ഒരു മാസത്തിലേറെ മുമ്പായിരുന്നു മരണം മുന്നിൽകണ്ട വൻഅപകടത്തിൽനിന്ന് വിക്കറ്റ് കീപർ ബാറ്റ്സ്മാൻ ഋഷഭ് പന്ത് ജീവിതത്തിലേക്ക് തിരിച്ചുകയറിയത്. വിദഗ്ധ ചികിത്സക്കായി മുംബൈയിലെത്തിച്ച താരം ശസ്ത്രക്രിയ കഴിഞ്ഞ് അതിവേഗം രോഗമുക്തി നേടുകയാണ്.
ഇതിനിടെ ഇൻസ്റ്റഗ്രാമിൽ നൽകിയ സ്റ്റോറിയിലാണ് ആശുപത്രിക്ക് പുറത്തിരിക്കുന്ന ചിത്രം പങ്കുവെച്ചത്. പുറത്തിരുന്ന് നല്ല വായു ശ്വസിക്കാനാകുമെന്ന് ഒരിക്കലും കരുതിയില്ലെന്നും വലിയ അനുഗ്രഹമാണിതെന്ന് തോന്നുന്നുവെന്നും ചിത്രത്തോടൊപ്പം നൽകിയ അടിക്കുറിപ്പ് പറയുന്നു.
ആസ്ട്രേലിയക്കെതിരെ എന്നും ഏറ്റവും കരുത്തോടെ നിൽക്കാറുള്ള താരത്തിന്റെ അഭാവം ശരിക്കും പ്രയാസപ്പെടുത്തിയേക്കാവുന്ന പരമ്പര വ്യാഴാഴ്ച ആരംഭിക്കാനിരിക്കെയാണ് സമൂഹ മാധ്യമത്തിൽ സ്റ്റോറി പങ്കുവെച്ചത്. ‘‘ഇന്ത്യ ശരിക്കും ഋഷഭ് പന്തിന്റെ അഭാവം അറിയും. ആസ്ട്രേലിയക്കാർക്ക് സന്തോഷമാകും. അയാൾ കൗണ്ടർ ആക്രമണത്തിൽ മിടുക്കനാണ്. അതിവേഗം റണ്ണടിച്ചും ഒറ്റ സെഷനിൽ കളി മാറ്റിയും നിങ്ങളെ കണ്ണുതുറന്നു നിർത്തുന്നവൻ. പന്ത് അത്രയും മികച്ച കളിക്കാരനായിരുന്നു’’- ഓസീസ് മുൻ താരം ഇയാൻ ചാപ്പലിന്റെ വാക്കുകൾ.
ന്യൂസിലൻഡിനെതിരായ പരമ്പരക്കിടെ ഇന്ത്യൻ താരങ്ങൾ ക്ഷേത്രത്തിലെത്തി ഋഷഭ് പന്തിനായി പ്രാർഥന നടത്തിിരുന്നു. ഉജ്ജയ്ൻ മഹാകലേശ്വർ ക്ഷേത്രത്തിലെത്തിയായിരുന്നു സൂര്യകുമാർ യാദവ്, കുൽദീപ് യാദവ്, വാഷിങ്ടൺ സുന്ദർ എന്നിവരുടെ പ്രാർഥന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.