മുംബൈ: ആദ്യ മത്സരത്തിൽ തന്നെ 'അവിശ്വസിച്ച' ക്യാപ്റ്റൻ സഞ്ജു വി. സാംസണെ സാക്ഷിയാക്കി ക്രിസ് മോറിസ് അവസാന പന്തുകളിൽ സിക്സർ പൂരം ഒരുക്കിയപ്പോൾ, ഡൽഹി കാപിറ്റൽസിനെ മൂന്നു വിക്കറ്റിന് തോൽപിച്ച് രാജസ്ഥാൻ റോയൽസ് സീസണിലെ ആദ്യ ജയം സ്വന്തമാക്കി. ഡൽഹി ഉയർത്തിയ 147 റൺസ് എന്ന ചെറിയ സ്കോറിനു മുന്നിൽ എല്ലാവരും വീണപ്പോൾ, ഡേവിഡ് മില്ലർ (62) ഒരുക്കിക്കൊടുത്ത അടിത്തറയിൽ ക്രിസ്മോറിസ് സിക്സർ മാല തീർത്താണ് കൈവിട്ട കളി അവസാനത്തിൽ ജയിപ്പിച്ചത്. നാല് പടുകൂറ്റൻ സിക്സറുകൾ പറത്തി 36 റൺസുമായാണ് ക്രിസ്മോറിസ് വിജയശിൽപിയായത്. സ്കോർ: ഡൽഹി 147/8(20 ഓവർ), രാജസ്ഥാൻ റോയൽസ് 150/7 (19.4 ഓവർ).
ആദ്യം ബാറ്റുചെയ്ത ഡൽഹിയെ 147 റൺസിന് ഒതുക്കി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ചെറിയ വിജയലക്ഷ്യത്തിലേക്ക് മില്ലർ ഒഴികെ ആരും പൊരുതിയില്ല. ജോസ് ബട്ട്ലർ (2), മനൻ വോറ (9), സഞ്ജു സാംസൺ (4), ശിവം ദുബെ (2), റിയാൻ പരാഗ് (2) എന്നിവർ രണ്ടക്കം കണാതെ പുറത്തായപ്പോൾ, മറുവശത്ത് ഡേവിഡ് മില്ലർ ഒറ്റയാൾ പോരാട്ടം നടത്തുകയായിരുന്നു. രണ്ടു സിക്സും ഏഴു ഫോറുമടക്കം മില്ലർ 43 പന്തിൽ 62 റൺസെടുത്ത് പുറത്തായി. രാഹുൽ തെവാത്തിയയാണ് (19) മില്ലറിന് ചെറുതായെങ്കിലും പിന്തുണ നൽകിയത്. കളി തോറ്റെന്ന് ഉറപ്പിച്ച ഘട്ടത്തിലാണ് ക്രിസ് മോറിസ് രക്ഷകനാവുന്നത്. 18 പന്തിൽ നാലു സിക്സുകൾ അതിർത്തി കടത്തിയാണ് മോറിസ് ജയിപ്പിച്ചത്. ജയദേവ് ഉനദ്കട്ട് (11) പുറത്താവാതെ നിന്നു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി നിരയിൽ ക്യാപ്റ്റൻ ഋഷഭ് പന്ത് (51) മാത്രമാണ് തിളങ്ങിയത്. തുടക്കത്തിലേ വൻ തകർച്ചയിലായിരുന്നു ഡൽഹി. രണ്ടാം ഒവറിൽ തന്നെ ഓപണർ പൃഥ്വി ഷായെ(2) നഷ്ടമായി. പിന്നാലെ ശിഖർ ധവാനും കുരുങ്ങി. പിന്നിലേക്ക് പന്ത് വലിച്ചടിക്കാനുള്ള ധവാെൻറ(9) ശ്രമമാണ് പാളിയത്. മനോഹരമായ ക്യാച്ചിലൂടെ മലയാളി താരവും രാജസ്ഥാെൻറ ക്യാപ്റ്റനുമായ സഞ്ജു സാംസണാണ് ധവാനെ പിടികൂടിയത്. പിന്നാലെ അജിൻക്യ രഹാനെ, റൺസൊന്നും എടുക്കാതെ മാർകസ് സ്റ്റോയിനിസ്(0) എന്നിവരും മടങ്ങി. ഇതോടെ 37 റൺസിനിടെ നാലു വിക്കറ്റ് ഡൽഹിക്ക് നഷ്ടമായി. എന്നാൽ, മറുവശത്ത് ക്യാപ്റ്റൻ പന്ത് ഒറ്റയാൻ പോരാട്ടം നടത്തിയതോടെ വൻ പതനത്തിൽ നിന്നും ഡൽഹി കരകയറി. തകർച്ചക്കിടയിൽ സിക്സറിനു ശ്രമിക്കാതെ ശ്രദ്ധിച്ചായിരുന്നു ക്യാപ്റ്റെൻറ കളി. 32 പന്തിൽ ഒമ്പത് ഫോറുമായാണ് പന്ത് 51 റൺസ് എടുത്തത്.
ചെന്നൈ: ബുധനാഴ്ച നടന്ന മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ, സൺറൈസേഴ്സ് ഹൈദരാബാദിനെ ആറു റൺസിന് തോൽപിച്ചു. ആദ്യം ബാറ്റു ചെയ്ത ബാംഗ്ലൂർ, െഗ്ലൻ മാക്സ്വെല്ലിെൻറ (59) അർധസെഞ്ച്വറി ബലത്തിൽ 149 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് ഡേവിഡ് വാർണർ(54), മനീഷ് പാണ്ഡെ(38) എന്നിവർ നല്ല അടിത്തറയൊരുക്കിയെങ്കിലും പിന്നീട് തകരുകയായിരുന്നു. സ്കോർ: ബാംഗ്ലൂർ- 149/8 (20 ഓവർ), ഹൈദരാബാദ്- 143/9(20 ഒാവർ). ബാംഗ്ലൂർ ബൗളർമാരുടെ കണിശതയോടെയുള്ള പന്തേറാണ് ഹൈദരാബാദിന് വിനയായത്. ഷഹബാസ് അഹമദ് രണ്ട് ഓവറുകളിൽ ഏഴ് റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് സിറാജും ഹർഷൽ പേട്ടലും നാലോവറുകളിൽ 25 റൺസ് വഴങ്ങി രണ്ട് വീതം വിക്കറ്റുകളാണ് വീഴ്ത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.