നാഗ്പൂർ: ആസ്ട്രേലിയയെ 177 റൺസിന് കറക്കിവീഴ്ത്തി ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിൽ ആദ്യ ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മികച്ച ലീഡിലേക്ക്. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ആതിഥേയർ എഴിന് 321 എന്ന നിലയിലാണ്. ഇതിനകം 144 റൺസിന്റെ ലീഡാണ് സ്വന്തമാക്കിയത്. ക്യാപ്റ്റൻ രോഹിത് ശർമയുടെ സെഞ്ച്വറിയും രവീന്ദ്ര ജദേജ, അക്സർ പട്ടേൽ എന്നിവർ പുറത്താകാതെ നേടിയ അർധ സെഞ്ച്വറികളുമാണ് ഇന്ത്യക്ക് കരുത്തായത്ത്.
ബൗളിങ്ങിനിറങ്ങിയപ്പോൾ ആസ്ട്രേലിയയുടെ അഞ്ച് വിക്കറ്റ് പിഴുത രവീന്ദ്ര ജദേജ ബാറ്റ് കൊണ്ടും നിറഞ്ഞാടി. 120 റൺസെടുത്ത രോഹിത് ശർമയെ പാറ്റ് കമ്മിൻസ് ബൗൾഡാക്കുകയായിരുന്നു. രണ്ട് സിക്സും 15 ഫോറും അടങ്ങിയതായിരുന്നു രോഹിതിന്റെ ഇന്നിങ്സ്. സഹ ഓപണർ കെ.എൽ രാഹുൽ 71 പന്ത് നേരിട്ട് 20 റൺസെടുത്ത് മടങ്ങിയപ്പോൾ വൺഡൗണായി ഇറങ്ങിയ ആർ. അശ്വിന് 23 റൺസെടുക്കാൻ 62 പന്തുകൾ നേരിടേണ്ടിവന്നു. തുടർന്നെത്തിയ ചേതേശ്വർ പൂജാര (ഏഴ്), വിരാട് കോഹ്‍ലി (12) സൂര്യകുമാർ യാദവ് (എട്ട്), ശ്രീകർ ഭരത് (എട്ട്) എന്നിവർക്കൊന്നും കാര്യമായ സംഭാവന നൽകാനായില്ല. എട്ടാം വിക്കറ്റിൽ ജദേജയും (66) അക്സർ പട്ടേലും (52) ചേർന്ന് ഇതുവരെ 81 റൺസ് ചേർത്തിട്ടുണ്ട്.
ആസ്ട്രേലിയക്ക് വേണ്ടി ടോഡ് മർഫി അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ പാറ്റ് കമ്മിൻസ്, നതാൻ ലിയോൺ എന്നിവർ ഓരോ വിക്കറ്റ് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.