‘‘ക്രിക്കറ്റ് ഒരു മതമാണെങ്കില് സചിന് ദൈവമാണ്.’’ 2009ൽ ഹാർപര്‍ സ്പോര്‍ട്ട് പുറത്തിറക്കിയ പുസ്തകത്തിന്റെ പേരാണിത്. വിജയ് സന്താനവും ശ്യാം ബാലസുബ്രഹ്മണ്യനും ചേര്‍ന്നെഴുതിയ ക്രിക്കറ്റ് ഇതിഹാസം സചിനെക്കുറിച്ചുള്ള പുസ്തകം. ‘സചിൻ... സചിൻ...’ ആവേശം മാനം മുട്ടുന്ന ഇന്ത്യൻ ക്രിക്കറ്റ് മൈതാനങ്ങളിൽ ഇത്രയും ഉച്ചത്തിൽ ഉയർന്നുകേട്ട മറ്റൊരു പേരുണ്ടാവില്ല. ഇതിഹാസ സംഗീതജ്ഞൻ സചിൻ ദേവ് ബർമന്റെ സ്മരണാർഥമാണ് അച്ഛൻ രമേഷ് ടെണ്ടുൽകർ മകന് സചിൻ ടെണ്ടുൽകർ എന്ന പേരിട്ടത്. പിന്നീട് ‘സചിൻ’ എന്ന പേരിലെ ലോകത്തെ ഏറ്റവും അറിയപ്പെട്ട വ്യക്തിയായി ആ സചിൻ മാറിയത് ചരിത്രം. സെഞ്ച്വറികളും ഫിഫ്റ്റികളുമായി ക്രിക്കറ്റ് പോരാട്ടഭൂമിയിൽ വീരപോരാളിയായി കളം നിറഞ്ഞ സചിൻ തന്റെ ജീവിതയാത്രയിലും ഹാഫ് സെഞ്ച്വറി തികക്കുകയാണ്. സചിനോളം പോന്ന ഒരു ഇതിഹാസം ക്രിക്കറ്റിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല. സംഭവബഹുലമായിരുന്നു ആ മഹാപ്രതിഭയുടെ ക്രിക്കറ്റ് കരിയർ. തന്റെ ക്രിക്കറ്റ് വസന്തകാലത്ത് നിരവധി തലമുറകളെ ആവേശക്കൊടുമുടി കയറ്റിയ സചിൻ ഒരാവേശമായി കോടിക്കണക്കിനു ജനങ്ങളുടെ ഹൃദയത്തിൽ ഇന്നും ഇന്നിങ്സ് നോട്ടൗട്ടാണ്.
തന്റെ പതിനാറാം വയസ്സിൽ അരങ്ങേറ്റം കുറിച്ച ലിറ്റിൽ മാസ്റ്റർ പിന്നീട് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മാസ്റ്റർ ബ്ലാസ്റ്ററായി ഉയരുമ്പോൾ മൈതാനത്ത് അദ്ദേഹത്തോട് മത്സരിക്കുന്നവർ ബഹുദൂരം പിന്നിലായിരുന്നു. തീതുപ്പുന്ന ബൗളിങ്ങുമായി അതിവേഗ ബൗളർമാരും കറക്കിയെറിയുന്ന സ്പിൻ മാന്ത്രികരും പിടിച്ചുകെട്ടാൻ ശ്രമിച്ചിട്ടും ആ മഹാപ്രതിഭ കീഴടങ്ങാൻ തയാറായിരുന്നില്ല. 23കാരനായ മകൻ അർജുൻ ടെണ്ടുൽകർ ഐ.പി.എല്ലിൽ മുംബൈക്കായി കളിക്കുമ്പോൾ 50കാരനായ സചിൻ ക്രിക്കറ്റ് ലോകത്ത് ഇന്നും പുഞ്ചിരിയുടെ സന്തോഷ സാന്നിധ്യമാണ്. സ്കൂൾ ക്രിക്കറ്റ് ടൂർണമെന്റായ ഹാരിസ് ഷീൽഡിൽ വിനോദ് കാംബ്ലിയുമായി ചേർന്ന് നേടിയ 664 റൺസിന്റെ കൂട്ടുകെട്ടിനു ശേഷമാണ് സചിൻ ആദ്യമായി രാജ്യവ്യാപക ശ്രദ്ധ നേടിയത്. രഞ്ജി, ദുലീപ്, ഇറാനി ട്രോഫി മത്സരങ്ങളിൽ അരങ്ങേറ്റത്തിൽ തന്നെ സെഞ്ച്വറി നേടുന്ന ആദ്യ ക്രിക്കറ്റ് താരമായും സചിൻ ശ്രദ്ധനേടി. പിന്നീട് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചതോടെ ലോകം സാക്ഷ്യംവഹിച്ചത് ഒരു മഹാപ്രതിഭയുടെ സമാനതകളില്ലാത്ത പ്രകടനങ്ങൾക്കാണ്. 24 വർഷത്തെ തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയർ അവസാനിക്കുമ്പോൾ 200 ടെസ്റ്റ് മത്സരങ്ങളിൽനിന്ന് 15,921 റൺസും 463 ഏകദിനങ്ങളിൽനിന്ന് 18,426 റൺസും തികക്കാനായി. 25 വയസ്സ് തികയുന്നതിനു മുമ്പുതന്നെ 16 ടെസ്റ്റ് സെഞ്ച്വറികൾ തികക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
