ഓസീസിന് വെല്ലുവിളി ഉയർത്തുക ഈ രണ്ടു താരങ്ങളെന്ന് റിക്കി പോണ്ടിങ്...

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആസ്ട്രേലിയയെ നേരിടാനൊരുങ്ങുകയാണ് രോഹിത് ശർമയും സംഘവും. ഈമാസം ഏഴു മുതൽ ഓവലിലാണ് മത്സരം. കഴിഞ്ഞതവണ ന്യൂസിലൻഡിനു മുന്നിൽ അടിയറവെച്ച കിരീടം സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

താരങ്ങൾ പല ബാച്ചുകളിലായി ഇതിനകം ഇംഗ്ലണ്ടിലെത്തി പരിശീലനം ആരംഭിച്ചിട്ടുണ്ട്. കിരീട പ്രതീക്ഷയുമായാണ് ഓസീസ് സംഘവും ഇംഗ്ലണ്ടിലെത്തിയത്. ഇതിനിടെയാണ് ചാമ്പ്യൻഷിപ്പിൽ ഓസീസിന് വെല്ലുവിളി ഉയർത്തുന്ന രണ്ടു താരങ്ങളെ കുറിച്ച് മുൻ നായകൻ റിക്കി പോണ്ടിങ് ടീമിന് മുന്നറിയിപ്പ് നൽകിയത്. സൂപ്പർതാരങ്ങളായ വിരാട് കോഹ്ലിയും ചേതേശ്വർ പൂജാരയും. ഓസീസിനെതിരെ പൂജാരയുടെ ബാറ്റിങ് റെക്കോഡ് മികച്ചതാണ്. ടെസ്റ്റ് ക്രിക്കറ്റ് കരിയറിൽ പൂജാര ഏറ്റവും കൂടുതൽ റൺസ് നേടിയത് ആസ്ട്രേലിയക്കെതിരെയാണ്. 24 ടെസ്റ്റുകളിലായി ഇതുവരെ 36കാരൻ നേടിയത് 2033 റൺസ്.

അഞ്ചു സെഞ്ച്വറിയും 11 അർധ സെഞ്ച്വറിയും ഉൾപ്പെടും. ശരാശരി 50.82. കോഹ്ലിയുടെ ബാറ്റിങ് റെക്കോഡും മികച്ചതാണ്. 24 ടെസ്റ്റുകളിൽനിന്നായി 1979 റൺസ്. എട്ടു സെഞ്ച്വറിയും അഞ്ചു അർധ സെഞ്ച്വറിയും. വർഷത്തിന്‍റെ തുടക്കത്തിൽ ആസ്ട്രേലിയക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫിയിലെ നാലാം ടെസ്റ്റിലെ ഒരു ഇന്നിങ്സിൽ കോഹ്ലി 186 റൺസ് നേടിയിരുന്നു. ഓസീസിനെതിരെ താരത്തിന്‍റെ ഉയർന്ന വ്യക്തിഗത സ്കോറാണിത്.

‘ആസ്ട്രേലിയൻ ടീം വിരാടിനെക്കുറിച്ച് സംസാരിക്കും, അതിൽ ഒരു സംശയവുമില്ല, അവർ പൂജാരയെക്കുറിച്ചും സംസാരിക്കും. ആ രണ്ടുപേർ അവരാണ്’ -ഐ.സി.സിയുടെ അഭിമുഖത്തിൽ പോണ്ടിങ് പറഞ്ഞു. മുൻകാലങ്ങളിലെന്ന പോലെ ഇത്തവണയും പൂജാര കടുത്ത വെല്ലുവിളി ഉയർത്തും. താരത്തിന്‍റെ വിക്കറ്റ് ഓസീസിന് വളരെ വിലപ്പെട്ടതാകും. താരത്തെ നേരത്തെ പുറത്താക്കാനാകും ഓസീസ് ശ്രമിക്കുക. ഏതാനും ആഴ്ചകളായി കോഹ്ലി മികച്ച ഫോമിലാണെന്നും പോണ്ടിങ് കൂട്ടിച്ചേർത്തു.

Tags:    
News Summary - Ricky Ponting Names Two Indian Batters Who Would Be Major Threat To Australia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.