റാഞ്ചി: സെഞ്ച്വറിയുമായി ക്യാപ്റ്റൻ സജന സജീവൻ മുന്നിൽനിന്ന് നയിച്ചപ്പോൾ ദേശീയ സീനിയർ വനിത ഏകദിന ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് തകർപ്പൻ ജയം. 216 റൺസിന് ബറോഡയെയാണ് കേരളം നിലംപരിശാക്കിയത്. മെകോൺ സ്റ്റേഡിയത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റുചെയ്യാനിറങ്ങിയ കേരളം നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ത്തിൽ 284 റൺസെന്ന മികച്ച സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിങ്ങിൽ ബറോഡ 21.5 ഓവറിൽ കേവലം 68 റൺസിന് കൂടാരം കയറുകയായിരുന്നു.
85 പന്തിൽ 16 തകർപ്പൻ ബൗണ്ടറികളടക്കം സജന 100 റൺസെടുത്താണ് പുറത്തായത്. സെഞ്ച്വറി തികച്ചയുടൻ അമൃത ജോസഫിന്റെ ഏറിൽ റണ്ണൗട്ടാവുകയായിരുന്നു. 50 പന്തിൽ 11 ഫോറും ഒരു സിക്സുമടക്കം അവസാന ഘട്ടത്തിൽ തകർത്തടിച്ച് പുറത്താകാതെ 73 റൺസെടുത്ത ഓൾറൗണ്ടർ അരുന്ധതി റെഡ്ഡിയും കേരളത്തെ മികച്ച സ്കോറിലെത്താൻ തുണച്ചു.
ഓപണർ നജ്‍ല സി.എം.സി (അഞ്ച്) എളുപ്പം പുറത്തായെങ്കിലും ഐ.വി. ദൃശ്യ (32 പന്തിൽ 30) ആക്രമണാത്മകമായി കളിച്ചതോടെ റൺനിരക്കുയർന്നു. ടീം സ്കോർ 44ൽ നിൽക്കെ ദൃശ്യ പുറത്തായശേഷമെത്തിയ ജിൻസി ജോർജിനെ (61 പന്തിൽ 25) കൂട്ടുപിടിച്ച് സജന ഇന്നിങ്സിനെ മുന്നോട്ടുനയിച്ചു. മൂന്നാം വിക്കറ്റിൽ 87 റൺസ് ചേർത്തതിനൊടുവിൽ ജിൻസി പുറത്തായി. അലീന സുരേന്ദ്രനും (11) നിലയുറപ്പിക്കുംമുമ്പ് മടങ്ങിയശേഷമാണ് സജന-അരുന്ധതി സഖ്യം ഒത്തുചേർന്നത്.
മികവുറ്റ രീതിയിൽ സ്കോർ മുന്നോട്ടുപോകവേയാണ് സെഞ്ച്വറി നേട്ടത്തിനുശേഷം നായിക റണ്ണൗട്ടായത്. എന്നാൽ, ഒരറ്റത്ത് ഉറച്ചുനിന്ന അരുന്ധതി അവസാനഘട്ടത്തിൽ മികച്ച പ്രഹരശേഷിയുമായി ഇന്നിങ്സിന് ദൈർഘ്യമേറ്റുകയായിരുന്നു.
ബറോഡക്കുവേണ്ടി തൻവീർ ഷെയ്ക്ക് (29 നോട്ടൗട്ട്) മാത്രമാണ് ചെറുത്തുനിന്നത്. 23 റൺസ് വഴങ്ങി വിനയ നാലു വിക്കറ്റെടുത്തപ്പോൾ അരുന്ധതിയും വി.എസ്. മൃദുലയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.