ലംബോർഗിനിയിൽ അമിത വേഗത്തിൽ കുതിച്ച ഇന്ത്യൻ നായകൻ രോഹിത് ശർമക്ക് പിഴ. മുംബൈ-പുണെ എക്‌സ്പ്രസ്‌വേയിൽ അമിത വേഗതയിൽ കാറോടിച്ചതിന് മൂന്നു ചലാനാണ് താരത്തിന് ലഭിച്ചത്. ട്രാഫിക് മന്ത്രാലയത്തെ ഉദ്ധരിച്ചാണ് വിവിധ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തത്.
ലോകകപ്പിൽ വ്യാഴാഴ്ച ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിനായി പുണെയിലേക്ക് പോകുന്നതിനിടെയാണ് അമിത വേഗതയിൽ കാറോടിച്ചതിന് ട്രാഫിക് പൊലീസിന്‍റെ പിടിയിൽ സൂപ്പർതാരം വീണത്. മണിക്കൂറിൽ 200 കിലോ മീറ്ററിലേറെ വേഗതയിൽ പോയ താരം ഒരുഘട്ടത്തിൽ 215 കി.മി വരെ വേഗതയിൽ കാർ ഓടിച്ചതായും അധികൃതർ പറഞ്ഞു. തുടർന്നാണ് മൂന്നു തവണ താരത്തിനെതിരെ പിഴ ചുമത്തിയത്.
തിരക്കേറിയ പാതയിലൂടെ അമിത വേഗത്തിൽ ഇന്ത്യൻ നായകൻ വാഹനമോടിച്ചതിൽ ട്രാഫിക് വിഭാഗം ആശങ്ക പ്രകടിപ്പിച്ചതായി പുണെ ടൈംസ് റിപ്പോർട്ട് ചെയ്തു. പൊലീസ് അകമ്പടിയോടെ ടീം ബസിൽ സഞ്ചരിക്കണമെന്ന് താരത്തിന് ട്രാഫിക് വിഭാഗം നിർദേശം നൽകി. ഏകദിനത്തിൽ രോഹിത് നേടിയ ഉയർന്ന സ്‌കോറായ 264 ആണ് താരത്തിന്റെ ലംബോർഗിനിയുടെ നമ്പർ.
ലോകകപ്പിലെ ആദ്യ മത്സരത്തിൽ ആസ്ട്രേലിയക്കെതിരെ പൂജ്യത്തിന് പുറത്തായ താരം, തുടർന്നുള്ള രണ്ടു മത്സരങ്ങളിൽ സെഞ്ച്വറിയും അർധ സെഞ്ച്വറിയും നേടി തകർപ്പൻ ഫോമിലാണ്. 217 റൺസുമായി ലോകകപ്പിലെ റൺവേട്ടക്കാരിൽ നാലാമനാണ്. ലോകകപ്പിന്‍റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരം, ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റിലുമായി ഏറ്റവും കൂടുതൽ സിക്സ് നേടിയ താരം എന്നീ റെക്കോഡുകൾ താരം സ്വന്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.