ന്യൂയോർക്ക്: ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറുടെ ബേസ്ബാൾ ഷോട്ടുകൾ കണ്ട് അദ്ഭുതം കൂറി ന്യൂയോർക്കിലെ ആരാധകക്കൂട്ടം. ട്വന്‍റി20 ലോകകപ്പിലെ ബ്ലോക്ക്ബസ്റ്റർ പോരാട്ടങ്ങളിലൊന്നായ ഇന്ത്യ-പാകിസ്താൻ മത്സരം കാണാനാണ് സചിൻ ന്യൂയോർക്കിലെത്തിയത്.
ഇതിനിടെയാണ് അമേരിക്കയുടെ ജനപ്രിയ കായിക വിനോദങ്ങളിലൊന്നായ ബേസ്ബാളിൽ ഒരു കൈ നോക്കാൻ അദ്ദേഹം തീരുമാനിച്ചത്. ഏറെക്കുറെ ക്രിക്കറ്റിന് സമാനം തന്നെയാണ് ബേസ്ബാളും. മുൻ ഇന്ത്യൻ താരവും പരിശീലകനുമായ രവി ശാസ്ത്രിക്കൊപ്പമായിരുന്നു ബേസ്ബാളിൽ പരീക്ഷണം നടത്തിയത്. രവി ശാസ്ത്രി എറിഞ്ഞ ഏതാനും പന്തുകൾ സചിൻ അനായാസം നേരിട്ടപ്പോൾ, ചുറ്റിലും കൂടിയ ആരാധകക്കൂട്ടത്തിനും ആവേശം.
കാണികൾക്ക് മുന്നിൽ അതിശയിപ്പിക്കുന്ന ഷോട്ടുകൾ കളിച്ച സചിൻ, ബേസ്ബാളിലും താൻ ഒരു സമർഥനാണെന്ന് തെളിയിച്ചു.
ഐ.സി.സിയാണ് ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. പാകിസ്താനെതിരെയുള്ള തന്‍റെ ആദ്യകാല ലോകകപ്പ് അനുഭവവും സചിൻ ഓർത്തെടുത്തു. 1992ലെ ആസ്ട്രേലിയ ലോകകപ്പിലാണ് സചിൻ ആദ്യമായി പാകിസ്താനെതിരെ കളിക്കുന്നത്. ആദ്യ കളിയിൽ അയർലൻഡിനെ ആധികാരികമായി തോൽപ്പിച്ചാണ് രോഹിത് ശർമ നയിക്കുന്ന ഇന്ത്യയുടെ വരവ്. പുതുമുഖങ്ങളും ആതിഥേയരുമായ യു.എസ്.എയോട് തോറ്റതിന്റെ ക്ഷീണം കുറക്കാനാകും ബാബർ അസമിന്റെ നേതൃത്വത്തിലുള്ള പാകിസ്താൻ ശ്രമിക്കുക.
പ്രവചനാതീതമായ പിച്ച് കൂടിയാകുമ്പോൾ അമേരിക്കൻ മണ്ണിൽ വീറുറ്റ പോര് ഉറപ്പാണ്. ഈ ലോകകപ്പിൽ ആദ്യമായി ഗാലറി നിറയുന്ന മത്സരം കൂടിയാകുമിത്. 34,000 പേരെ ഉൾക്കൊള്ളുന്ന സ്റ്റേഡിയത്തിലെ ടിക്കറ്റുകൾ വിറ്റുതീർന്നു. പന്ത് ഏതു വഴിക്കും പോകുന്ന അപകടകരമായ പിച്ചാണ് നസ്സാവുവിലേത്. മൂന്ന് മത്സരങ്ങളിൽ രണ്ട് ടീമുകൾ മാത്രമാണ് ടീം സ്കോർ നൂറു കടത്തിയത്. മുൻ താരങ്ങളടക്കം ഈ പിച്ചിനെ രൂക്ഷമായാണ് വിമർശിച്ചത്. പിച്ചിനെതിരായ ആരോപണം ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിലും (ഐ.സി.സി) സമ്മതിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.