സ്പിൻ കെണിയിൽ വീണ് ആസ്ട്രേലിയ; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് ആറു വിക്കറ്റ് ജയം; ജദേജ കളിയിലെ താരം

ന്യൂഡൽഹി: ബോർഡർ ഗവാസ്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിലും ഇന്ത്യൻ ബൗളർമാരുടെ സ്പിൻ കെണിയിൽ വീണ് ആസ്ട്രേലിയ. ഇന്ത്യക്ക് ആറു വിക്കറ്റ് ജയം. സന്ദർശകർ കുറിച്ച 115 റൺസ് വിജയ ലക്ഷ്യം 26.4 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. സ്കോർ: ആസ്ട്രേലിയ -263, 113. ഇന്ത്യ -262, 4/118.

ജയത്തോടെ നാലു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി. പേരുകേട്ട ആസ്ട്രേലിയൻ ബാറ്റർമാരെ സ്പിന്നർമാരായ രവീന്ദ്ര ജദേജയും ആർ. അശ്വിനും കറക്കി വീഴ്ത്തിയതോടെ 113 റൺസിന് അവരുടെ രണ്ടാം ഇന്നിങ്സ് അവസാനിച്ചു. രണ്ടാം ഇന്നിങ്സിൽ 12.1 ഓവറുകൾ പന്തെറിഞ്ഞ ജദേജ 42 റൺസ് വഴങ്ങി ഏഴു വിക്കറ്റ് വീഴ്ത്തി. ആർ. അശ്വിൻ മൂന്നു വിക്കറ്റ് നേടി. ഇരുവരെയും കൂടാതെ മുഹമ്മദ് ഷമി മാത്രമാണ് ഇന്ത്യൻ നിരയിൽ പന്തെറിഞ്ഞത് (രണ്ട് ഓവർ). രണ്ടു ഇന്നിങ്സുകളിലുമായ 10 വിക്കറ്റ് നേടിയ ജദേജയാണ് മത്സരത്തിലെ താരം.

മറുപടി ബാറ്റിങ്ങിൽ ചേതേശ്വർ പൂജാരയും (74 പന്തിൽ 31), ശ്രീകർ ഭരതുമാണ് (22 പന്തിൽ 23) ഇന്ത്യയെ വിജയത്തിലെത്തിച്ചത്. രോഹിത് ശർമ (20 പന്തിൽ 31 റൺസ്), കെ.എൽ. രാഹുൽ (മൂന്നു പന്തിൽ ഒരു റൺ), വിരാട് കോഹ്ലി (31 പന്തിൽ 20), ശ്രേയസ് അയ്യർ (10 പന്തിൽ 12) എന്നിവരാണ് പുറത്തായത്. ഓസീസിനായി രണ്ടാം ഇന്നിങ്സിൽ നഥാൻ ലിയോൺ രണ്ടു വിക്കറ്റും ടോഡ് മുർഫി ഒരു വിക്കറ്റും വീഴ്ത്തി.

ഒരു വിക്കറ്റിന് 61 എന്ന നിലയിൽ മൂന്നാംദിനം കളി ആരംഭിച്ച സന്ദർശകർക്ക് സ്കോർബോർഡിൽ നാലു റൺ കൂട്ടിചേർക്കുന്നതിനിടെ ഓപ്പണർ ട്രാവിസ് ഹെഡിന്‍റെ വിക്കറ്റ് നഷ്ടമായി. 46 പന്തിൽ 43 റൺസെടുത്ത താരത്തെ അശ്വിൻ വിക്കറ്റ് കീപ്പർ ഭരത്തിന്‍റെ കൈകളിലെത്തിച്ചു. പിന്നാലെ സ്റ്റീവൻ സ്മിത്തിനെ (19 പന്തിൽ ഒമ്പത് റൺസ്) അശ്വിൻ എൽ.ബി.ഡബ്ല്യുവിൽ കുരുക്കി. 50 പന്തിൽ 35 റൺസെടുത്ത മാർനസ് ലബുഷെയ്നെ ജദേജ മടക്കി. പിന്നീട് വന്നവരെല്ലാം വേഗത്തിൽ മടങ്ങി.

ഓസീസ് നിരയിൽ ട്രാവിസ് ഹെഡും മാർനസും മാത്രമാണ് രണ്ടക്കം കടന്നത്. മാറ്റ് റെൻഷാ (എട്ട് പന്തിൽ രണ്ട്), പീറ്റർ ഹൻഡ്സ്കോമ്പ് (പൂജ്യം), അലെക്സ് കാരി (10 പന്തിൽ ഏഴ്), പാറ്റ് കമ്മിൻസ് (പൂജ്യം), നഥാൻ ലിയോൺ (21 പന്തിൽ എട്ട്), മാത്യു കുനിമാൻ (പൂജ്യം) എന്നിവരാണ് പുറത്തായ താരങ്ങൾ. ടോഡ് മുർഫി മൂന്നു റൺസുമായി പുറത്താകാതെ നിന്നു.

ആറു റൺസെടുത്ത ഉസ്മാൻ ഖാജയെ രണ്ടാംദിനം പുറത്താക്കിയിരുന്നു. ഒരു സ്പെഷലിസ്റ്റ് പേസ് ബൗളറെ മാത്രം ഇറക്കി സ്പിന്നർമാരെ യഥേഷ്ടം ഉപയോഗപ്പെടുത്തിയ ഓസീസ് ആതിഥേയരുടെ ഒന്നാം ഇന്നിങ്സ് രണ്ടാം ദിനം 262 റൺസിൽ അവസാനിപ്പിച്ചിരുന്നു. ഒറ്റ റൺ ലീഡും നേടി.

ഏഴു വിക്കറ്റിന് 139 എന്ന നിലയിൽ തകർന്നടിയുകയായിരുന്ന ഇന്ത്യയെ അക്സർ പട്ടേൽ-രവിചന്ദ്രൻ അശ്വിൻ സെഞ്ച്വറി കൂട്ടുകെട്ടാണ് മാന്യമായ നിലയിലാക്കിയത്. 74 റൺസ് നേടിയ അക്സറാണ് ഇന്ത്യൻ ടോപ് സ്കോറർ. വിരാട് കോഹ്‌ലി (44), അശ്വിൻ (37), രോഹിത് ശർമ (32) എന്നിവരുടേതാണ് മറ്റു കാര്യമായ സംഭാവനകൾ. ആസ്ട്രേലിയക്കുവേണ്ടി നഥാൻ ലിയോൺ അഞ്ചും മറ്റു സ്പിന്നർമാരായ മാത്യു കുനിമാനും ടോഡ് മർഫിയും രണ്ടു വീതവും വിക്കറ്റ് വീഴ്ത്തി.

Tags:    
News Summary - Ravindra Jadeja Stars As India Beat Australia By 6 Wickets, Take 2-0 Lead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.