'ഇന്ത്യ അന്ന് അങ്ങനെ ചെയ്തത് കാരണമാണ് പാകിസ്താൻ ബംഗ്ലാദേശിനെതിരെ വരെ തോറ്റത്'; പാകിസ്താന്‍റെ തകർച്ച ചൂണ്ടിക്കാട്ടി റമീസ് രാജ

ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ പാകിസ്താന്‍റെ തോൽവിക്ക് കാരണം ഇന്ത്യയെന്ന് ചൂണ്ടിക്കാട്ടി മുൻ പാകിസ്താൻ ക്രിക്കറ്റ് താരം റമീസ് രാജ. പാകിസ്താൻ ബൗളിങ് നിരയെ കഴിഞ്ഞ ഏഷ്യാ കപ്പിൽ ഇന്ത്യ നിലംപരിശാക്കിയതിന് ശേഷമാണ് പാകിസ്താൻ ക്രിക്കറ്റ് ടീമിന് തിരിച്ചടികൾ ലഭിച്ചതെന്നാണ് റമീസ് രാജ പറയുന്നത്.

'കഴിഞ്ഞ ഏഷ്യാ കപ്പാണ് പാകിസ്താന്‍റെ തിരിച്ചടിക്ക് കാരണമായത്. പേസിനെ തുണക്കുന്ന പിച്ചുകളിൽ അന്ന് ഇന്ത്യൻ ബാറ്റർമാർ പാക് പേസ് നിരയ്ക്കെതിരെ അനായാസം സ്കോർ ചെയ്തു. ഇത് കണ്ട മറ്റ് ടീമുകൾ പാകിസ്താൻ ടീമിനെ എങ്ങനെ നേരിടണമെന്ന് മനസിലാക്കി. പാകിസ്താൻ പേസർമാർക്കെതിരെ ആക്രമിച്ചു കളിച്ചാൽ റൺസ് കണ്ടെത്താൻ എളുപ്പമാണെന്ന് എതിരാളികൾ മനസിലാക്കി. ഇതോടെ പാക് പേസ് നിരയുടെ ആത്മവിശ്വാസവും കരുത്തും നഷ്ടമാകുകയായിരുന്നു,' റമീസ് രാജ പറഞ്ഞു.

പാകിസ്ഥാന്‍റെ തോൽവിയുടെ വേറൊരു കാരണം ടീം സെലക്ഷനാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്. ഒരു സ്പിന്നറെ പോലും ഉൾപ്പെടുത്താതെ നാല് പേസർമാരെ കളിപ്പിച്ചത് മണ്ടത്തരമായെന്നാണ് രാജയുടെ അഭിപ്രായം. ബംഗ്ലാദേശിനെതിരെ ആദ്യമായാണ് പാകിസ്താൻ ടെസ്റ്റ് മത്സരത്തിൽ പരാജയപ്പെടുന്നത്. ഇത് ഒരുപാട് വിമർശനങ്ങളിലേക്ക് വഴിയൊരുക്കിയിരുന്നു. താരങ്ങളുടെ മോശം പ്രകടനത്തെ വിമർശിച്ച് ഒരുപാട് പേർ രംഗത്തെത്തുകയായിരുന്നു.

ആദ്യ ഇന്നിങ്സിൽ 448 റൺസ് നേടി ഡിക്ലെയർ ചെയ്ത പാകിസ്താനെതിരെ ബംഗ്ലാദേശ് 565 റൺസ് നേടി തിരിച്ചടിക്കുകയായിരുന്നു. എന്നാൽ രണ്ടാം ഇന്നിങ്സിൽ വെറും 146 റൺസ് നേടി പാകിസ്താൻ പുറത്തായി. ബംഗ്ലാദേശ് വിക്കറ്റൊന്നും നഷ്ടമാകാതെ തന്നെ രണ്ടാം ഇന്നിങ്സിൽ വിജയലക്ഷ്യമായ 30 റൺസ് സ്വന്തമാക്കി മത്സരം സ്വന്തമാക്കി


Tags:    
News Summary - ramiz raja says india is reason for pakistan's failures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.