ഉത്തപ്പ കോവിഡ്​ കാലം മറന്നു; പന്ത് ഉമിനീര് കൊണ്ട് മിനുക്കി-വിവാദം

കോവിഡ്​ പ്രോ​ട്ടോകോൾ ഐ.സി.സിയും ബി.സി.സി.ഐയും പലവട്ടം കളിക്കാരെ ഓർമപ്പെടുത്തിയിട്ടും റോബിൻ ഉത്തപ്പ കഴിഞ്ഞ ദിവസം എല്ലാം മറന്നു. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനെതിരായ കളിക്കിടെ പന്ത് ഉമിനീര് കൊണ്ട് മിനുക്കിയതോ​ടെയാണ്​ രാജസ്ഥാന്‍ റോയല്‍സ് താരം റോബിന്‍ ഉത്തപ്പ വിവാദത്തിലായത്​. കൊല്‍ക്കത്ത ഇന്നിംഗ്‌സിലെ മൂന്നാം ഓവറിലായിരുന്നു സംഭവം. ഓപ്പണര്‍ സുനില്‍ നരെയ്‌‌ന്‍റെ ക്യാച്ച് പാഴാക്കിയ ശേഷമായിരുന്നു ഉത്തപ്പയുടെ ഉമിനീര്​ പ്രയോഗം.

കൊവിഡ് മഹാമാരിയെ തുടര്‍ന്ന് പന്തില്‍ ഉമിനീര് പ്രയോഗിക്കുന്നതടക്കം പല പ്രവര്‍ത്തികളും ഐ.സി.സി വിലക്കിയിരുന്നു. ഇതു ലംഘിച്ചു കൊണ്ടായിരുന്നു ഉത്തപ്പ പന്ത് ഉമിനീര് കൊണ്ട് മിനുക്കിയെടുത്തത്.

ഫീല്‍ഡിങിനിടെ പന്ത് പിടിച്ചെടുത്ത് അതില്‍ ഉത്തപ്പ ഉമിനീര് പ്രയോഗിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. പന്ത് ബൗളര്‍ ജയദേവ് ഉനാട്കട്ടിന് തിരികെ നല്‍കുന്നതിനു മുമ്പായിരുന്നു കൊവിഡ് പെരുമാറ്റച്ചട്ടം ലംഘിച്ചു കൊണ്ട് ഉത്തപ്പയുടെ 'മിനുക്കല്‍ പ്രകടനം'. സംഭവത്തില്‍ രൂക്ഷ വിമര്‍ശനം താരത്തിനെതിരെ ഉയരുകയും ചെയ്‌തു.

പന്തില്‍ ഉമിനീര്‍ പ്രയോഗിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് സ്‌പിന്നര്‍ അമിത് മിശ്ര കഴിഞ്ഞ ദിവസം പുലിവാല്‍ പിടിച്ചിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരായ മത്സരത്തില്‍ മിശ്ര പന്തില്‍ തുപ്പല്‍ പുരട്ടിയെങ്കിലും അംപയര്‍മാര്‍ ശ്രദ്ധിക്കാതിരുന്നതിനാല്‍ പന്ത് അണുവിമുക്തമാക്കിയില്ല. പന്ത് അംപയര്‍ വാങ്ങി വൃത്തിയാക്കിയ ശേഷമേ കളി തുടരാവൂ എന്നാണ് ചട്ടം.

പന്തിന് കൂടുതല്‍ മിനുക്കം ലഭിക്കാന്‍ പരമ്പരാഗതമായി ബൗളര്‍മാര്‍ പിന്തുടര്‍ന്നു പോരുന്ന രീതിയാണ് ഉമിനീര് കൊണ്ടുള്ള പ്രയോഗം. എന്നാല്‍ കൊവിഡ് മഹാമാരിക്കു ശേഷം ഇത് നിരോധിക്കാന്‍ ഐ.സി.സി തീരുമാനിക്കുകയായിരുന്നു. ഉമനീര് വഴി രോഗവ്യാപനം ഉണ്ടാവാന്‍ സാധ്യത കൂടുതലായതിനെ തുടര്‍ന്നായിരുന്നു ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതു വരെ പന്തില്‍ ഉമിനീര് പ്രയോഗിക്കരുതെന്ന് ഐ.സി.സി മുന്നറിയിപ്പ് നല്‍കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.