റസ്സലിന്റെ ഗംഭീര തിരിച്ചുവരവ്; ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി 20യിൽ വിൻഡീസിന് ജയം

ബ്രിഡ്ജ് ടൗൺ: രണ്ടുവർഷത്തിന് ശേഷം ടീമിൽ തിരിച്ചെത്തിയ ആൻഡ്രെ റസ്സലിന്റെ ആൾറൗണ്ട് മികവിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തിൽ വെസ്റ്റിൻഡീസിന് ജയം. നാല് വിക്കറ്റിനാണ് ആതിഥേയരുടെ ജയം. മൂന്ന് വിക്കറ്റും പുറത്താകാതെ 29 റൺസുമെടുത്ത റസ്സലാണ് വെസ്റ്റിൻഡീസിനെ വിജയത്തിലെത്തിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 19.3 ഓവറിൽ 171 റൺസിന് പുറത്താകുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് 18.1 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 36 റൺസെടുത്ത ഷായ് ഹോപ്പാണ് വിൻഡീസ് ടോപ് സ്കോറർ. ഓപണർമാരായ കെയിൽമേയറും (35) ബ്രാൻഡൻ കിങും (22) മികച്ച തുടക്കമാണ് നൽകിയത്.

15 പന്തിൽ നിന്ന് 31* റൺസെടുത്ത ക്യാപ്റ്റൻ റോവ്മൻ പവലും 14 പന്തിൽ നിന്ന് 29* റൺസെടുത്ത ആൻഡ്രെ റസ്സലും ചേർന്നാണ് ടീമിനെ വിജയത്തിലെത്തിച്ചത്. ഇംഗ്ലണ്ടിന്റെ രഹാൻ അഹമ്മദ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

നേരത്തെ, ഇംഗ്ലണ്ട് ഓപണർമാരായ ഫിൽ സാൾട്ടും (40) നായകൻ ജോസ് ബട്ട്ലറും (39) ചേർന്ന് നൽകിയ മികച്ച തുടക്കമാണ് ഇംഗ്ലണ്ടിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയും റസ്സലും അൽസാരി ജോസഫും ചേർന്ന് ശക്തരായ ഇംഗ്ലണ്ട് ബാറ്റിങ് നിരയ വരിഞ്ഞു മുറുക്കുകയായിരുന്നു.

അഞ്ചു മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയാണ് ഇംഗ്ലണ്ടിന്റെ വെസ്റ്റിൻഡീസ് പര്യടനത്തിനുള്ളത്. നേരത്തെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര (2-1) വെസ്റ്റിൻഡീസ് സ്വന്തമാക്കിയിരുന്നു. 

Tags:    
News Summary - Russell's spectacular return; Windies win the first Twenty20 against England

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.