ധരംശാല: ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാനത്തെ ടെസ്റ്റിൽ നായകൻ രോഹിത് ശർമയുടെയും ശുഭ്മൻ ഗില്ലിന്‍റെയും സെഞ്ച്വറികളുടെ ബലത്തിലാണ് ഇന്ത്യക്ക് ഒന്നാം ഇന്നിങ്സിൽ വമ്പൻ സ്കോർ നേടാനായത്.
ഇന്ത്യ എട്ടു വിക്കറ്റിന് 473 റൺസെന്ന നിലയിലാണ് രണ്ടാം ദിനം കളി അവസാനിപ്പിച്ചത്. 255 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ് ഇപ്പോൾ തന്നെ ഇന്ത്യക്കുണ്ട്. 162 പന്തിൽ 103 റൺസെടുത്താണ് രോഹിത് പുറത്തായത്. മൂന്നു സിക്സും 13 ഫോറുമടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്. ടോം ഹാർട്ലിയുടെ പന്ത് ഡീപ് മിഡ് വിക്കറ്റിലേക്ക് അടിച്ചിട്ട് സിംഗ്ളെടുത്താണ് ഹിറ്റ്മാൻ മൂന്നക്കത്തിലെത്തിയത്. താരത്തിന്‍റെ കരിയറിലെ 12ാമത്തെ ടെസ്റ്റ് സെഞ്ച്വറിയാണ് ധരംശാലയിൽ പിറന്നത്. ഇതോടെ അന്താരാഷ്ട്ര സെഞ്ച്വറികളുടെ എണ്ണം 48 ആയി.
ഏകദിനത്തിൽ 31 സെഞ്ച്വറികളും ട്വന്‍റി20യിൽ അഞ്ചു സെഞ്ച്വറികളും താരം നേടിയിട്ടുണ്ട്. ഇതോടെ അന്താരാഷ്ട്ര സെഞ്ച്വറികളുടെ എണ്ണത്തിൽ രോഹിത് മുൻ ഇന്ത്യൻ താരവും പരിശീലകനുമായ രാഹുൽ ദ്രാവിഡിന്‍റെ റെക്കോഡിനൊപ്പമെത്തി. ദ്രാവിഡ് ടെസ്റ്റിൽ 36 സെഞ്ച്വറികളും ഏകദിനത്തിൽ 12 സെഞ്ച്വറികളും നേടിയിട്ടുണ്ട്. മുൻ ഇതിഹാസം സുനിൽ ഗവാസ്കറിന്‍റെ അപൂർവ റെക്കോഡിനൊപ്പമെത്താനും രോഹിത്തിനായി.
ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ ഇന്ത്യൻ ഓപ്പണറെന്ന ഗവാസ്കറിന്‍റെ നേട്ടത്തിനൊപ്പമാണ് രോഹിത്ത് എത്തിയത്. ധരംശാലയിലേത് രോഹിത് ഇംഗ്ലണ്ടിനെതിരെ നേടുന്ന നാലാമത്തെ സെഞ്ച്വറിയാണ്. ഇംഗ്ലണ്ടിനെതിരെ 38 ടെസ്റ്റുകൾ കളിച്ച ഗവാസ്കർ നാലു സെഞ്ച്വറികൾ നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.