ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്താനു പിന്നാലെ ശ്രീലങ്കയോടും അപ്രതീക്ഷിത തോൽവി പിണഞ്ഞതോടെ ഇന്ത്യൻ ടീമിനെതിരെയും മാനേജ്മെന്‍റിനെതിരെയും നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. ഏഷ്യ കപ്പ് ട്വന്‍റി20 ടൂർണമെന്‍റിൽ ഇന്ത്യൻ ടീമിൽ നാലു പേസർമാരെ മാത്രം ഉൾപ്പെടുത്തിയ മാനേജ്മെന്‍റ് തീരുമാനത്തെ ചോദ്യം ചെയ്ത് മുൻ പരിശീലകൻ രവി ശാസ്ത്രി രംഗത്തെത്തി.
കഴിഞ്ഞ ഐ.പി.എല്ലിൽ മികച്ച പ്രകടനം നടത്തിയിട്ടും അനുഭവസമ്പത്തുള്ള മുഹമ്മദ് ഷമിയെ വീട്ടിലിരുത്തിയതിൽ രവി ശാസ്ത്രി അമ്പരപ്പ് പ്രകടിപ്പിച്ചു. സൂപ്പർ ഫോറിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും പരാജയപ്പെട്ടതോടെ ഇന്ത്യയുടെ ഫൈനൽ സാധ്യത കണക്കിലെ കളിയെ ആശ്രയിച്ചാണ്. ക്രിക്കറ്റിന്‍റെ ചെറുപതിപ്പിൽ ഷമി അവസാനമായി കളിച്ചത് 2021 ട്വന്‍റി20 ലോകകപ്പിലാണ്.
ഐ.പി.എല്ലിലെ കന്നി സീസണിൽ ഗുജറാത്ത് ടൈറ്റൻസിന്‍റെ അവിസ്മരണീയ കിരീട നേട്ടത്തിനു പിന്നിൽ ഷമിയുടെ പ്രകടനും എടുത്തുപറയേണ്ടതാണ്. 16 കളിയിൽനിന്ന് താരം 20 വിക്കറ്റുകളാണ് നേടിയത്. എന്നിട്ടും താരത്തെ ഏഷ്യ കപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തിയില്ല. പകരം ആവേശ് ഖാൻ, അർഷ്ദീപ് സിങ്, ഭൂവനേശ്വർ കുമാർ എന്നീ പേസർമാരെയാണ് മാനേജ്മെന്‍റ് തെരഞ്ഞെടുത്തത്.
നിങ്ങൾ വെറും നാലു ഫാസ്റ്റ് ബൗളർമാരുമായി ഇവിടെ വന്നത് എന്നെ ആശ്ചര്യപ്പെടുത്തുന്നു. നിങ്ങൾക്ക് ഒരാളെ കൂടി അധികമായി വേണമായിരുന്നു. മുഹമ്മദ് ഷമിയെ വീട്ടിലിരുത്തിയത് എന്നെ അമ്പരപ്പിക്കുന്നു -രവി ശാസ്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ന്യൂസിലാൻഡ്, ശ്രീലങ്ക, വെസ്റ്റീൻഡീസ് എന്നീ ടീമുകൾക്കെതിരെ നാട്ടിൽ നടന്ന മത്സരങ്ങളിലും എയർലൻഡ്, ഇംഗ്ലണ്ട്, വെസ്റ്റീൻഡീസ് ടീമുകൾക്കെതിരെ അവരുടെ നാട്ടിൽ നടന്ന മത്സരങ്ങളിലും ഷമിയെ ഉൾപ്പെടുത്തിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.