സചിന് അർധ സെഞ്ച്വറി; സഞ്ജു 24ന് പുറത്ത്; കേരളം-ഛത്തീസ്ഗഢ് മത്സരം സമനിലയിലേക്ക്

റായ്പുർ: രഞ്ജി ട്രോഫിയിൽ കേരളം-ഛത്തിസ്ഗഢ് മത്സരം സമനിലയിലേക്ക്. നാലാം ദിനം ലഞ്ചിന് പിരിയുമ്പോൾ കേരളം രണ്ടാം ഇന്നിങ്സിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 245 റൺസെടുത്തിട്ടുണ്ട്. അർധ സെഞ്ച്വറി നേടിയ സചിനൻ ബേബിയും (123 പന്തിൽ 91 റൺസ്), മുഹമ്മദ് അസ്ഹറുദ്ദീനുമാണ് (54 പന്തിൽ 47) ക്രീസിൽ. കേരളത്തിന് 283 റൺസ് ലീഡായി. എതിരാളികളെ 312 റൺസിന് എറിഞ്ഞിട്ട കേരളം 38 റൺസ് ഒന്നാം ഇന്നിങ്സ് ലീഡ് നേടിയിരുന്നു.

നാലാംദിനം രണ്ടു വിക്കറ്റ് നഷ്ടത്തിൽ 69 റൺസെന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ കേരളത്തിന് വിഷ്ണു വിനോദ് (22 പന്തിൽ 24 റൺസ്), നായകൻ സഞ്ജു സാംസൺ (25 പന്തിൽ 24) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. വിഷ്ണുവിനെ അജയ് മൻഡൽ ബൗള്‍ഡാക്കി. അഞ്ചാമനായി ക്രീസിലെത്തിയ സഞ്ജു രണ്ട് ഫോറും ഒരു സിക്സും സഹിതമാണ് 24 റൺസ് നേടിയത്. മൻഡലിന്‍റെ പന്തിൽ ശശാങ്ക് ചന്ദ്രാകറിന് ക്യാച്ച് നൽകിയാണ് താരം പുറത്തായത്.

മൂന്നാംദിനം രോഹൻ കുന്നുമ്മൽ (36), രോഹൻ പ്രേം (17) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. എതിരാളികളെ അതിവേഗം എറിഞ്ഞിട്ട് ജയത്തിലേക്ക് ബാറ്റേന്താമെന്ന പ്രതീക്ഷയുമായാണ് കേരളം ഞായറാഴ്ച ഫീൽഡിങ്ങിനിറങ്ങിയതെങ്കിലും ഏക്നാഥ് കേർകറുടെ മനോഹര സെഞ്ച്വറി പ്രതീക്ഷകൾ തകർക്കുകയായിരുന്നു. കളിയുടെ തുടക്കത്തിൽ അർധ സെഞ്ച്വറിയിലെത്തി ഏറെ വൈകാതെ സഞ്ജിത് ദേശായിയെ അഖിൻ സത്താറും 18 റൺസ് ചേർത്ത ശശാങ്ക് സിങ്ങിനെ ജലജ് സക്സേനയും തിരിച്ചയച്ചതൊന്നും കാര്യമായ ഫലംചെയ്തില്ല.

ഏഴാം വിക്കറ്റിൽ അജയ് മണ്ഡലിനെ കൂട്ടി കേർകർ നടത്തിയ പടയോട്ടം ഛത്തിസ്ഗഢ് ഇന്നിങ്സ് അതിവേഗം കേരള ബൗളിങ്ങിന്റെ നിയന്ത്രണങ്ങൾക്കപ്പുറത്തെത്തിച്ചു. ഇരുവരും ചേർന്ന കൂട്ടുകെട്ട് 123 റൺസാണ് ടീം സ്കോറിൽ ചേർത്തത്. കേർകറിനിത് രണ്ടാം ഫസ്റ്റ് ക്ലാസ് സെഞ്ച്വറിയാണ്. മൂന്നു വിക്കറ്റ് വീതം വീഴ്ത്തി ജലജ് സക്സേനയും എം.ഡി നിതീഷുമായിരുന്നു കേരള നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചത്.

Tags:    
News Summary - Ranji Trophy: Kerala-Chhattisgarh match to draw

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.