പോണ്ടിങ്, ഐ.പി.എൽ കോച്ചുമാർ, മുൻ ഇന്ത്യൻ പേസർ...; ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി ആരെത്തും?

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പുതിയ പരിശീലകനെ കണ്ടെത്താനുള്ള നടപടിക്രമങ്ങളിലേക്ക് കടന്നിരിക്കുകയാണ് ബി.സി.സി.ഐ. നിലവിലെ പരിശീലകൻ രാഹുൽ ദ്രാവിഡിന്‍റെ കാലാവധി ജൂണിലെ ട്വന്‍റി20 ലോകകപ്പോടെ അവസാനിക്കും.

ദ്രാവിഡിന് പരിശീലകനായി തുടരണമെങ്കിൽ അദ്ദേഹം വീണ്ടും അപേക്ഷിക്കണം. എന്നാൽ, ദ്രാവിഡ് ഇതുവരെ താൽപര്യം പ്രകടിപ്പിച്ചിട്ടില്ല. ഇനിയുള്ള കാലം കുടുംബത്തോടൊപ്പം കഴിയണമെന്നാണ് അദ്ദേഹം പറയുന്നത്. ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റിലും ടീമിനെ പരിശീലിപ്പിക്കേണ്ടതിനാൽ വർഷത്തിൽ 10 മാസമെങ്കിലും പരിശീലകൻ ഇന്ത്യൻ ടീമിനൊപ്പം ഉണ്ടാകണം. ദക്ഷിണാഫ്രിക്ക, പാകിസ്താൻ, ഇംഗ്ലണ്ട് ടീമുകൾക്ക് ടെസ്റ്റിലും ഏകദിന ഫോർമാറ്റിലും വ്യത്യസ്ത പരിശീലകരാണ്.

എന്നാൽ, വൈറ്റ് ബാളിലും റെഡ് ബാളിലും വ്യത്യസ്ത പരിശീലകരെന്ന തന്ത്രത്തോട് ബി.സി.സി.ഐക്ക് താൽപര്യമില്ല. മുൻ ഇന്ത്യൻ താരങ്ങൾ ഉൾപ്പെടെയുള്ളവരെ ഇതിനകം ബി.സി.സി.ഐ സമീപിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇന്ത്യ എ ടീമിന്‍റെ പരിശീലകനായ വി.വി.എസ്. ലക്ഷ്മൺ ദ്രാവിഡിന്‍റെ പിൻഗാമിയാകുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. കഴിഞ്ഞ വർഷം ദ്രാവിഡിന്‍റെ അഭാവത്തിൽ അദ്ദേഹം ഇന്ത്യൻ സീനിയർ ടീമിന്‍റെ താൽക്കാലിക ചുമതല ഏറ്റെടുത്തിരുന്നു. എന്നാൽ, ലക്ഷ്മണിന് ഇന്ത്യൻ ടീമിന്‍റെ പരിശീലകനാകാൻ താൽപര്യമില്ലെന്നും എ ടീമിനൊപ്പം തുടരാനാണ് ആഗ്രഹമെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.

 മുൻ ആസ്ട്രേലിയൻ താരവും ലഖ്നോ സൂപ്പർ ജയന്‍റ്സ് മുഖ്യ പരിശീലകനുമായ ജസ്റ്റിൻ ലാങ്കർ, ചെന്നൈ സൂപ്പർ കിങ്സ് പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മെന്‍റർ ഗൗതം ഗംഭീർ, ഗുജറത്ത് ടൈറ്റൻസിന്‍റെ ആശിഷ് നെഹ്റ എന്നിവരുടെ പേരുകളും ഉയർന്നു കേൾക്കുന്നുണ്ട്. ഇതിൽ പലരുമായും ബി.സി.സി.ഐ ചർച്ച നടത്തിയിട്ടുണ്ട്. ലാങ്കർ ടീമിനെ പരിശീലിപ്പിക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ, മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങ് കഴിഞ്ഞയാഴ്ച ഡൽഹിയിൽ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ, മുഖ്യ സെലക്ടർ അജിത് അഗാർക്കർ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൊൽക്കത്തയെ തുടർച്ചയായി പ്ലേ ഓഫിലേക്ക് എത്തിച്ച ഗംഭീറിനെയും ബി.സി.സി.ഐ സമീപിച്ചിട്ടുണ്ട്. നേരത്തെ, ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാൻ നെഹ്റയും താൽപര്യം പ്രകടിപ്പിച്ചിരുന്നു.

മുൻ കീവീസ് താരം സ്റ്റീഫൻ ഫ്ലെമിങ്ങുമായും ബി.സി.സി.ഐ ചർച്ച നടത്തിയിരുന്നു. ട്വന്‍റി20 ലോകകപ്പിനുശേഷം സിംബാബ്വെയുമായാണ് ഇന്ത്യയുടെ ആദ്യ പരമ്പര. അവരുടെ നാട്ടിൽ അഞ്ചു ട്വന്‍റി20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. പുതിയ പരിശീലകനു കീഴിലെ ആദ്യ പരമ്പരയാകും. തിങ്കളാഴ്ചയാണ് പുതിയ പരിശീലകനുള്ള അപേക്ഷ ബി.സി.സി.ഐ ക്ഷണിച്ചത്. ഈമായം 27 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

Tags:    
News Summary - Report Reveals Choices For Team India Head Coach Job

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.