ദുബൈ: ഇന്ത്യ-പാകിസ്താൻ മത്സരത്തിന് മുന്നോടിയായി സോഷ്യൽ മീഡിയയിൽ നിന്ന് അപ്രത്യക്ഷയായിരുന്നു ടെന്നിസ് താരം സാനിയ മിർസ. മുമ്പ് പലതവണ പാകിസ്തനുമായി മത്സരം നടക്കുേമ്പാൾ നേരിട്ട അധിക്ഷേപങ്ങളുടെ വെളിച്ചത്തിലായിരുന്നു അവർ സോഷ്യൽ മീഡിയയിൽ നിന്ന് അകലം പാലിച്ചത്.
എന്നാൽ ഇന്തോ-പാക് മത്സരം കഴിഞ്ഞ ശേഷവും കാര്യങ്ങൾ അവിടെ അവസാനിച്ചില്ല. ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ആസ്ട്രേലിയ-പാകിസ്താൻ സെമിഫൈനൽ കാണാൻ സാനിയയും എത്തിയിരുന്നു. ഭർത്താവും പാകിസ്താൻ ക്രിക്കറ്റ് താരവുമായ ശുഐബ് മാലിക്കിന്‍റെ കളി കാണാനാണ് സാനിയ സ്റ്റേഡിയത്തിലെത്തിയത്.
ടെസ്റ്റ്, ഏകദിനങ്ങളിൽ നിന്ന് നേരത്തെ വിരമിച്ച മാലിക് ഇപ്പോൾ ട്വന്‍റി20യിൽ മാത്രമാണ് പാഡണിയുന്നത്. അന്താരാഷ്ട്ര കരിയറിന്‍റെ അവസാന ഘട്ടത്തിലെത്തി നിൽക്കുന്ന മാലിക്കിനായി ആർപ്പുവിളിക്കാനായി ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തിലെത്തിയ ചിത്രം പുറത്തുവന്നതോടെ ട്വിറ്ററിൽ 34കാരി വീണ്ടും ചർച്ചാവിഷയമായി. പാകിസ്താൻ-ആസ്ട്രേലിയ സെമിഫൈനൽ പുരോഗമിക്കവേ സാനിയ മിർസ ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങായി.
ആസട്രേലിയക്കെതിരായ മത്സരത്തിൽ പാകിസ്താനെ പിന്തുണച്ചുവെന്ന് കാണിച്ച് സാനിയ മിർസക്കെതിരെ വിദ്വേഷപ്രചാരണം അരങ്ങേറുകയായിരുന്നു സാമൂഹിക മാധ്യമങ്ങളിൽ.
സാനിയ എന്തിനാണ് പാകിസ്താനെ പിന്തുണക്കുന്നതെന്ന് ചില ഇന്ത്യൻ ആരാധകർ ചോദിക്കുന്നത്. സാനിയയെ കായിക മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് എന്തിനാണെന്ന് വിശദീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അമിത് ഷായോടും ചില ട്വിറ്റർ ഉപയോക്താക്കൾ ചോദിക്കുന്നുണ്ട്.
പാകിസ്താനെ പിന്തുണച്ചതിന് അവരെ രാജ്യദ്രോഹിയാക്കി ചിത്രീകരിക്കുകയും സൈബർ ആക്രമണം നടത്തുകയും ചെയ്യുന്നതിനെതിരെ ഒരുപറ്റമാളുകൾ അപലപിച്ചു. തന്‍റെ ഭർത്താവായ ശുഐബ് മാലിക്കിന്‍റെ ടീമിനെ പിന്തുണക്കാനുള്ള അവകാശം അവർക്കില്ലേയെന്ന് ചിലർ ചോദിക്കുന്നുണ്ട്.
മത്സരത്തിൽ അഞ്ചുവിക്കറ്റിന് തോറ്റ് പാകിസ്താൻ മടങ്ങിയിരുന്നു. മുഹമ്മദ് റിസ്വാന്റെ (52 പന്തിൽ 67) മികവിൽ ആദ്യം ബാറ്റുചെയ്ത പാകിസ്താൻ 177 റൺസ് പടുത്തുയർത്തി. എന്നാൽ മാർകസ് സ്റ്റോയ്നിസിന്റെയും (31 പന്തിൽ 40 നോട്ടൗട്ട്) മാത്യു വെയ്ഡ് (17പന്തിൽ 41 നോട്ടൗട്ട്) പോരാട്ടവീര്യത്തിന്‍റെ മികവിൽ ഓസീസ് പാക് വെല്ലുവിളി മറികടന്നു. പാകിസ്താനെ കീഴടക്കിയ ആസ്ട്രേലിയ ഫൈനലിൽ ന്യൂസിലൻഡിനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.