സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയിൽ ആദ്യ പരമ്പരവിജയമെന്ന സ്വപ്നവുമായി വിരാട് കോഹ്ലിയും സംഘവും ഞായറാഴ്ചയിറങ്ങുന്നു. മൂന്നു ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഉച്ചക്ക് ഒന്നരക്ക് സെഞ്ചൂറിയനിലെ സൂപ്പർ സ്പോർട് പാർക്കിൽ തുടങ്ങും.
ട്വൻറി20യിലും ഏകദിനത്തിലും നായക സ്ഥാനം നഷ്ടപ്പെട്ട വിരാട് കോഹ്ലിക്ക് മത്സരം ഏറെ നിർണായകമാണ്. ടെസ്റ്റ് ക്യാപ്റ്റൻസിക്ക് താൻ അർഹനാണെന്ന് കോഹ്ലിക്ക് തെളിയിക്കാനുള്ള അവസരമാണിത്. രാഹുൽ ദ്രാവിഡ് പരീശിലക സ്ഥാനം ഏറ്റെടുത്തതിനുശേഷമുള്ള ആദ്യ വിദേശ പരീക്ഷണമാണിത്. ദക്ഷിണാഫ്രിക്കയിൽ ഇതുവരെ ജയിക്കാനായിട്ടില്ല എന്ന ചരിത്രം തിരുത്താനാകും കോഹ്ലിയും ദ്രാവിഡും ശ്രമിക്കുക.
പരിക്കേറ്റ രോഹിത് ശർമയുടെയും ശുഭ്മാൻ ഗില്ലിന്റെയും അഭാവം ടീമിൽ നിഴലിക്കും. എന്നാൽ, പകരം ഓപൺ ചെയ്യുന്ന ലോകേഷ് രാഹുലും മായങ്ക് അഗർവാളും ഫോമിലാണെന്നതാണ് ടീമിന് ആശ്വാസം. മധ്യനിരയുടെ ഫോമില്ലായ്മയാണ് ഇന്ത്യക്ക് ആശങ്ക പകരുന്നത്. കോഹ്ലിയും ചേതേശ്വർ പുജാരയും അജിൻക്യ രഹാനെയുമടങ്ങുന്ന പരിചയസമ്പന്നരായ ത്രിമൂർത്തികൾ ഫോമിലേക്കുയർന്നാൽ പിന്നെ ഇന്ത്യക്ക് പേടിക്കാനില്ല.
ഒട്ടും ഫോമിലല്ലാത്ത രഹാനെക്ക് പകരം ശ്രേയസ് അയ്യർക്കോ ഹനുമ വിഹാരിക്കോ അവസരം നൽകുമോ എന്നത് നിർണായകമാവും. ബൗളിങ്ങിൽ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഇശാന്ത് ശർമ, മുഹമ്മദ് സിറാജ്, ശർദുൽ ഠാകുർ, ആർ. അശ്വിൻ എന്നിവരുണ്ട്. സമീപകാലത്തായി വിദേശത്ത് സ്വീകരിച്ചിരുന്ന, അഞ്ചു ബൗളർമാരെ ഇറക്കുന്ന തന്ത്രം ഇന്ത്യ തുടരുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.