളിങ്ങിലും തിളങ്ങുന്നത് കൗതുകത്തോടെ നോക്കി നിൽക്കുകയാണ് ക്രിക്കറ്റ് ലോകം. നിലവിൽ അണ്ടര്‍ 19 കൂച്ച് ബിഹാര്‍ ട്രോഫിയില്‍ കർണാടകക്കുവേണ്ടി കളിക്കുകയാണ് സമിത്.
മുംബൈക്കെതിരായ ഫൈനലിന്‍റെ ആദ്യ ദിനം മീഡിയം പേസറായി സമിത് 19 ഓവര്‍ പന്തെറിഞ്ഞു. ഒരു മെയ്ഡന്‍ അടക്കം 60 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. 73 റണ്‍സെടുത്ത മുംബൈയുടെ ആയുഷ് സചിന്‍ വാര്‍തക്, 30 റണ്‍സെടുത്ത പ്രതീക് യാദവ് എന്നിവരെയാണ് താരം പുറത്താക്കിയത്. പ്രതീകിനെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ദ്രാവിഡിന്‍റെ മകൻ ബൗളറാണെന്നത് ആരാധകര്‍ക്ക് പുതിയ അറിവായിരുന്നു. ബാറ്ററെന്ന നിലയിൽ നേരത്തെ തന്നെ യുവതാരത്തിന്‍റെ പേര് ഇന്ത്യൻ ക്രിക്കറ്റിന് സുപരിചിതമാണ്.
മത്സരത്തിൽ ബാറ്റിങ്ങിനിറങ്ങിയ സമിത് 22 റൺസെടുത്തു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അണ്ടര്‍ 19 കൂച്ച് ബിഹാര്‍ ട്രോഫി മത്സരത്തില്‍ ജമ്മു കശ്മീരിനെതിരായ മത്സരത്തിൽ 98 റണ്‍സ് നേടി സമിത് ക്രിക്കറ്റ് ലോകത്തിന്‍റെ കൈയടി നേടിയിരുന്നു. മുംബൈ ഒന്നാം ഇന്നിങ്സിൽ 30 റൺസെടുത്ത് പുറത്തായി. മറുപടി ബാറ്റിങ്ങിൽ കാർണാടക ആറു വിക്കറ്റ് നഷ്ടത്തിൽ 626 റൺസെടുത്തിട്ടുണ്ട്.
പ്രകാർ ചതുർവേദിയുടെ ഇരട്ട സെഞ്ച്വറി പ്രകടനമാണ് കർണാടകയെ കൂറ്റൻ സ്കോറിലെത്തിച്ചത്. അടുത്തിടെ മകന് പരിശീലനം നൽകാറില്ലെന്ന് രാഹുല്‍ ദ്രാവിഡ് വെളിപ്പെടുത്തിയിരുന്നു. പിതാവിന്‍റെയും പരിശീലകന്‍റെയും റോളുകള്‍ ഒരുമിച്ച് ചെയ്യുക ഏറെ പ്രയാസമാണെന്നാണ് താരത്തിന്‍റെ വാദം. പിതാവിന്‍റെ റോളിൽ താൻ സന്തുഷ്ടനാണെന്നും രാഹുൽ അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.