ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെതിരെ അനായാസം ജയിക്കാമായിരുന്ന മത്സരം കളഞ്ഞുകുളിച്ച കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ പ്രകടനത്തിൽ നിരാശരാണ് ആരാധകർ. മുംബൈക്കെതിരെ അവസാനം കളിച്ച 12 മത്സരങ്ങളിൽ 11ഉം തോറ്റുവെന്ന യാഥാർഥ്യം ഉൾകൊള്ളാനാകുന്നില്ല ആരാധകർക്ക്.
ചെന്നൈയിൽ നടന്ന മത്സരത്തിൽ 10 റൺസിനായിരുന്നു കൊൽക്കത്തയുടെ നിരാശാജനകമായ തോൽവി. ഇതിന് പിന്നാലെ ആരാധകരോട് ക്ഷമാപണം നടത്തി രംഗത്തെത്തിയിരിക്കുകയാണ് ടീം ഉടമയായ നടൻ ഷാറൂഖ് ഖാൻ. 'നിരാശാജനകമായ പ്രകടനം. ഏറ്റവും ചുരുങ്ങിയ പക്ഷം ആരാധകരോട് ക്ഷമ പറയാൻ ആഗ്രഹിക്കുന്നു' -ഷാരൂഖ് ട്വിറ്ററിൽ കുറിച്ചു.
കളിയുടെ സിംഹ ഭാഗവും നിയന്ത്രണം കയ്യിലുണ്ടായിരുന്ന കൊൽക്കത്ത അന്ത്യനിമിഷത്തിൽ ലക്ഷ്യബോധമില്ലാതെ ബാറ്റുവീശിയാണ് ജയം കളഞ്ഞുകുളിച്ചത്. 153 റൺസെന്ന തരക്കേടില്ലാത്ത ലക്ഷ്യം തേടിയിറങ്ങിയ കൊൽക്കത്തക്ക് അവസാന അഞ്ചോവറിൽ ഒരു ബൗണ്ടറി മാത്രമാണ് നേടാനായത്.
27 റൺസ് മാത്രം വഴിങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ രാഹുൽ ചഹർ, 13 റൺസ് മാത്രം വഴങ്ങി ഒരുവിക്കറ്റ് വീഴ്ത്തിയ ക്രുനാൽ പാണ്ഡ്യ, അവസാന ഓവറിൽ രണ്ട് വിക്കറ്റ് വീഴ്ത്തിയ ട്രെൻഡ് ബോൾട്ട് എന്നിവരുടെ ഡെത്ത് ബൗളിങ് മികവിലാണ് മുംബൈ ജയം തട്ടിയെടുത്തത്. മൂന്നിന് 104 എന്ന നിലയിൽ നിന്ന് ഏഴിന് 142 റൺസെന്ന നിലയിൽ ഇന്നിങ്സ് അവസാനിച്ചത് ഞെട്ടലോടെയാണ് കെ.കെ.ആർ ഫാൻസ് കണ്ടത്.
ഓപണിങ് വിക്കറ്റിൽ 72 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കി ശുഭ്മാൻ ഗില്ലും (57) നിതീഷ് റാണയും (33) ടീമിന് മികച്ച അടിത്തറയൊരുക്കിയിരുന്നു. ഗില്ലിനെയും രാഹുൽ ത്രിപാഠിയെയും (5) മടക്കിയ രാഹുൽ ചഹറാണ് മത്സരം ഗതിമാറ്റിയത്. ഓയിൻ മോർഗൻ (7), ശാകിബുൽ ഹസൻ (9), ദിനേഷ് കാർത്തിക് (8 നോട്ടൗട്ട്), ആന്ദ്രേ റസൽ (9), പാറ്റ് കമ്മിൻസ് (0), ഹർഭജൻ സിങ് (2 നോട്ടൗട്ട്) എന്നിങ്ങനെ ശേഷം വന്ന ഒരു ബാറ്റ്സ്മാൻപോലും രണ്ടക്കം കടന്നില്ല.
ആന്ദ്രേ റസലിനെ രണ്ട് തവണ മുംബൈ കൈവിട്ടെങ്കിലും അവസരം മുതലെടുക്കാൻ താരത്തിനായില്ല. നേരത്തെ രണ്ടോവിറൽ 15 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ റസലിന്‍റെ മികവിലാണ് കൊൽക്കത്ത മുംബൈയെ 152 റൺസിൽ ഒതുക്കിയത്. അർധ ശതകം നേടിയ സൂര്യകുമാർ യാദവും (56) രോഹിത് ശർമയുമാണ് (43) നിലവിലെ ജേതാക്കൾക്കായി തിളങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.