ഹാർദിക്കും പന്തുമല്ല! സഞ്ജു ഇന്ത്യയുടെ അടുത്ത ട്വന്‍റി20 നായകനാകണമെന്ന് മുൻ സ്പിൻ ഇതിഹാസം

ഐ.പി.എൽ നടപ്പു സീസണിൽ മലയാളി താരം സഞ്ജു സാംസണിന്‍റെ ക്യാപ്റ്റൻസിയിൽ രാജസ്ഥാൻ റോയൽസ് തകർപ്പൻ പ്രകടനവുമായി ആരാധകരുടെ മനംകവരുകയാണ്. എവേ മത്സരത്തിനു പിന്നാലെ സ്വന്തം തട്ടകമായ ജയ്പൂരിലും പേരുകേട്ട മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

എട്ടു മത്സരങ്ങളിൽനിന്ന് ഏഴു ജയവുമായി 14 പോയന്‍റാണ് രാജസ്ഥാന്. ടീമിന്‍റെ പ്രകടനത്തിനു പിന്നിൽ സഞ്ജുവിന്‍റെ ക്യാപ്റ്റൻസി തന്ത്രങ്ങളും ഏറെ പ്രശംസിക്കപ്പെടുന്നുണ്ട്. ബാറ്റിങ്ങിലും വിക്കറ്റിനു പിന്നിലും മികച്ച ഫോമിലുള്ള സഞ്ജുവിനെ ട്വന്‍റി20 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണമെന്ന മുറവിളിയും ശക്തമാണ്. ട്വന്‍റി20 ലോകകപ്പിലേക്കുള്ള ഇന്ത്യൻ സ്ക്വാഡിൽ ഏറ്റവും കടുത്ത മത്സരം നടക്കുന്നതും വിക്കറ്റ് കീപ്പർക്കുവേണ്ടിയാണ്.

കെ.എൽ രാഹുലിനു പുറമെ, ഡൽഹി നായകൻ ഋഷഭ് പന്ത്, മുംബൈ ഇന്ത്യൻസിന്‍റെ ഇഷാൻ കിഷൻ എന്നിവരെല്ലാം വിക്കറ്റ് കീപ്പർമാരുടെ സാധ്യത പട്ടികയിൽ മുൻനിരയിലുണ്ട്. ഇതിനിടെയാണ് സഞ്ജുവിനെ പിന്തുണച്ച് മുൻ ഇന്ത്യൻ സ്പിൻ ഇതിഹാസം ഹർഭജൻ സിങ് രംഗത്തെത്തിയത്. സഞ്ജുവിനെ ലോകകപ്പ് ടീമിൽ എടുക്കണം എന്നുമാത്രമല്ല, ഇന്ത്യൻ ട്വന്‍റി20 ടീമിന്‍റെ അടുത്ത നായകനാക്കണമെന്ന് ഹർഭജൻ അൽപം കടന്നുപറയുക കൂടി ചെയ്തിരിക്കുന്നു.

ലോകകപ്പ് സ്ക്വാഡിൽ സഞ്ജുവിന്‍റെ സ്ഥാനത്തെ കുറിച്ച് ഇനിയൊരു ചർച്ചയുടെ ആവശ്യമില്ലെന്നും രോഹിത് ശർമക്കുശേഷം ഇന്ത്യയുടെ അടുത്ത ട്വന്‍റി20 നായകനായി അദ്ദേഹത്തെ പരിഗണിക്കണമെന്നുമാണ് ഹർഭജൻ പറഞ്ഞിരിക്കുന്നത്. മുംബൈക്കെതിരെ സെഞ്ച്വറിയുമായി തിളങ്ങിയ യുവതാരം യശസ്വി ജയ്സ്വാളിനെയും അദ്ദേഹം പ്രശംസിച്ചു. ‘യശസ്വി ജയ്‌സ്വാളിന്‍റെ ക്ലാസ് ബാറ്റിങ് സ്ഥിരതക്കുള്ള തെളിവാണ്, ഫോം താൽക്കാലികമാണ്. വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനെ കുറിച്ച് ഒരു ചർച്ചയും ആവശ്യമില്ല, ട്വന്‍റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് സഞ്ജുവിനെ പരിഗണിക്കണം, കൂടാതെ രോഹിത്തിന് ശേഷം ഇന്ത്യയുടെ അടുത്ത ട്വന്‍റി20 നായകനാക്കണം’ -ഹർഭജൻ എക്സിൽ കുറിച്ചു.

സീസണിൽ രാജസ്ഥാൻ റോയൽസിന്‍റെ റൺവേട്ടക്കാരിൽ രണ്ടാമനാണ് സഞ്ജു. എട്ടു മത്സരങ്ങളിൽനിന്ന് 314 റൺസാണ് താരം നേടിയത്. 62.80 ആണ് ശരാശരി. സ്ട്രൈക്ക് റേറ്റ് 152.42. മൂന്നു അർധ സെഞ്ച്വറികളും താരത്തിന്‍റെ പേരിലുണ്ട്. 83 ആണ് ഉയർന്ന സ്കോർ. മുംബൈക്കെതിരായ മത്സരത്തിൽ ഒമ്പത് വിക്കറ്റിന്‍റെ ജയമാണ് രാജസ്ഥാൻ നേടിയത്. ആദ്യം ബാറ്റ് ചെയ്ത് മുംബൈ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 179 റൺസെടുത്തു. രാജസ്ഥാൻ 18.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ല‍ക്ഷ്യത്തിലെത്തി. നാല് ഓവറിൽ 18 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത പേസർ സന്ദീപ് ശർമയുടെ ഉജ്വല ബൗളിങ്ങും രാജസ്ഥാൻ വിജയത്തിൽ നിർണായകമായി.

Tags:    
News Summary - Sanju Samson should be groomed as India’s next T20I captain -Harbhajan Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.