ഡർബൻ വെടിക്കെട്ടിൽ സഞ്ജുവിന്‍റെ പെട്ടി നിറയെ റെക്കോഡുകൾ

സിക്സറുകൾ തീമഴയായി പ്രവഹിച്ച ബാറ്റിങ് വെടിക്കെട്ടിൽ ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ട്വന്‍റി20യിൽ സഞ്ജു സാംസൺ സ്വന്തമാക്കിയത് ഒട്ടേറെ റെക്കോഡുകൾ. 50 പന്തിൽ 107 റൺസ് നേടിയ സഞ്ജുവിന്‍റെ ബാറ്റിങ് കരുത്തിൽ 61 റൺസിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. 10 കൂറ്റൻ സിക്സറുകളുടെയും ഏഴ് ബൗണ്ടറികളുടെയും അകമ്പടിയോടെയായിരുന്നു സഞ്ജുവിന്‍റെ സെഞ്ചുറി നേട്ടം. കളിയിലെ താരവും സഞ്ജുവാണ്. 

സഞ്ജു പെട്ടിയിലാക്കിയ റെക്കോഡുകൾ

  • അന്താരാഷ്ട്ര ട്വന്‍റി20യിൽ തുടരെ രണ്ട് സെഞ്ച്വറി നേടുന്ന നാലാമത്തെ താരവും ആദ്യ ഇന്ത്യക്കാരനുമായി സഞ്ജു മാറി. സഞ്ജുവിന് മുൻപ് ഗുസ്താവോ മക്കെയോൺ, റിലീ റൂസോ, ഫിൽ സാൾട്ട് എന്നിവർ മാത്രമാണ് തുടരെ രണ്ട് തവണ നൂറിൽ തൊട്ടത്. ഒക്ടോബർ 12ന് ഹൈദരാബാദിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ 47 പന്തിൽ നിന്ന് 111 റൺസായിരുന്നു സഞ്ജു നേടിയത്.
  • ട്വന്‍റി20യിൽ ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ചുറി നേടുന്ന നാലാമത്തെ ഇന്ത്യൻ താരമായി സഞ്ജു. സുരേഷ് റെയ്ന, രോഹിത് ശർമ, സൂര്യകുമാർ യാദവ് എന്നിവരാണ് ഈ പട്ടികയിൽ മുന്നിലുള്ളവർ.
  • ദക്ഷിണാഫ്രിക്കക്കെതിരെ ട്വന്‍റി20യിൽ ഇന്ത്യൻ താരത്തിന്‍റെ ഏറ്റവുമുയർന്ന വ്യക്തിഗത സ്കോർ സഞ്ജുവിന്‍റേതായി. 2015ൽ ധർമശാലയിൽ രോഹിത് ശർമ നേടിയ 106 റൺസ് എന്ന റെക്കോഡാണ് സഞ്ജു മറികടന്നത്.
  • ദക്ഷിണാഫ്രിക്കക്കെതിരെ ട്വന്‍റി20യിൽ അവരുടെ മണ്ണിൽ ഇന്ത്യൻ താരം നേടുന്ന ഏറ്റവുമുയർന്ന സ്കോർ സഞ്ജുവിന്‍റേതായി (107). 2023 ഡിസംബറിൽ ജൊഹന്നാസ് ബർഗിൽ സൂര്യകുമാർ യാദവ് നേടിയ 100 റൺസ് റെക്കോഡാണ് സഞ്ജു പിന്നിലാക്കിയത്.
  • ദക്ഷിണാഫ്രിക്കക്കെതിരെ ട്വന്‍റി20യിൽ ഏറ്റവുമുയർന്ന സ്കോർ നേടുന്ന നാലാമത്തെ താരമായി സഞ്ജു. ബാബർ അസം (122), ജോൺസൺ ചാൾസ് (118), ക്രിസ് ഗെയിൽ (117) എന്നിവരാണ് മുന്നിലുള്ളവർ.
  • വിക്കറ്റ് കീപ്പറെന്ന നിലയിൽ രണ്ട് ട്വന്‍റി20 സെഞ്ചുറികൾ നേടുന്ന രണ്ടാമത്തെ അന്താരാഷ്ട്ര താരമാണ് സഞ്ജു. സെർബിയയുടെ ലെസ്ലി അഡ്രിയാനാണ് ഇക്കാര്യത്തിൽ സഞ്ജുവിനൊപ്പമുള്ളത്.
  • ഒരു ട്വന്‍റി20 ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന ഇന്ത്യൻ താരമെന്ന റോക്കോഡ് രോഹിത് ശർമയോടൊപ്പം പങ്കിട്ടു. ഇരുവരും 10 വീതം സിക്സറുകളാണ് നേടിയത്. ഒമ്പത് സിക്സർ നേടിയ സൂര്യകുമാർ യാദവാണ് മൂന്നാമത്.
  • ട്വന്‍റി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ 50ലേറെ റൺസ് സ്വന്തമാക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറായി സഞ്ജു. മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണിയേയും റിഷഭ് പന്തിനേയുമാണ് ഡർബനിലെ 107 റൺസ് പ്രകടനത്തിലൂടെ മറികടന്നത്.
  • ഇന്ത്യക്കായി ഏറ്റവും കൂടുതൽ തവണ കളിയിലെ താരമാകുന്ന വിക്കറ്റ് കീപ്പർ എന്ന റെക്കോഡും സഞ്ജു സ്വന്തമാക്കി. 


ഡർബനിലെ കിങ്സ്മീഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പ്രോട്ടീസ് ബോളർമാരുടെ ആത്മവീര്യം തച്ചുടച്ചാണ് സഞ്ജു 107 റൺസ് അടിച്ചുകൂട്ടിയത്. തിലക് വർമ (33), ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (21) എന്നിവർ പിന്തുണയേകി. നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 202 റൺസാണ് ഇന്ത്യ നേടിയത്. മറുപടി ബാറ്റിങ്ങിൽ 17.5 ഓവറിൽ 141 റൺസിന് ദക്ഷിണാഫ്രിക്ക പുറത്തായി. നാല് മത്സരങ്ങളുടെ പരമ്പരയിൽ രണ്ടാമത്തെ മത്സരം ഞായറാഴ്ച നടക്കും. 

Tags:    
News Summary - Sanju Samson breaks list of records in Durban T20I blitz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.