മകനും അച്ഛനെപോലെ തന്നെ! ദ്രാവിഡിന്‍റെ മകന്‍റെ സിക്സ് വൈറൽ; ഇന്ത്യൻ ഗ്രേറ്റിനോട് ഉപമിച്ച് ക്രിക്കറ്റ് ലോകം

ബംഗളൂരു: ഇന്ത്യൻ ബാറ്റിങ് ഇതിഹാസവും മുൻ പരിശീലകനുമായ രാഹുൽ ദ്രാവിഡിന്‍റെ മകൻ സമീത് ദ്രാവിഡിന്‍റെ ഒരു കിടിലൻ സിക്സാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ച വിഷയം. മഹാരാജ ട്വന്‍റി20 ടൂർണമെന്‍റിൽ മൈസൂരു വാരിയേഴ്സ് താരമായ സമീത് ബംഗളൂരു ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിൽ നേടിയ സിക്സാണ് വൈറലായത്.

ബംഗളൂരുവിനുവേണ്ടി ഗണേശ്വർ നവീൻ എറിഞ്ഞ ഏഴാം ഓവറിലെ നാലാം പന്താണ് സമീത് സിക്സർ പറത്തിയത്. നവീന്റെ ഷോർട്ട് പിച്ച് പന്ത് സമീത് ഓഫ് സ്റ്റമ്പിനു മുകളിലൂടെ ഗാലറിയിലെത്തിച്ചു. സമീതിന്‍റെ ഷോട്ടും രീതിയും പിതാവ് രാഹുൽ ദ്രാവിഡിനെ ഓർമപ്പെടുത്തുന്നതാണെന്ന് ആരാധകർ പറയുന്നു. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

എന്നാൽ, മത്സരത്തിൽ സമീത്തിന് വലിയ സ്കോർ കണ്ടെത്താനായില്ല. നവീന്റെ തൊട്ടടുത്ത പന്തിൽ തന്നെ താരം പുറത്തായി. ഏഴു റൺസ് മാത്രമാണ് നേടാനായത്. വിക്കറ്റ് കീപ്പർ സൂരജ് അഹൂജ ക്യാച്ചെടുത്താണ് സമീതിനെ പുറത്താക്കിയത്. മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ 18 ഓവറുകൾ ബാറ്റു ചെയ്ത മൈസൂരു ആറു വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 17.1 ഓവറിൽ ആറു വിക്കറ്റിന് ബംഗളൂരു ലക്ഷ്യത്തിലെത്തി. നാലുവിക്കറ്റ് ജയം. ആറു ടീമുകൾ മത്സരിക്കുന്ന ടൂർണമെന്റിൽ ആദ്യ രണ്ടു കളികളും ജയിച്ച ബംഗളൂരുവാണ് ഒന്നാം സ്ഥാനത്ത്.

രണ്ടുപോയന്റുള്ള മൈസൂരു മൂന്നാമതാണ്. 18 വയസ്സുകാരനായ സമീത് ആഭ്യന്തര ക്രിക്കറ്റിൽ കർണാടകയുടെ താരമാണ്. കഴിഞ്ഞ ജൂണിൽ ട്വന്‍റി20 ലോകകപ്പ് വിജയത്തോടെ ഇന്ത്യൻ ടീമിന്‍റെ മുഖ്യ പരിശീലക പദവിയിൽനിന്ന് ദ്രാവിഡ് പടിയിറങ്ങിയിരുന്നു.

Tags:    
News Summary - Rahul Dravid's Son's Six Draws Comparisons With India Great

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.