ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി ഒരുപിടി കൗമാരക്കാരുടെ കൈയ്യിൽ സുഭദ്രമാണന്ന് ഓർമിപ്പിക്കുന്നതായിരുന്നു അണ്ടർ 19 ലോകകപ്പ് വിജയം. യുവതാരങ്ങളുടെ വരവറിയിച്ച ലോകകപ്പ് കൂടിയാണിത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും മികവ് കാണിച്ച രാജ് ബവയുടെ പേരാണ് അതിൽ എടുത്തു പറയേണ്ടത്.
ഉഗാണ്ടക്കെതിരെ 108 പന്തിൽ പുറത്താകാതെ 162 റൺസ് അടിച്ചുകൂട്ടി ഒരിന്ത്യക്കാരന്റെ അണ്ടർ 19 ലോകകപ്പിലെ ഏറ്റവും ഉയർന്ന സ്കോർ രാജ്‍ ബവ ആദ്യം സ്വന്തം പേരിലാക്കിയിരുന്നു. 2004ൽ സ്കോട്ലൻഡിനെതിരെ ശിഖർ ധവാൻ (155) കുറിച്ച റെക്കോഡാണ് രാജ് മറികടന്നത്.
എന്നാൽ രാജിന്റെ കളി കമ്പനി കാണാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. ഫൈനലിൽ 31 റൺസ് മാത്രം വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ രാജാണ് ഇംഗ്ലീഷ് മധ്യനിരയുടെ അന്തകനായത്. ജോർജ് ബെല്ലിനെ ആദ്യ പന്തിൽ തന്നെ ബൗൺസറിലൂടെ വീഴ്ത്തിയ മികവ് എടുത്തു പറയണം.
ആറാമനായി ഇറങ്ങിയ രാജ് 35റൺസ് സ്കോർ ചെയ്ത് ബാറ്റുകൊണ്ടും നിർണായക സംഭാവന നൽകി. അണ്ടർ 19 ലോകകപ്പിൽ 252റൺസ് സ്കോർ ചെയ്ത രാജ് ഒമ്പത് വിക്കറ്റും വീഴ്ത്തി.
എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഭാവി ഓൾറൗണ്ടറെ ഫാസ്റ്റ് ബൗളിങ്ങിൽ നിന്ന് പിതാവ് അഞ്ച് വർഷം വിലക്കിയിരുന്നുവെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ. പ്രമുഖ മാധ്യമപ്രവർത്തകനും മുൻകാല ഹോക്കി താരവുമായ പിതാവ് സുഖ്‍വീന്ദർ ബവയാണ് രാജിന്റെ വഴികാട്ടി. തുടക്കകാലത്ത് ഓഫ് സ്പിൻ എറിയുന്ന മിഡിൽ ഓർഡർ ബാറ്ററായിരുന്നു രാജ്. എന്നാൽ മകൻ ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നായിരുന്നു സുഖ്‍വീന്ദറിന്റെ പക്ഷം.
'ഫാസ്റ്റ് ബൗളിങ് അവന്റെ ഡി.എൻ.എയിലുണ്ട്. ഗുരുഗ്രാമിൽ നടന്ന അണ്ടർ 12 മത്സരത്തിൽ അവൻ അഞ്ച് വിക്കറ്റ് വീഴ്ത്തി. അന്ന് മുതൽ ബാറ്റിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവനോട് ഞാൻ പറഞ്ഞു'-സ്ഖ്‍വീന്ദർ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. 10 പന്ത് കഷ്ടിച്ച് നേരിടാൻ സാധിക്കാത്ത വാലറ്റക്കാരനായി അവൻ മാറുന്നത് ഇഷ്ടമല്ലാത്തത്തിനാലാണ് സുഖ്‍വീന്ദർ മകനോട് ബാറ്റിങ്ങിൽ ശ്രദ്ധ പതിപ്പിക്കാൻ ആവശ്യപ്പെട്ടത്.
പഞ്ചാബ് അണ്ടർ 16 ടീമിൽ ഇടം നേടിയതോടെ ഫാസ്റ്റ് ബൗളിങ് മോഹം വീണ്ടും രാജിൽ മുളപൊട്ടി. എന്നാൽ അച്ഛന്റെ കർശന നിർദേശം പിന്നോട്ടുവലിച്ചു. എന്നാൽ നെറ്റ്സിൽ പന്തെറിഞ്ഞ് പൂതി തീർത്ത കൗമാരക്കാരൻ പിതാവിനെ അറിയിക്കരുതെന്ന് കൂട്ടുകാരോട് ചട്ടംകെട്ടി.
'അവൻ ബൗളിങ് തുടങ്ങി ആദ്യ ദിവസം തന്നെ സംഗതി എനിക്ക് പിടികിട്ടി. അവന്റെ അച്ഛനല്ലെ ഞാൻ. അവൻ റൺസ് സ്കോർ ചെയ്യുന്നതിനാൽ ഞാൻ ഒരക്ഷരം മിണ്ടിയില്ല'-സുഖ്‍വീന്ദർ പറഞ്ഞു.
1988ൽ സുഖ്‍വീന്ദർ ഹരിയാന ജൂനിയർ ഹോക്കി ടീമിൽ ഇടം നേടിയിരുന്നു. ഡിസ്കിനേറ്റ പരിക്കിനെ തുടർന്ന് ഇന്ത്യക്കായി ക്രിക്കറ്റ് കളിക്കുവാനുള്ള സുഖ്‍വീന്ദറിന്റെ സ്വപ്നം പൊലിഞ്ഞു. കപിൽ ദേവ്, ഇംറാൻ ഖാൻ, ഇയാൻ ബോതം, റിച്ചാർഡ് ഹാഡ്ലി എന്നിവരുടെ കളി കണ്ടുവളർന്ന അദ്ദേഹത്തിന് ഒരു പക്കാ ഓൾറൗണ്ടർ ആകാനായിരുന്നു ആഗ്രഹം. എന്നാൽ വിധി തന്റെ സ്വപ്നങ്ങൾ തട്ടിത്തെറുപ്പിച്ചതോടെ മകനിലൂടെ അത് പൂർത്തിയാക്കാൻ സുഖ്‍വീന്ദർ ശ്രമിച്ചു.
വലംകൈയ്യൻ ബൗളറായ രാജ് ഇടൈങ്കയ്യൻ ബാറ്റാണ്. ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിങ്ങിന്റെ കളികണ്ടാണ് രാജ് ഇടംകൈയ്യൻ ബാറ്ററായി മാറിയത്. യുവരാജിന്റെ കട്ടഫാനായ രാജ് യുവിയുടെ തന്നെ 12ാം നമ്പർ ജഴ്സിയണിഞ്ഞാണ് കളത്തിലിറങ്ങാറ്.
കായിക കുടുംബത്തിൽ നിന്നാണ് രാജിന്റെ വരവ്. 1948 ഒളിമ്പിക്സ് ഹോക്കിയിൽ സ്വർണ മെഡൽ ജേതാവാണ് രാജിന്റെ മുത്തച്ഛൻ തർലോചൻസിങ് ബവ. ഗ്രേറ്റ് ബ്രിട്ടനെതിരായ ഫൈനലിൽ ഗോൾ നേടി അന്ന് തർലോചൻ താരമായപ്പോൾ കൊച്ചുമകൻ ശനിയാഴ്ച ഇംഗ്ലണ്ടിനെതിരായ കളിയിൽ മിന്നിത്തിളങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.