അശ്വിന് മറ്റൊരു പൊൻതൂവൽ കൂടി; അതിവേഗം 450 വിക്കറ്റെടുക്കുന്ന ഇന്ത്യൻ താരം; മറികടന്നത് കുംബ്ലെയെ

നാഗ്പുര്‍: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യൻ സ്പിന്നർമാർ കളം വാണപ്പോൾ ആസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് 177 റൺസിൽ അവസാനിച്ചു. ഇടവേളക്കുശേഷം ടീമിലേക്ക് തിരിച്ചെത്തിയ രവീന്ദ്ര ജദേജയുടെയും (അഞ്ച് വിക്കറ്റ്), രവിചന്ദ്രൻ അശിന്‍റെയും (മൂന്നു വിക്കറ്റ്) പ്രകടനമാണ് പേരുകേട്ട ഓസീസ് ബാറ്റർമാരെ നിലംപരിശാക്കിയത്. വിക്കറ്റ് നേട്ടത്തിലൂടെ അശ്വിൻ മറ്റൊരു പൊൻതൂവൽ കൂടി സ്വന്തമാക്കിയിരിക്കുകയാണ്.

ആസ്ട്രേലിയൻ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയെ പുറത്താക്കിയതിന് പിന്നാലെയാണ് ഇന്ത്യൻ സ്പിന്നർ റെക്കോഡ് ബുക്കിൽ മറ്റൊരു അധ്യായം കൂടി എഴുതി ചേർത്തത്. ടെസ്റ്റിൽ അതിവേഗത്തില്‍ 450 വിക്കറ്റെടുക്കുന്ന ഇന്ത്യൻ താരമെന്ന നേട്ടമാണ് അശ്വിൻ സ്വന്തമാക്കിയത്. 89 ടെസ്റ്റില്‍നിന്നാണ് അശ്വിന്റെ നേട്ടം. ടെസ്റ്റിൽ ഇതോടെ താരത്തിന്‍റെ വിക്കറ്റ് സമ്പാദ്യം 452 ആയി. ഇന്ത്യയുടെ മുൻ സ്പിൻ ഇതിഹാസം അനിൽ കുംബ്ലെയുടെ റെക്കോഡാണ് താരം മറികടന്നത്.

93 മത്സരത്തിൽനിന്നാണ് കുംബ്ലെ 450 വിക്കറ്റ് നേട്ടത്തിലെത്തുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ അതിവേഗം 450 വിക്കറ്റെടുക്കുന്ന രണ്ടാമത്തെ താരമാകുകയും ചെയ്തു ഇതോടെ അശ്വിൻ. 80 ടെസ്റ്റില്‍ ഇത്രയും വിക്കറ്റെടുത്ത മുന്‍ ശ്രീലങ്കന്‍ താരം മുത്തയ്യ മുരളീധരനാണ് ഒന്നാമതുള്ളത്. കുംബ്ലെക്ക് ശേഷം 450 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരവുമായി അശ്വിന്‍. 132 ടെസ്റ്റില്‍ 619 വിക്കറ്റ് നേടിയ കുംബ്ലെ മാത്രമാണ് താരത്തിനു മുന്നിലുള്ളത്. 131 മത്സരങ്ങളില്‍ 434 വിക്കറ്റ് വീഴ്ത്തിയ കപില്‍ ദേവാണ് മൂന്നാമതുള്ളത്.

ഹര്‍ഭജന്‍ സിങ് (417), സഹീര്‍ ഖാന്‍, ഇശാന്ത് ഷർമ (311) എന്നിവരാണ് തൊട്ടു പിന്നിൽ. ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് നിലവിൽ അശ്വിൻ.

Tags:    
News Summary - Ravichandran Ashwin beats Anil Kumble's 18-year-old record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.