ഇനി റോയൽ ചലഞ്ചേഴ്സ് ബംഗളൂരു; ടീമിന് പുതിയ ജഴ്സി

ബംഗളൂരു: പുതിയ ഐ.പി.എൽ സീസണു മുന്നോടിയായി പേരിലും ജഴ്സിയിലും മാറ്റം വരുത്തി ഭാഗ്യപരീക്ഷണത്തിന് ഇറങ്ങുകയാണ് സൂപ്പർതാരം വിരാട് കോഹ്ലിയും സംഘവും. പേരിലെ ബാംഗ്ലൂർ മാറ്റി ബംഗളൂരു എന്നാക്കി. ഇനി മുതൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു എന്നാണ് ടീം അറിയപ്പെടുക.

2014ൽ കർണാടക സർക്കാർ വിവിധ നഗരങ്ങളുടെ പേരുകൾ മാറ്റിയപ്പോൾ ബാംഗ്ലൂരിന്‍റെ പേര് ബംഗളൂരു എന്നാക്കിയിരുന്നു. എന്നാൽ, ടീമിന്‍റെ പേരിലെ ബാംഗ്ലൂർ എന്നത് മാനേജ്മെന്‍റ് മാറ്റിയിരുന്നില്ല. അതിനുശേഷവും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എന്നു തന്നെയാണ് ടീം അറിയപ്പെട്ടിരുന്നത്. ചൊവ്വാഴ്ച ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന അൺബോക്സിങ് പരിപാടിയിലാണ് പേരുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ടീമിന്‍റെ പുതിയ ജഴ്സിയും പുറത്തിറക്കി. കറുപ്പും ചുവപ്പും സ്വർണവും നിറത്തിനു പകരം ജഴ്സിയിൽ നീല, ചുവപ്പ്, സ്വർണ നിറമായിരിക്കും. വനിത പ്രീമിയർ ലീഗിൽ കിരീടം നേടിയ സ്മൃതി മന്ഥാനക്കും സംഘത്തിനും ഗംഭീര സ്വീകരണമാണ് മാനേജ്മെന്‍റും ആരാധകരും സ്റ്റേഡിയത്തിൽ നൽകിയത്. ഗാർഡ് ഓഫ് ഓണർ നൽകിയാണ് ആർ.സി.ബി പുരുഷ താരങ്ങൾ വനിത ടീം അംഗങ്ങളെ വരവേറ്റത്. വെള്ളിയാഴ്ച നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് ഐ.പി.എൽ 2024ന്‍റെ ഉദ്ഘാടന മത്സരം.

മുൻ ഇന്ത്യൻ നായകരായ എം.എസ്. ധോണിയും വിരാട് കോഹ്ലിയും തമ്മിലുള്ള നേരങ്കം എന്ന പ്രത്യേകതയും മത്സരത്തിനുണ്ട്. ഫാഫ് ഡുപ്ലെസിയുടെ നേതൃത്വത്തിലാണ് ടീം കളിക്കാനിറങ്ങുന്നത്. രണ്ടു മാസത്തെ ഇടവേളക്കുശേഷം ഐ.പി.എല്ലിലൂടെ ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചെത്തുകയാണ് കോഹ്ലി. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് താരം ഇന്ത്യൻ ടീമിൽനിന്ന് അവധിയെടുത്തത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും താരം കളിച്ചിരുന്നില്ല. ജനുവരിയിൽ അഫ്ഗാനിസ്താനെതിരെയാണ് കോഹ്ലി അവസാനമായി ഇന്ത്യക്കായി ട്വന്റി20 കളിച്ചത്.

Tags:    
News Summary - RCB now Royal Challengers Bengaluru; new jersey colours revealed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.