രഞ്ജി ട്രോഫി: മുംബൈക്കെതിരെ കേരളം ഏറ്റുവാങ്ങിയത് നാണംകെട്ട തോൽവി

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മുംബൈക്കെതിരെ കേരളം സ്വന്തം മണ്ണിൽ ഏറ്റുവാങ്ങിയത് നാണംകെട്ട തോൽവി. 327 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം അവസാന ദിനം ആദ്യ സെഷനില്‍ തന്നെ 94 റണ്‍സിന് പുറത്തായതോടെ 232 റണ്‍സിനായിരുന്നു പരാജയം. ആദ്യ ഇന്നിങ്സിൽ അർധസെഞ്ച്വറി നേടിയ ഓപണർ രോഹൻ കുന്നുമ്മൽ 26 റൺസുമായി രണ്ടാം ഇന്നിങ്സിൽ കേരളത്തിന്റെ ടോപ് സ്കോററായപ്പോൾ ആദ്യ ഇന്നിങ്സിൽ 38 റൺസെടുത്ത ക്യാപ്റ്റൻ സഞ്ജു സാംസൺ രണ്ടാം ഇന്നിങ്സിൽ 15 റൺസുമായി പുറത്താകാതെനിന്നു. പതിനൊന്നാമനായി ബാറ്റിങ്ങിനിറങ്ങേണ്ടിയിരുന്ന വിശ്വേശര്‍ സുരേഷിന് പരിക്ക്മൂലം ഇറങ്ങാനുമായില്ല. സീസണില്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ സമനില നേടിയ കേരളത്തിന്‍റെ ആദ്യ തോല്‍വിയാണിത്.

നാലാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 24 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ കേരളത്തിന് ആദ്യ ഓവറിലെ അവസാന പന്തില്‍ ജലജ് സക്സേനയെ നഷ്ടമായി. 16 റണ്‍സെടുത്ത താരത്തെ ധവാല്‍ കുല്‍ക്കര്‍ണി ബൗള്‍ഡാക്കുകയായിരുന്നു. വണ്‍ഡൗണായി എത്തിയ കൃഷ്ണ പ്രസാദ് നാലു റൺസുമായും മടങ്ങി. അടുത്തത് രോഹന്‍ കുന്നുമ്മലിന്റെ ഊഴമായിരുന്നു. 26 റൺസ് നേടിയ താരത്തെ ഷംസ് മുലാനിയുടെ പന്തില്‍ ക്യാപ്റ്റന്‍ അജിൻക്യ രഹാനെ പിടികൂടുകയായിരുന്നു. പിന്നാലെ സചിന്‍ ബേബി (12), വിഷ്ണു വിനോദ് (6), ശ്രേയസ് ഗോപാൽ (0) ബേസിൽ തമ്പി (4) എം.ഡി നിധീഷ് (0) എന്നിവരും മടങ്ങി. ഒരു വശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നപ്പോഴും പ്രതിരോധിച്ചുനിന്ന ക്യാപ്റ്റൻ സഞ്ജു സാംസണ്‍ 53 പന്ത് നേരിട്ടാണ് 15 റണ്‍സുമായി പുറത്താകാതെ നിന്നത്.

മുംബൈക്ക് വേണ്ടി ഷംസ് മുലാനി 44 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ധവാല്‍ കുല്‍ക്കര്‍ണിയും തനുഷ് കോട്ടിയാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

Tags:    
News Summary - Ranji Trophy: Kerala suffered a humiliating defeat against Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.