ന്യൂഡൽഹി: ട്വൻറി20ക്കു പിന്നാലെ ഏകദിനത്തിലും ഇന്ത്യൻ ടീമിനെ ഇനി നയിക്കുക രോഹിത് ശർമ. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടീമിനെ തിരഞ്ഞെടുക്കാൻ ചേർന്ന സെലക്ഷൻ കമ്മിറ്റിയാണ് ഏകദിന നായകസ്ഥാനത്തുനിന്ന് വിരാട് കോഹ്ലിയെ നീക്കി രോഹിതിനെ അവരോധിച്ചത്. ടെസ്റ്റ് നായകനായി കോഹ്ലി തുടരും. ടെസ്റ്റിൽ അജിൻക്യ രഹാനെക്കു പകരം രോഹിതിനെ ഉപനായകനാക്കി.
18 അംഗ ടെസ്റ്റ് ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കുകാരണം രവീന്ദ്ര ജദേജ, അക്സർ പട്ടേൽ, ശുഭ്മാൻ ഗിൽ എന്നിവരെ ഉൾപ്പെടുത്തിയില്ല. വിശ്രമം കഴിഞ്ഞ് രോഹിത്, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവർ തിരിച്ചെത്തിയപ്പോൾ പരിക്കുമാറിയ ലോകേഷ് രാഹുലും ഇടംപിടിച്ചു. ദക്ഷിണാഫ്രിക്കൻ പര്യടനത്തിലുള്ള എ ടീമിനായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഹനുമ വിഹാരി ടീമിലെത്തിയപ്പോൾ സൂര്യകുമാർ യാദവിനെയും കെ.എസ്. ഭരതിനെയും ഒഴിവാക്കി. മോശം ഫോമിലായിട്ടും രഹാനെയും ഇശാന്ത് ശർമയും സ്ഥാനം നിലനിർത്തി.
ടെസ്റ്റ് ടീം: വിരാട് കോഹ്ലി (ക്യാപ്റ്റൻ), രോഹിത് ശർമ (വൈസ് ക്യാപ്റ്റൻ), ലോകേഷ് രാഹുൽ, മായങ്ക് അഗർവാൾ, ചേതേശ്വേർ പുജാര, അജിൻക്യ രഹാനെ, ശ്രേയസ് അയ്യർ, ഹനുമ വിഹാരി, ഋഷഭ് പന്ത്, വൃദ്ധിമാൻ സാഹ, രവിചന്ദ്രൻ അശ്വിൻ, ജയന്ത് യാദവ്, ഇശാന്ത് ശർമ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ശർദുൽ ഠാകുർ, മുഹമ്മദ് സിറാജ്.
സ്റ്റാൻഡ്ബൈ: നവ്ദീപ് സെയ്നി, ദീപക് ചഹാർ, സൗരഭ് കുമാർ, അർസാൻ നാഗ്വസ്വാല.
മൂന്നു ടെസ്റ്റുകളും മൂന്നു ഏകദിനങ്ങളുമാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലുള്ളത്.
ഈമാസം 26നാണ് ആദ്യ ടെസ്റ്റ് തുടങ്ങുക. ജനുവരി 11ന് തുടങ്ങുന്ന ഏകദിന പരമ്പരക്കുള്ള ടീമിനെ പിന്നീട് പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.