ദുബൈ: 'അവന്‍റെ ഫീൽഡ് നോക്ക്. എന്തായാലും കുറ്റിക്കെറിയാൻ ചാൻസ് കുറവാ'... ആസ്ട്രേലിയയിലെ ഗീലോങ് ക്രിക്കറ്റ് ഗ്രൗണ്ടിൽ യു.എ.ഇയും നമീബിയയും തമ്മിൽ നടന്ന മത്സരത്തിനിടെ മുഴങ്ങിക്കേട്ട മലയാളമാണിത്. ട്വന്‍റി 20 ലോകകപ്പിലെ പ്രാഥമിക റൗണ്ട് മത്സരമായിരുന്നു വേദി. കളിയുടെ തന്ത്രങ്ങൾ മലയാളത്തിൽ പങ്കുവെച്ചതാവട്ടെ, യു.എ.ഇയുടെ മലയാളി താരങ്ങളായ റിസ്വാൻ റഊഫും ബാസിൽ ഹമീദും. സ്റ്റമ്പിലെ മൈക്കിലൂടെ ലോകം മുഴുവൻ കേട്ട ഇവരുടെ മലയാളം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നമീബിയയെ കീഴടക്കിയ മികച്ച കൂട്ടുകെട്ടിനിടെയാണ് വൈറൽ മലയാളം പിറന്നത്.
ടീം സ്കോർ 119ൽ നിൽക്കെ ക്രീസിലുണ്ടായിരുന്ന ബാസിലിന് മറുവശത്തുനിന്ന് നായകൻ റിസ്വാനാണ് മലയാളത്തിൽ നിർദേശം നൽകിയത്. ഫീൽഡർമാർ ഓഫ് സൈഡിലാണെന്നും സ്റ്റമ്പിൽ എറിയാൻ സാധ്യത കുറവാണെന്നുമായിരുന്നു നായകന്‍റെ നിർദേശം. 'അതെയതെ' എന്ന് ബാസിൽ മറുപടി നൽകുന്നതും കേൾക്കാം. മത്സരം ജയിച്ചശേഷം വിജയാഹ്ലാദ പ്രകടനത്തിനിടെ 'ഇനി സമാധാനമായി പോകാം' എന്ന് ഇരുവരും കെട്ടിപ്പിടിച്ച് പറയുന്നതും കേൾക്കാം.
റിസ്വാന്‍റെയും ബാസിലിന്‍റെയും കൂട്ടുകെട്ടാണ് യു.എ.ഇക്ക് ഈ ലോകകപ്പിലെ ആദ്യ വിജയമൊരുക്കിയത്. 16 ഓവറിൽ 113ന് മൂന്ന് എന്ന നിലയിൽ നിൽക്കുമ്പോഴായിരുന്നു ഇരുവരും ഒരുമിച്ചത്. 29 പന്തിൽ മൂന്ന് ബൗണ്ടറിയും ഒരു സിക്സും അടക്കം 43 റൺസെടുത്ത റിസ്വാനും 14 പന്തിൽ രണ്ടു ഫോറും രണ്ട് സിക്സും പറത്തിയ ബാസിലും ചേർന്ന് ടീമിനെ പൊരുതാനുള്ള സ്കോറിൽ എത്തിക്കുകയായിരുന്നു.
മറ്റൊരു മലയാളി താരമായ അലിഷാൻ ഷറഫു നാലു റൺസെടുത്ത് പുറത്തായി. മറുപടി ബാറ്റിങ്ങിൽ നമീബിയ 141 റൺസിൽ ഒതുങ്ങിയതോടെ യു.എ.ഇക്ക് ഏഴ് റൺസ് ജയം സ്വന്തമായി. ആദ്യ മത്സരത്തിൽ നെതർലൻഡിനോട് അവസാന ഓവറിൽ പരാജയപ്പെട്ടിരുന്നില്ലെങ്കിൽ യു.എ.ഇക്ക് സൂപ്പർ 12ലേക്ക് യോഗ്യത നേടാൻ കഴിയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.