കേപ്ടൗണ്‍: ഇന്ത്യയിലെ പിച്ചുകളെ കുറിച്ച് പരാതിപ്പെടുന്നവർക്കും വിമർശകർക്കും കിടിലൻ മറുപടിയുമായി ഇന്ത്യൻ നായകൻ രോഹിത് ശർമ. ഇന്ത്യയിൽ ടെസ്റ്റ് കളിക്കാനെത്തുന്ന വിദേശി ബാറ്റർമാരെ കുഴിയിൽ വീഴ്ത്താൻ സ്പിൻ അനുകൂല പിച്ചൊരുക്കുന്നുവെന്നത് ബി.സി.സി.ഐക്കെതിരെയുള്ള പൊതുവിമർശനമാണ്.
ഒന്നാം ടെസ്റ്റിൽ ഇന്നിങ്സ് തോൽവിയുടെ നാണക്കേട് ഏറ്റുവാങ്ങിയ രോഹിത് ശർമയും സംഘവും കേപ്ടൗണിലെ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ ഏഴു വിക്കറ്റിന് തകർത്ത് ചരിത്ര വിജയമാണ് സ്വന്തമാക്കിയത്. കേപ്ടൗണിലെ ന്യൂലാൻഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ബാറ്റിങ് ഏറെ ദുഷ്കരമായിരുന്നു. ഫാസ്റ്റ് ബൗളർമാരായിരുന്നു ഇവിടെ താരങ്ങൾ. അഞ്ചുദിവസം ദൈർഘ്യമുള്ള ടെസ്റ്റ് മത്സരത്തിന് കേപ്ടൗണിൽ ഒന്നര ദിവസം തന്നെ ധാരാളമായിരുന്നു. അഞ്ചു സെഷനിലായി നാലു ഇന്നിങ്സുകളിൽ ആകെ 106.2 ഓവർ, അതായത് 642 പന്തുകൾ മാത്രമാണ് എറിഞ്ഞത്. ചരിത്രത്തിലെ ഏറ്റവും ചെറിയ ടെസ്റ്റ് മത്സരമെന്ന റെക്കോഡുമായാണ് രണ്ടാം ടെസ്റ്റ് അവസാനിച്ചത്.
കേപ്ടൗണിലെ പിച്ചിനെതിരെ പരാതി ഉയരുമ്പോഴും രോഹിത് അതൊന്നും കാര്യമാക്കുന്നില്ല. പകരം 3-4 ദിവസം കൊണ്ട് മത്സരം പൂർത്തിയാകുന്ന ടേൺ അനുകൂല ഇന്ത്യൻ പിച്ചുകളെ വിമർശിക്കുന്നവരോടാണ് രോഹിത്തിന് പറയാനുള്ളത്. ‘ഇന്ത്യൻ പിച്ചുകളുടെ കാര്യത്തിൽ എല്ലാവരും മിണ്ടാതിരുന്നാൽ, ഇന്ത്യൻ പിച്ചുകളെക്കുറിച്ച് പരാതി പറയാതിരുന്നാൽ, ഇതുപോലുള്ള പിച്ചുകളിൽ കളിക്കുന്നത് എനിക്കും പ്രശ്‌നമില്ല. വെല്ലുവിളി ഏറ്റെടുക്കാനാണ് ഇവിടെ വരുന്നത്, ഇന്ത്യയിലേക്ക് വരുമ്പോഴും അതുപോലെ തന്നെയാകണം’ -രോഹിത് മത്സരശേഷം പറഞ്ഞു.
ടെസ്റ്റിന്‍റെ ഒന്നാംദിനം മാത്രം 23 വിക്കറ്റുകളാണ് കേപ്ടൗണിൽ വീണത്. ടെസ്റ്റ് മത്സരങ്ങള്‍ എന്നും വെല്ലുവിളി നിറഞ്ഞതാണ്. ഇന്ത്യയിലെ പിച്ചുകളെ കുറിച്ച് എപ്പോഴും വിമര്‍ശനങ്ങള്‍ ഉണ്ടാവാറുണ്ട്. ലോകകപ്പ് ഫൈനല്‍ പിച്ച് ശരാശരിയിലും താഴെയെന്നാണ് രേഖപ്പെടുത്തിയത്. എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലായിട്ടില്ല. ആ പിച്ചില്‍ ഒരാള്‍ക്ക് സെഞ്ച്വറി നേടാന്‍ സാധിച്ചിരുന്നുവെന്ന് ഓര്‍ക്കണം. ഇത്തരം പിച്ചുകളില്‍ കളിക്കാന്‍ തന്നെയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അഞ്ചു വര്‍ഷമായി, ഞങ്ങള്‍ വളരെ മികച്ച ടീമായി മാറി. ഇന്ത്യക്ക് പുറത്തുള്ള ഞങ്ങളുടെ പ്രകടനത്തില്‍ അഭിമാനമുണ്ടെന്നും രോഹിത് കൂട്ടിച്ചേർത്തു.
മുഹമ്മദ് സിറാജിന്‍റെയും ജസ്പ്രീത് ബുംറയുടെയും ബൗളിങ് പ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. രണ്ടു ഇന്നിങ്സുകളിലായി ബുംറ എട്ടു വിക്കറ്റും സിറാജ് ഏഴു വിക്കറ്റും നേടി. ഇരുവരുടെയും തകർപ്പൻ ബൗളിങ്ങാണ് രണ്ടു ഇന്നിങ്സുകളിലും ആതിഥേയരെ ചെറിയ സ്കോറിലൊതുക്കിയത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 79 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് 13 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യയെത്തി. ഓപ്പണര്‍ എയ്ഡൻ മർക്രം സെഞ്ച്വറിയുമായി തിളങ്ങിയെങ്കിലും ദക്ഷിണാഫ്രിക്കൻ നിരയിൽ മറ്റു ബാറ്റർമാർക്കൊന്നും പിടിച്ചുനിൽക്കാനായില്ല. 103 പന്തുകൾ നേരിട്ട താരം 106 റൺസെടുത്താണു പുറത്തായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.