ധരംശാലയിൽ ഹിറ്റ്മാന്‍റെ ‘ഗ്രാൻഡ് എൻട്രി’; സ്റ്റേഡിയത്തിൽ ഹെലികോപ്ടറിൽ വന്നിറങ്ങുന്ന രോഹിത്തിന്‍റെ വിഡിയോ വൈറൽ

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം വ്യാഴാഴ്ച ധരംശാലയിൽ ആരംഭിക്കും. പരമ്പര 3-1ന് ഇതിനകം ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. ബാസ്ബാൾ കാലഘട്ടത്തിൽ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ നായകനാണ് രോഹിത് ശർമ.

ഹിമാചലിലെ ധരംശാലയിൽ ഹെലികോപ്ടറിൽ വന്നിറങ്ങുന്ന രോഹിത്തിന്‍റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ടീമിലെ മറ്റു താരങ്ങളെല്ലാം നേരത്തെ തന്നെ മത്സരത്തിനുള്ള തയാറെടുപ്പിന്‍റെ ഭാഗമായി ധരംശാലയിൽ എത്തിയിരുന്നു. അനിൽ അംബാനിയുടെ മകൻ ആനന്ത് അംബാനിയുടെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ ജാംനഗറിൽ പോയതിനാലാണ് രോഹിത് ടീമിനൊപ്പം ചേരാൻ വൈകിയത്. ചൊവ്വാഴ്ച ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഹെലികോപ്ടറിലാണ് നായകൻ വന്നിറങ്ങിയത്. ഹെലികോപ്ടറിൽനിന്നിറങ്ങി വരുന്ന രോഹിത്തിനെ എച്ച്.പി.സി.എ അധികൃതർ സ്വീകരിക്കുന്നതും വിഡിയോയിലുണ്ട്.

ബിലാസ്പുരിൽ കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറിനൊപ്പം ഒരു പരിപാടിൽ പങ്കെടുത്തശേഷമാണ് രോഹിത് ടീം താമസിക്കുന്ന ഹോട്ടലിലേക്ക് പോയത്. ആരാധകർക്കൊപ്പം ക്രിക്കറ്റ് കളിക്കാനും താരം സമയം കണ്ടെത്തി. റാഞ്ചിയിൽനടന്ന നാലാം ടെസ്റ്റിൽ അനായാസ ജയം നേടിയതിനു പിന്നാലെയാണ് ഇന്ത്യ പരമ്പര ഉറപ്പിച്ചത്. ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റിൽ ന്യൂസിലൻഡിനെ മറികടന്ന് ഒന്നാമതെത്താനും ഇന്ത്യക്കായി. സൂപ്പർ പേസർ ജസ്പ്രീത് ബുംറ അഞ്ചാം ടെസ്റ്റിൽ മടങ്ങിയെത്തുന്നത് ഇന്ത്യക്ക് കരുത്താകും. സൂപ്പർതാരങ്ങളായ വിരാട് കോഹ്ലിയും കെ.എൽ. രാഹുലും ധരംശാലയിലും കളിക്കില്ല.

Tags:    
News Summary - Rohit Sharma Arrives At HPCA Stadium In A Helicopter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.