ഹൈദരാബാദ് താരങ്ങളുടെ വിജയാഘോഷം

അടി, തിരിച്ചടി; രാജസ്ഥാൻ റോയൽസിന്റെ പ്ലേഓഫ് തുലാസിൽ

ജയ്പുർ: ഐ.പി.എല്ലിൽ പ്ലേഓഫ് സാധ്യത നിലനിർത്താനുള്ള അവസരം കളഞ്ഞുകുളിച്ച് രാജസ്ഥാൻ റോയൽസിന് വീണ്ടുമൊരു തോൽവി. ആദ്യം ബാറ്റ് ചെയ്ത് റൺമല തീർത്തിട്ടും സഞ്ജു സാംസണും സംഘവും ഒരിക്കൽക്കൂടി കളി കൈവിട്ടു. നാലു വിക്കറ്റിനായിരുന്നു സൺറൈസേഴ്സ് ഹൈദരാബാദിന്റെ ജയം. ടോസ് നേടി ബാറ്റ് ചെയ്ത ആതിഥേയർ 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 214 റൺസെടുത്തിരുന്നു. അവസാന പന്തിൽ അഞ്ചു റൺസായിരുന്നു ഹൈദരാബാദിന് ആവശ്യം. സന്ദീപ് ശർമ എറിഞ്ഞ 20ാം ഓവറിലെ ആറാം പന്തിൽ സിക്സറിന് ശ്രമിച്ച അബ്ദുസ്സമദിനെ ജോസ് ബട്‍ലർ ക്യാച്ചെടുത്തെങ്കിലും അമ്പയർ നോബാൾ വിളിച്ചു. ഒപ്പം ഫ്രീഹിറ്റും വിധിച്ചു. ജയിക്കാൻ വേണ്ടിയിരുന്ന നാലു റൺസ് സിക്സറടിച്ചുതന്നെ സമദ് നേടുകയായിരുന്നു. 11 മത്സരങ്ങളിൽ 10 പോയന്റുമായി നാലാമതാണ് രാജസ്ഥാൻ. സൺറൈസേഴ്സ് ഒമ്പതാം സ്ഥാനത്തും.

59 പന്തിൽ 95 റൺസെടുത്ത ഓപണർ ജോസ് ബട്‍ലറും 38 പന്തിൽ 66 റൺസുമായി പുറത്താവാതെനിന്ന ക്യാപ്റ്റൻ സഞ്ജു സാംസണും 18 പന്തിൽ 35 റൺസെടുത്ത മറ്റൊരു ഓപണർ യശസ്വി ജയ്സ്വാളും ചേർന്നാണ് രാജസ്ഥാൻ സ്കോർ 200 കടത്തിയത്. മറുപടിയിൽ ഹൈദരാബാദ് ബാറ്റർമാർ പ്രതീക്ഷ കാത്തെങ്കിലും വലിയ ലക്ഷ്യം പലപ്പോഴും അപ്രാപ്യമായി തോന്നിച്ചു. 34 പന്തിൽ 55 റൺസ് നേടിയ ഓപണർ അഭിഷേക് ശർമയാണ് ഇവരുടെ ടോപ് സ്കോറർ. മറ്റൊരു ഓപണർ അൻമോൽ പ്രീത് സിങ് 25 പന്തിൽ 33ഉം രാഹുൽ ത്രിപാഠി 29 പന്തിൽ 47ഉം ഹെൻറിച് ക്ലാസെൻ 12 പന്തിൽ 26ഉം റൺസ് ചേർത്തു.

അവസാന രണ്ട് ഓവറിൽ ജയിക്കാനാവശ്യം 41 റൺസ്. 19ാം ഓവറിൽ കുൽദീപ് യാദവിന്റെ ആദ്യ മൂന്നു പന്തുകളും സിക്സറിന് പറത്തി തുടർന്ന് ഫോറും അടിച്ച ഗ്ലെൻ ഫിലിപ്സിനെ (ഏഴു പന്തിൽ 25) അഞ്ചാം പന്തിൽ ഷിംറോൺ ഹിറ്റ്മെയർ ക്യാച്ചെടുത്തതോടെ രാജസ്ഥാന് ആശ്വാസം. ലക്ഷ്യം ആറു പന്തിൽ 17 റൺസിലേക്കു ചുരുങ്ങിയിരുന്നു. തുടർന്നാണ് സമദ് (ഏഴു പന്തിൽ 17) ഹൈദരാബാദിന് അവിശ്വസനീയ ജയം സമ്മാനിച്ചത്.

Tags:    
News Summary - Rajasthan lost to Sunrisers in the last ball

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.