പ്ലെയിങ് ഇലവനിലില്ല; ‘ഒമ്പതാം നമ്പർ ജഴ്സിയിൽ സഞ്ജു’ ഗ്രൗണ്ടിൽ; ആശയക്കുഴപ്പത്തിലായി ആരാധകർ

ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഒരുക്കുന്നതിൽ വെസ്റ്റിൻഡീസിനെതിരായ പരമ്പര ഏറെ നിർണായകമാകും. ഏറെ പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും മലയാളി താരം സഞ്ജു സാംസണ് പ്ലെയിങ് ഇലവനിൽ ഇടം കിട്ടാത്തത് ആരാധകരെ തെല്ലൊന്നുമല്ല നിരാശരാക്കിയത്.

ടോസിന് ശേഷം സഞ്ജു ടീമിലില്ലെന്ന് മനസ്സിലായതോടെ ആരാധകർ സമൂഹ മാധ്യമങ്ങളിൽ വിമർശന പോസ്റ്റുകളുമായി സജീവമാകുന്നതാണ് കണ്ടത്. ഇതിനിടെ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബൗളിങ് തെരഞ്ഞെടുത്തു. ആതിഥേയരെ ബാറ്റിങ്ങിന് അയക്കുകയും ചെയ്തു. വിക്കറ്റ് കീപ്പറായി ഇഷാൻ കിഷനാണ് ടീമിലുണ്ടായിരുന്നത്.

എന്നാൽ, ഇന്ത്യൻ താരങ്ങൾ ഗ്രൗണ്ടിലിറങ്ങിയപ്പോൾ സഞ്ജുവിന്‍റെ പേരെഴുതിയ ഒമ്പതാം നമ്പർ ജഴ്സിയണിഞ്ഞ് ഒരു താരം. ഒരുവേള ആരാധകരെല്ലാം ആശയക്കുഴപ്പത്തിലായി. പ്ലെയിങ് ഇലവനിൽ ഇടമില്ലാത്ത സഞ്ജു എങ്ങനെ ഗ്രൗണ്ടിലെത്തിയെന്നായി പലരുടെയും സംശയം. എന്നാൽ, സൂര്യകുമാർ യാദവ് കളിക്കാനെത്തിയത് സഞ്ജുവിന്‍റെ ജഴ്സിയണിഞ്ഞായിരുന്നു.

സൂര്യ സഞ്ജുവിന്‍റെ ജഴ്സി ധരിച്ച് കളിക്കാനിറങ്ങിയതിന്‍റെ കാരണം വ്യക്തമാല്ല. സൂര്യയെ കളിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു സഞ്ജുവിനെ പ്ലെയിങ് ഇലവനിൽനിന്ന് തഴഞ്ഞത്. ഇതിനിടെ പ്രിയതാരത്തിന്‍റെ ജഴ്സി ധരിച്ച് കളിക്കുന്ന സൂര്യകുമാർ യാദവിനെ കൂടി കണ്ടപ്പോൾ ആരാധകരുടെ രോഷം ഇരട്ടിയായി.

കഴിഞ്ഞ വർഷം നവംബറിലാണ് സഞ്ജു ഇന്ത്യക്കായി അവസാന ഏകദിനം കളിച്ചത്. ന്യൂസിലൻഡിനെതിരെ ഓക്ക്ലൻഡിലായിരുന്നു മത്സരം. വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലൂടെ താരം ടീമിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. അതേസമയം, ആദ്യ ഏകദിനത്തിൽ ഇന്ത്യൻ ബൗളിങ്ങിനു മുന്നിൽ ചീട്ടുകൊട്ടാരം കണക്കെ വെസ്റ്റീൻഡീസ് ബാറ്റർമാർ തകർന്നടിഞ്ഞു.

ആതിഥേയർ 23 ഓവറിൽ 114 റൺസിന് പുറത്തായി. ഇന്ത്യക്കായി കുൽദീപ് യാദവ് നാലു വിക്കറ്റും രവീന്ദ്ര ജദേജ മൂന്നു വിക്കറ്റും വീഴ്ത്തി. വീൻഡീസ് നിരയിൽ നായകൻ ഷായ് ഹോപിനു മാത്രമാണ് അൽപമെങ്കിലും പിടിച്ചുനിൽക്കാനായത്. 45 പന്തിൽ 43 റൺസെടുത്ത് ടീമിന്‍റെ ടോപ് സ്കോററായി. നാലുപേർക്ക് മാത്രമാണ് രണ്ടക്കം കാണാനായത്.

Tags:    
News Summary - Sanju Samson Dropped Or Playing? Star Makes 'Comeback' On Field In First ODI vs West Indies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.