ലഖ്നൗ സൂപ്പർജയന്‍റ്സിന്‍റെ നായകനായുള്ള ഋഷഭ് പന്തിന്‍റെ അരങ്ങേറ്റം വമ്പൻ പരാജയമായി മാറിയിരിക്കുകയാണ്. ബാറ്റിങ്ങിൽ ആറ് പന്തിൽ നിന്നും റൺസ് എടുക്കാതെ മടങ്ങിയ അദ്ദേഹം കീപ്പിങ്ങിലും അമ്പേ പരാജയമായി മാറി. കുൽദീപ് യാദവിന്‍റെ പന്തിൽ ലോങ് ഓഫീൽ ഫീൽഡ് ചെയ്തിരുന്ന ഫാഫ് ഡുപ്ലെസിസിന് ക്യാച്ച് നൽകിയാണ് പന്ത് മടങ്ങിയത്.
റെക്കോഡ് തുകയായ 27 കോടി നൽകിയാണ് പന്തിനെ എൽ.എസ്.ജി ടീമിലെത്തിച്ചത്. ഡൽഹി ക്യാപിറ്റൽസിൽ നിന്നും എൽ.എസ്.ജിയിലെത്തിയ താരം ഡൽഹിക്കെതിരെ മോശം പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ ഒരുപാട് ട്രോളുകൾ ലഭിക്കുന്നുണ്ട്. അവസാന ഓവറിൽ ഡൽഹിക്ക് നാല് റൺസും ലഖ്നൗവിന് ഒരു വിക്കറ്റും വിജയിക്കാൻ ആവശ്യം ഉള്ളപ്പോൾ മോഹിത് ശർമയെ സ്റ്റമ്പിങ്ങിലൂടെ പുറത്താക്കാനുള്ള അവസരവും പന്ത് കളഞ്ഞു. അടുത്ത പന്തിൽ മോഹിത് സിംഗിൾ നേടിയതോടെ എൽ.എസ്.ജിയുടെ പരാജയം പൂർണമായി. മൂന്നാം പന്തിൽ അഷുതോഷ് ശർമ സിക്സറടിച്ചാണ് വിജയം കൈവരിച്ചത്.
പന്തിനെ തേടി ഒരുപാട് ട്രോളുകളെത്തിയിട്ടുണ്ട്. അദ്ദേഹം ഇപ്പോഴും ഡൽഹിക്ക് വേണ്ടിയാണ് കളിക്കുന്നതെന്നും വലിയ ബുദ്ധിമാൻ കളിക്കാൻ നോക്കി മണ്ടനായതാണെന്നുമെല്ലാം ട്രോളൻമാർ പറയുന്നു. രണ്ട് ഓവർ ബാക്കിയുണ്ടായിരുന്ന ഷർദുൽ താക്കൂറിന് ഓവർ നൽകാത്തതും പന്തിന് ട്രോൾ ലഭിക്കാനുള്ള കാരണമായി മാറി.
അവസാന ഓവർ വരെ നീണ്ടുനിന്ന ത്രില്ലർ പോരാട്ടത്തിൽ ഒരു വിക്കറ്റിനായിരുന്നു ഡൽഹി ക്യാപിറ്റൽസ് വിജയം. ലഖ്നൗ സൂപ്പർ ജയന്‍റ്സ് ഉയർത്തിയ 210 റൺസ് വിജയലക്ഷ്യം 19.3 ഓവറിൽ ക്യാപിറ്റൽസ് മറികടന്നു. ഇംപാക്ട് പ്ലെയറായിറങ്ങിയ അശുതോഷ് ശർമയാണ് ഡൽഹിക്ക് അവിശ്വസനീയ ജയം സമ്മാനിച്ചത്. 31 പന്തിൽ 66 റൺസുമായി താരം പുറത്താകാതെനിന്നു. സ്കോർ: ലഖ്നോ സൂപ്പർ ജയൻ്റ്സ് - 20 ഓവറിൽ എട്ടിന് 208, ക്യാപിറ്റൽസ് - 19.3 ഓവറിൽ ഒമ്പതിന് 211.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.