ഇന്ത്യൻ സ്പിൻ ഇതിഹാസം അനിൽ കുംബ്ലെയുടെ റെക്കോഡ് മറികടന്ന് രവിചന്ദ്രൻ അശ്വിൻ. ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടമാണ് അശ്വിൻ സ്വന്തമാക്കിയത്. 113 വിക്കറ്റ്. 111 വിക്കറ്റാണ് കുംബ്ലെയുടെ പേരിലുള്ളത്.
പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ അശ്വിൻ ആറു വിക്കറ്റ് നേടിയിരുന്നു. താരത്തെ അഭിനന്ദിച്ച് കുംബ്ലെ ട്വീറ്റ് ചെയ്തു. നന്നായി ബൗൾ ചെയ്തെന്നായിരുന്നു താരത്തിന്‍റെ ട്വീറ്റ്. സഞ്ജയ് മഞ്ജുരേക്കർ, ആകാശ് ചോപ്ര ഉൾപ്പെടെയുള്ള മുൻതാരങ്ങളും താരത്തിനെ പ്രശംസിച്ച് രംഗത്തെത്തി.
ഇന്ത്യൻ മണ്ണിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ അഞ്ചു വിക്കറ്റ് നേടുന്ന താരമെന്ന നേട്ടം അശ്വിൻ നേരത്തെ സ്വന്തമാക്കിയിരുന്നു. 26 തവണയാണ് താരം ഈ നേട്ടം കൈവരിച്ചത്. 25 തവണ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച കുംബ്ലെയെയാണ് താരം മറികടന്നത്. കൂടാതെ, ബോർഡർ-ഗവാസ്കർ ട്രോഫിയിയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമാകുകയും ചെയ്തു.
മികച്ച ഒന്നാം ഇന്നിങ്സ് സ്കോറുമായാണ് ഓസീസ് പുറത്തായത്. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 36 റൺസെടുത്തിട്ടുണ്ട്. നായകൻ രോഹിത് ശർമയും ശുഭ്മൻ ഗില്ലുമാണ് ക്രീസിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.