ഷാർജ: ബാറ്റിന് തീപ്പിടിച്ച രാത്രി. ഷാർജ സ്റ്റേഡിയത്തിലെ ആകാശത്ത് 22 വർഷം മുമ്പ് സചിൻ പറത്തിവിട്ട സിക്സറുകളുടെ പ്രേതം ഇപ്പോഴുമുണ്ടെന്ന് തോന്നുന്നു. ഞായറാഴ്ച രാത്രിയിൽ ഇവിടെ ബാറ്റെടുത്തവനെല്ലാം വെളിച്ചപ്പാടായി. സിക്സും ബൗണ്ടറിയും കൊണ്ട് മൈതാനും നിറഞ്ഞുകവിഞ്ഞപ്പോൾ ക്രിക്കറ്റ് പുസ്തകങ്ങളിൽ അസാധ്യമെന്ന് കരുതിയതും സാധ്യമായി. െഎ.പി.എൽ ചരിത്രത്തിൽ ഏറ്റവും വലിയ റൺചേസിങ്ങുമായി രാജസ്ഥാൻ റോയൽസ് വീണ്ടും ആരാധകരെ അമ്പരപ്പിച്ചു.
മായങ്ക് അഗർവാളിെൻറ സെഞ്ച്വറി മികവിൽ (50 പന്തിൽ 106) രണ്ടു വിക്കറ്റ് നഷ്ടത്തിൽ 223 റൺസെടുത്ത കിങ്സ് ഇലവൻ പഞ്ചാബായിരുന്നു കളിയുടെ ആദ്യ പകുതി കവർന്നത്. 69 റൺസുമായി ലോകേഷ് രാഹുലും ഉറച്ച പിന്തുണ നൽകി. എന്നാൽ, വിജയം ഉറപ്പിച്ച പഞ്ചാബിനെ അമ്പരപ്പിച്ച് രാജസ്ഥാൻ 19.3 ഒാവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. നാലുവിക്കറ്റിന് രാജസ്ഥാെൻറ ചരിത്ര ജയം.
സിക്സർ സഞ്ജു
അസാധ്യമെന്ന് തോന്നിയ ലക്ഷ്യത്തിലേക്ക് ആത്മവിശ്വാസം കൈവിടാതെയായിരുന്നു രാജസ്ഥാെൻറ മറുപടി. ജോസ് ബട്ലറെ (4) വേഗം നഷ്ടമായെങ്കിലും സ്റ്റീവൻ സ്മിത്തും (27 പന്തിൽ 50), സഞ്ജു സാംസണും (42 പന്തിൽ 85) രാജസ്ഥാന് പ്രതീക്ഷ നൽകി. എന്നാൽ, കൂറ്റം ലക്ഷ്യം താണ്ടവെ സ്മിത്തു മടങ്ങിയത് തിരിച്ചടിയായി. പകരമെത്തിയ രാഹുൽ തെവാട്ടിയ എല്ലാവരെയും നിരാശപ്പെടുത്തുന്നതായിരുന്നു കണ്ടത്. പന്തിൽ കണക്ഷൻ ലഭിക്കാതെ താരം വട്ടംകറങ്ങി. ഇതിനിടെ പരമാവധി സ്ട്രൈക്ക് എടുത്ത സഞ്ജു ഷമിയുടെ പന്തിൽ പുറത്തായി. ഏഴ് സിക്സും, നാല് ബൗണ്ടറിയും സഞ്ജു നേടിയിരുന്നു.
അമ്പേമ്പാ തെവാട്ടിയ
സഞ്ജു മടങ്ങിയതോടെ തോൽവി ഉറപ്പിച്ച രാജസ്ഥാൻ നിരയിൽ സ്വന്തം താരങ്ങളെ പോലും അമ്പരപ്പിക്കുന്നതായിരുന്നു തെവാട്ടിയയുടെ പ്രകടനം. 23 പന്തിൽ 63 റൺസ് വേണമെന്ന നിലയിലാണ് സഞ്ജു പുറത്തായത്. പിന്നെ തെവാട്ടിയ രംഗം വാണു. ഷെൽഡൺ കോട്രൽ എറിഞ്ഞ 18ാം ഒാവറിൽ കളി മാറ്റി. അഞ്ച് സിക്സറുകളുമായി തെവാട്ടിയ ജാതകം തിരുത്തി. 23 പന്തിൽ 17 റൺസെടുത്ത താരം, അടുത്ത ആറ് പന്തിൽ 30 റൺസ് അടിച്ചുകൂട്ടി വിസ്മയിപ്പിച്ചു. 31 പന്തിൽ ഏഴ് സിക്സുമായി 53 റൺസാണ് തെവാട്ടിയ നേടിയത്. പിന്നാലെ ജൊഫ്ര ആർച്ചർ (13) ടീമിന് വിജയം സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.