സഞ്ജു സാംസൺ

മണിക്കൂറുകളോളം നെറ്റ്സിൽ പരിശീലിച്ച് സഞ്ജു; ബംഗ്ലാദേശിനെതിരെ കളിക്കുമോ?

ബ്രിജ്ടൗൺ: ആരാധക പ്രതീക്ഷകൾ വാനോളമുയർത്തിയാണ് മലയാളി താരം സഞ്ജു സാംസൺ ട്വന്‍റി20 ലോകകപ്പ് ടീമിൽ ഇടം നേടിയത്. എന്നാൽ ടീമിനൊപ്പം അമേരിക്കൻ വൻകരയിലെത്തിയ സഞ്ജുവിനെ ആകെ കളിപ്പിച്ചത് സന്നാഹ മത്സരത്തിൽ മാത്രമാണ്. ഐ.പി.എല്ലിലെ മിന്നുന്ന പ്രകടനമികവ് ലോകകപ്പിലും താരം ആവർത്തിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ആദ്യ ഇലവനിൽ ഇറക്കാതെയുള്ള പരീക്ഷണം. മധ്യനിര ബാറ്ററായി കളിക്കാൻ ഏറെ യോഗ്യനായ താരമാണ് സഞ്ജുവെന്ന് ക്രിക്കറ്റ് വിദഗ്ധരും മുൻതാരങ്ങളും ഉൾപ്പെടെ പറയുകയും ചെയ്തു.

സൂപ്പർ എട്ടിൽ ഇന്ന് ഇന്ത്യ ബംഗ്ലാദേശിനെ നേരിടാൻ ഒരുങ്ങുമ്പോൾ, അന്തിമ ഇലവനിൽ മാറ്റം വരാമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. കഴിഞ്ഞ ദിവസം പരിശീലനത്തിനിറങ്ങിയ സഞ്ജു മണിക്കൂറുകളോളം നെറ്റ്സിൽ ചെലവഴിച്ചതോടെ മധ്യനിരയിൽ അഴിച്ചുപണി നടന്നേക്കുമെന്ന അഭ്യൂഹവും ശക്തമായി. കോച്ച് രാഹുൽ ദ്രാവിഡും ക്യാപ്റ്റൻ രോഹിത്തും ഒന്നും പറഞ്ഞില്ലെങ്കിലും, ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ശിവം ദുബെയെ ഇന്ന് പുറത്തിരുത്തിയേക്കുമെന്നാണ് സൂചന. ഋഷഭ് പന്ത് വിക്കറ്റ് കീപ്പറായി തുടരുന്ന സാഹചര്യത്തിൽ സ്പെഷലിസ്റ്റ് ബാറ്ററായാവും സഞ്ജു കളത്തിലിറങ്ങുക.

കഴിഞ്ഞ മത്സരങ്ങളിൽ നായകൻ രോഹിത് ശർമക്കൊപ്പം ഓപ്പണറായെങ്കിലും ഫോം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് സൂപ്പർ താരം വിരാട് കോഹ്‌ലി. കോഹ്‌ലിയെ മാറ്റി യശ്വസ്വി ജയ്സ്വാളിനെ ഓപ്പണറാക്കണമെന്ന് ആവ‍ശ്യമുയരുന്നുണ്ടെങ്കിലും അതിന് സാധ്യത കുറവാണ്. മധ്യനിരയിൽ രവീന്ദ്ര ജദേജക്കും ടൂർണമെന്‍റിൽ ഫോമിലെത്താനായിട്ടില്ല. ഓപ്പണർമാർക്കൊപ്പം ജഡ്ഡുവും ഇന്നലെ ഏറെ നേരം പരിശീലനത്തിൽ ഏർപ്പെട്ടു. മധ്യനിരയിൽ സൂര്യകുമാറും ഹാർദിക് പാണ്ഡ്യയും ഫോമിലേക്ക് ഉയർന്നത് ടീമിന് ആത്മവിശ്വാസം പകരുന്നുണ്ട്.

ജസ്പ്രീത് ബുമ്ര നേതൃത്വം നൽകുന്ന ബോളിങ് നിര ടൂർണമെന്‍റിൽ മികച്ച പ്രകടനവുമായി മുന്നേറുന്നുണ്ട്. അർഷ്ദീപ് സിങ്ങും അക്ഷർ പട്ടേലും അവസരത്തിനൊത്ത് ഉയരുമ്പോൾ ഇന്ത്യക്ക് അനായസം വിക്കറ്റുകൾ നേടാനും സ്കോറിങ് റേറ്റ് നിയന്ത്രിക്കാനും കഴിയുന്നു. ചൈനാമാൻ സ്പിന്നർ കുൽദീപ് യാദവ് അപ്രതീക്ഷിത ബൗൺസും ടേണും കൊണ്ട് ബാറ്റർമാരെ ഞെട്ടിക്കുന്നുണ്ടെങ്കിലും ഡെത്ത് ഓവറുകളിൽ റൺ വഴങ്ങുന്നുണ്ടെന്ന് വിമർശനമുയരുന്നു. കുൽദീപിന് പകരം പേസർ മുഹമ്മദ് സിറാജിനെ ഇന്നത്തെ മത്സരത്തിൽ കളിപ്പിക്കാൻ സാധ്യതയുണ്ട്. ഇവർക്കൊപ്പം ഹാർദിക്കും ജദേജയും കൂടി ചേരുന്നതോടെ ബോളിങ് ഡിപ്പാർട്ട്മെന്‍റിന് കരുത്തേറുന്നു.

ഇന്ത്യയുടെ സാധ്യതാ ഇലവൻ: രോഹിത് ശര്‍മ, വിരാട് കോലി, ഋഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ഹാർദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജദേജ, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്. സൂപ്പർ എട്ടിൽ ഇന്ന് ഇന്ത്യക്ക് രണ്ടാം മത്സരമാണ്. ആദ്യ മത്സരത്തിൽ അഫ്ഗാനെ 47 റൺസിന് പരാജയപ്പെടുത്തിയതിന്‍റെ ആത്മവിശ്വാസവുമായാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. ബംഗ്ലാദേശിനെതിരെ ജയിച്ചാൽ സെമി പ്രവേശം കൂടുതൽ എളുപ്പമാകും. 

Tags:    
News Summary - Sanju Samson to finally get a chance? Will Shivam Dube be dropped? India's likely XI vs Bangladesh in T20 World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.