ന്യൂഡൽഹി: രണ്ടു പതിറ്റാണ്ട് നീണ്ട കരിയർ അവസാനിപ്പിക്കുന്ന ഇംഗ്ലീഷ് താരം ജെയിംസ് ആൻഡേഴ്സണെ വാഴ്ത്തി സചിൻ ടെണ്ടുൽക്കർ. ‘‘ഹെയ് ജിമ്മീ, 22 വർഷം നീണ്ട അവിശ്വസനീയ സ്പെല്ലുമായി ആരാധകരെ നീ എറിഞ്ഞുവീഴ്ത്തിക്കളഞ്ഞു. നീ പന്തെറിയുന്നത് കാണാൻതന്നെ ചന്തമായിരുന്നു. ആക്ഷൻ, വേഗം, കൃത്യത, സ്വിങ്, ശാരീരിക ഫിറ്റ്നസ്... എല്ലാം. തലമുറകൾക്കാണ് നീ ആവേശം പകർന്നിരിക്കുന്നത്’’ - സചിന്റെ വാക്കുകൾ.
നേരത്തേ തന്റെ കരിയറിൽ പന്തെറിഞ്ഞ ഏറ്റവും മികച്ച താരം സചിനാണെന്ന് ആൻഡേഴ്സൺ അഭിപ്രായപ്പെട്ടിരുന്നു. 2013ലാണ് സചിൻ വിരമിക്കുന്നത്. ഇന്ത്യക്കെതിരെ 39 ടെസ്റ്റിൽ 149 വിക്കറ്റ് ആൻഡേഴ്സണും ഇംഗ്ലണ്ടിനെതിരെ 32 ടെസ്റ്റിൽ 2535 റൺസ് സചിനും നേടിയിട്ടുണ്ട്.
ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രമേറെ തന്റെ പേരിൽ തുന്നിച്ചേർത്താണ് രണ്ടു പതിറ്റാണ്ടിലേറെ നീണ്ട കരിയർ അവസാനിപ്പിച്ച് ജെയിംസ് ആൻഡേഴ്സൺ കളിക്കളമൊഴിഞ്ഞത്. ക്രിക്കറ്റിന്റെ പറുദീസയായ ലോർഡ്സിൽ വെസ്റ്റിൻഡീസിനെ ഇന്നിങ്സിനും 114 റൺസിനും ചുരുട്ടിക്കൂട്ടിയ ദിനത്തിലാണ് 41കാരൻ തന്റെ 188ാം മത്സരത്തിനു ശേഷം ടെസ്റ്റ് ക്രിക്കറ്റിന് തിരശ്ശീലയിട്ടത്. 704 വിക്കറ്റ് നേടിയ ആൻഡേഴ്സൺ ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന പേസ് ബൗളറാണ്.
വെസ്റ്റിൻഡീസിനെതിരായ കളിയുടെ രണ്ടാം ഇന്നിങ്സിൽ 32 റൺസ് വഴങ്ങി ആൻഡേഴ്സൺ മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു. ഏറ്റവുമൊടുവിൽ വെള്ളിയാഴ്ച വിൻഡീസ് താരം ജോഷ്വ ഡ സിൽവയെ ആണ് മടക്കിയത്. ആൻഡേഴ്സണിന്റെ പിൻഗാമിയായി വാഴ്ത്തപ്പെടുന്ന ഗുസ് അറ്കിൻസൺ അവസാന വിൻഡീസ് താരത്തെയും മടക്കി കളി ആധികാരികമായി കൈയിലാക്കിയതിനു പിറകെ പവലിയനിലേക്ക് മടങ്ങിയ ആൻഡേഴ്സണിന് നിറഞ്ഞ ഗാലറിയും സഹതാരങ്ങളും ഒന്നിച്ച് യാത്രയയപ്പ് നൽകി.
708 വിക്കറ്റുമായി കളി നിർത്തിയ ഷെയിൻ വോണിന് നാല് വിക്കറ്റ് അരികെ നിൽക്കെയാണ് ആൻഡേഴ്സണിന്റെ മടക്കം. ഇരുവർക്കും മുന്നിൽ ഒരാൾ മാത്രമാണുള്ളത്- ശ്രീലങ്കൻ സ്പിന്നർ മുത്തയ്യ മുരളീധരൻ മാത്രം. 800 വിക്കറ്റാണ് താരത്തിന്റെ സമ്പാദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.