ഐ.പി.എൽ മെഗാ താര ലേലം നടക്കാനിരിക്കെ, താരങ്ങളുടെ കൂടുമാറ്റവുമായി ബന്ധപ്പെട്ട് പലവിധ അഭ്യൂഹങ്ങളാണ് പുറത്തുവരുന്നത്. ടീമുകൾക്ക് എത്ര താരങ്ങളെ നിലനിർത്താനാകുമെന്നതിൽ ബി.സി.സി.ഐ ഇതുവരെ മാർഗദിർദേശം പുറത്തിറക്കിയിട്ടില്ല.
പരമാവധി അഞ്ചു താരങ്ങളെ വരെ ടീമുകൾക്ക് നിലനിർത്താനാകുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അങ്ങനെയെങ്കിൽ ടീമുകൾക്ക് പല പ്രമുഖ താരങ്ങളെയും കൈവിടേണ്ടിവരും. മുംബൈ മുൻ നായകൻ രോഹിത് ശർമ, റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ ഫാഫ് ഡുപ്ലെസിസ്, ഗ്ലെൻ മാക്സ് വെൽ, ലഖ്നോ താരം കെ.എൽ. രാഹുൽ എന്നിവരൊക്കെ പുതിയ സീസണിൽ പുതിയ ടീമിനൊപ്പമാകും കളിക്കുകയെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നായകൻ ഋഷഭ് പന്ത് ആർ.സി.ബിയെ സമീപിച്ചെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
പന്ത് ബംഗളൂരു ടീമിന്‍റെ ഭാഗമാകാന്‍ മാനേജര്‍ വഴി ടീം മാനേജ്മെന്‍റിനെ സമീപിച്ചെന്നും വിരാട് കോഹ്ലിക്ക് താൽപര്യമില്ലാത്തതിനാൽ താരത്തിന്‍റെ ആവശ്യം നിരസിച്ചെന്നുമായിരുന്നു പോസ്റ്റ്.
പിന്നാലെ വ്യാജപ്രചരണത്തിനെതിരെ പന്ത് തന്നെ പരസ്യമായി രംഗത്തെത്തി. ‘വ്യാജവാര്‍ത്ത, എന്തിനാണ് നിങ്ങള്‍ സമൂഹമാധ്യമങ്ങളിൽ ഇത്രയധികം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. വിവേകശാലികളാകു, ഇത് വളരെ മോശമാണ്. ഒരു കാര്യവുമില്ലാതെ വിശ്വാസയോഗ്യമല്ലാത്ത അന്തരീക്ഷം സൃഷ്ടിക്കരുത്. ഇത് ആദ്യത്തേതോ അവസാനത്തേതോ അല്ല, പക്ഷേ പ്രതികരിക്കാൻ നിർബന്ധിതനായിരിക്കുന്നു. എപ്പോഴും നിങ്ങള്‍ക്ക് ഇത്തരം വാർത്തകളുടെ ഉറവിടം പരിശോധിക്കുക. ദിവസംതോറും ഇത് മോശമായി വരികയാണ്. ഇത് നിങ്ങള്‍ക്ക് വേണ്ടി മാത്രമല്ല. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന ആളുകള്‍ക്കുകൂടി വേണ്ടിയുള്ളതാണ്’ -പന്ത് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
2016ൽ ഐ.പി.എൽ അരങ്ങേറ്റം കുറിച്ച താരം, അന്നു മുതൽ ഡൽഹിക്കൊപ്പമാണ്. 2021ലാണ് ടീമിന്‍റെ നായകനാകുന്നത്. വാഹനാപകടത്തിൽ പരിക്കേറ്റ് 2023 സീസൺ പൂർണമായി നഷ്ടമായെങ്കിലും കഴിഞ്ഞ സീസണിൽ ടീമിനൊപ്പം തിരിച്ചെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.