സഞ്ജു സാംസണ്‍ ഉള്‍പ്പടെ നിരവധി താരങ്ങളാണ് ഇന്ത്യന്‍ ടീമില്‍ സ്ഥാനം പ്രതീക്ഷിച്ച് പുറത്ത് നില്‍ക്കുന്നത്. പ്രതിഭകളുടെ ആധിക്യം ഇന്ത്യന്‍ ക്രിക്കറ്റിലുണ്ടെന്ന് പറയാം. ഐ.പി.എല്‍ ക്രിക്കറ്റിന്റെ വരവോടെ കൂടുതല്‍ ആഭ്യന്തര താരങ്ങള്‍ക്ക് അവരുടെ മികവ് പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായ സഞ്ജു സാംസണ്‍ ബാറ്റിങ്ങിലും വിക്കറ്റ് കീപ്പിങ്ങിലും ക്യാപ്റ്റന്‍സിയിലും ഒരുപോലെ മികവ് തെളിയിച്ചു കഴിഞ്ഞു. എന്നാല്‍, ഐ.സി.സി ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുന്ന കാര്യം സംശയമാണ്. ഒക്ടോബറില്‍ ആസ്‌ട്രേലിയയില്‍ നടക്കുന്ന ലോകകപ്പിലേക്കുള്ള ടീമിനെ ഏതാണ്ട് സെലക്ട് ചെയ്തു കഴിഞ്ഞുവെന്ന് തന്നെ പറയാം.
ഇനി ലോകകപ്പിന് ശേഷം നോക്കിയാല്‍ മതി. കാരണം, ലോകകപ്പോടെ കുറച്ച് താരങ്ങള്‍ ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കും. ആ താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് കാര്‍ത്തിക്ക് സൂപ്പര്‍ ഫിനിഷര്‍ എന്ന നിലക്ക് ലോകകപ്പ് ടീമിൽ ഇടംപിടിക്കാനാണ് സാധ്യത. കഴിഞ്ഞ ഐ.പി.എല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി തകര്‍പ്പന്‍ പ്രകടനമായിരുന്നു കാര്‍ത്തിക്കിന്റേത്. ഇത് ഇന്ത്യയുടെ ടി20 ടീമിലേക്ക് മടങ്ങിയെത്താന്‍ വഴിയൊരുക്കി. 37 വയസുള്ള കാര്‍ത്തിക്ക് തന്റെ അവസാന ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ്. യുവപ്രതിഭകള്‍ പുറത്തുള്ളതിനാല്‍, ആസ്‌ട്രേലിയയില്‍ വെച്ച് കാര്‍ത്തിക്ക് വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും.
ബൗളിങ് ഓള്‍റൗണ്ടറായ ഹര്‍ഷല്‍ പട്ടേലിന് പ്ലേയിങ് ഇലവനില്‍ ഇടം ലഭിച്ചില്ലെങ്കിലും ടി20 ലോകകപ്പ് സ്‌ക്വാഡിലുണ്ടാകുമെന്നാണ് സൂചന. ലോകകപ്പിന് ശേഷം ഏകദിന, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകും പട്ടേല്‍ ശ്രമിക്കുക. ടി20 ഫോര്‍മാറ്റില്‍ രാജ്യത്തിനായി ലോകകപ്പ് കളിച്ചു കൊണ്ട് ഹര്‍ഷല്‍ വിരമിച്ചേക്കും.
കഴിഞ്ഞ ടി20 ലോകകപ്പ് സ്‌ക്വാഡിലേക്ക് അപ്രതീക്ഷിതമായി വിളിവന്ന അശ്വിന്‍ ടൂര്‍ണമെന്റില്‍ തിളങ്ങിയിരുന്നു. ഇത്തവണയും അശ്വിന്‍ സ്‌ക്വാഡിലുണ്ടാകുമെന്നാണ് സൂചന. ടി20 ടീമിലെ സ്ഥിര സാന്നിധ്യമല്ലാത്തതിനാല്‍ ലോകകപ്പോടെ അശ്വിന്‍ വിരമിക്കും. ടെസ്റ്റ് ഫോര്‍മാറ്റില്‍ ശ്രദ്ധയൂന്നാനാണ് അശ്വിനും താത്പര്യം.
ദിനേശ് കാര്‍ത്തിക്കിന്റെ ടി20 വിരമിക്കല്‍ സഞ്ജു സാംസണിന് അവസരമൊരുക്കും. റിഷഭ് പന്തിന് ടെസ്റ്റിലും ഏകദിനത്തിലും അവസരമുള്ളതിനാല്‍ വിശ്രമാര്‍ഥം ടി20 ഫോര്‍മാറ്റില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടേക്കാം. ഇത് ഗുണം ചെയ്യുക സഞ്ജു സാംസണിനും ഇഷാന്‍ കിഷനുമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.