സചിൻ ടെണ്ടുൽകറുടെ മുന്നിൽ റെക്കോഡുകൾക്ക് പിടിച്ചുനിൽക്കൽ അത്ര എളുപ്പമായിരുന്നില്ല. ക്രിക്കറ്റ് ചരിത്രത്തിൽ ഒരു ബാറ്റ്സ്മാന് എത്തിപ്പിടിക്കാവുന്ന എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയാണ് മാസ്റ്റർ ബ്ലാസ്റ്റർ ‘ഇന്നിങ്സ്’ മതിയാക്കിയത്. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതൽ റൺസ് നേടിയ താരം, അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 സെഞ്ച്വറികൾ തികച്ച ഏക ബാറ്റ്സ്മാൻ, ടെസ്റ്റിലും ഏകദിനത്തിലും കൂടുതൽ സെഞ്ച്വറികൾ, അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം അർധസെഞ്ച്വറികൾ, 50 അന്താരാഷ്ട്ര സെഞ്ച്വറികൾ നേടിയ ആദ്യ ക്രിക്കറ്റ് താരം, ഏറ്റവും കൂടുതൽ ബൗണ്ടറികൾ നേടിയ താരം തുടങ്ങി റെക്കോഡുകളുടെ നിലക്കാത്ത പ്രവാഹമായിരുന്നു അദ്ദേഹത്തിന്റെ ബാറ്റിൽനിന്ന് പിറന്നത്. 2008ൽ ബ്രയാൻ ലാറയെ മറികടന്നാണ് സചിൻ ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് സ്കോററായി മാറിയത്. 2010 ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിനത്തിൽ സചിൻ തന്റെ ആദ്യ ഇരട്ട സെഞ്ച്വറി നേടി. 2004 ഡിസംബറിൽ ബംഗ്ലാദേശിനെതിരെ പുറത്താകാതെ 248 റൺസാണ് ടെസ്റ്റിലെ അദ്ദേഹത്തിന്റെ ഉയർന്ന സ്കോർ. 2012ലാണ് സചിൻ ഏകദിനത്തിൽനിന്ന് വിരമിച്ചത്. 2013ൽ അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. സചിന്റെ അവസാന ടെസ്റ്റ് മത്സരം വെസ്റ്റിൻഡീസിനെതിരെ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് നടന്നത്. 2014ൽ രാജ്യം പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത് രത്ന നൽകി സചിനെ ആദരിച്ചിരുന്നു. 2012 മുതൽ 2018 വരെ രാജ്യസഭാംഗത്വവും വഹിച്ചു.
അച്ഛനും മകനും ഐ.പി.എൽ കളിച്ച റെക്കോഡും സചിന്റെ കുടുംബത്തിലേക്കാണ് വന്നെത്തിയത്. 23കാരനായ അർജുൻ ടെണ്ടുൽകർ പിതാവ് സചിൻ ടെണ്ടുൽകർ കളിച്ച അതേ ടീമായ മുംബൈ ഇന്ത്യൻസിന്റെ താരമാണ്.
നിലവിൽ ഐ.പി.എല്ലിൽ മൂന്ന് കളികളിൽനിന്നായി രണ്ടു വിക്കറ്റ് നേടിയിട്ടുണ്ട് അർജുൻ. കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്നെങ്കിലും അർജുന് അവസരം ലഭിച്ചിരുന്നില്ല. ഐ.പി.എൽ പോരാട്ടത്തിനിടെ മുംബൈ ഇന്ത്യൻസിന്റെ നേതൃത്വത്തിൽ സചിൻ ടെണ്ടുൽകർ വാംഖഡെയിൽ കേക്ക് മുറിച്ച് അമ്പതാം പിറന്നാൾ ആഘോഷിച്ചിരുന്നു. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ആദ്യ ഇന്നിങ്സിലെ ഇടവേള സമയത്ത് മുംബൈ ഇന്ത്യൻസിന്റെ ഡഗൗട്ടിന് സമീപം കേക്ക് മുറിച്ചായിരുന്നു ആഘോഷം. പ്രായം 50ൽ എത്തിയതാണ് തന്റെ ഏറ്റവും വേഗത കുറഞ്ഞ അർധസെഞ്ച്വറിയെന്നും ആഘോഷവേളയിൽ സചിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.