ഇത് പുതിയ രാജകുമാരന്...; ബുംറക്ക് സമ്മാനപൊതി കൈമാറി ഷഹീൻ അഫ്രീദി; വിഡിയോ ഏറ്റെടുത്ത് ആരാധകർ

കൊളംബൊ: ഏഷ്യാ കപ്പിലെ സൂപ്പർ ഫോറിലും ഇന്ത്യ-പാകിസ്താൻ ത്രില്ലർ പോരിൽ മഴ രസംകൊല്ലിയായതോടെ, മത്സരം റിസർവ് ദിനത്തിലേക്ക് മാറ്റി. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ ഞായറാഴ്ച വൈകീട്ട് ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇന്ത്യ 24.1 ഓവറിൽ രണ്ടു വിക്കറ്റിന് 147 റൺസെടുത്ത് നിൽക്കെയാണ് മഴ പെയ്തത്. മണിക്കൂറുകൾ കാത്തെങ്കിലും മഴ മാറിനിൽക്കാതെ വന്നതോടെ മത്സരം തിങ്കളാഴ്ച തുടരാൻ തീരുമാനിക്കുകയായിരുന്നു.

ഇന്ത്യ-പാക് ഗ്രൂപ് മത്സരം ഇതേ കാരണത്താൽ ഉപേക്ഷിച്ചിരുന്നു. ത്രില്ലർ മത്സരം പ്രതീക്ഷിച്ചിരുന്ന ആരാധകർ നിരാശരായെങ്കിലും ഗ്രൗണ്ടിനു പുറത്തെ ഒരു സൗഹൃദത്തിന്‍റെ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. കഴിഞ്ഞദിവസം പിതാവായ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയുടെ കുഞ്ഞിന് പാക് താരം ഷഹീൻ അഫ്രീദി ഒരു സമ്മാനപൊതി കൈമാറുന്നതാണ് വിഡിയോ. രാഷ്ട്രീയത്തേക്കാള്‍ അപ്പുറത്താണ് താരങ്ങള്‍ തമ്മിലുള്ള സൗഹൃദമെന്ന് തെളിയിക്കുന്നതാണ് ഈ ഹൃദയസ്പർശിയായ വിഡിയോ.

ഈമാസം നാലിനാണ് ബുംറക്കും ഭാര്യ സഞ്ജന ഗണേഷിനും ആൺ കുഞ്ഞ് പിറന്നത്. ഇന്ത്യ-പാക് ഗ്രൂപ് മത്സരത്തിനു പിന്നാലെ ബുംറ നാട്ടിലേക്ക് മടങ്ങിയിരുന്നു. നേപ്പാളിനെതിരായ മത്സരത്തിൽ താരം കളിച്ചിരുന്നില്ല. ഇത് പുതിയ രാജകുമാരനുള്ളതാണെന്ന് പറഞ്ഞാണ് പാക് താരം സമ്മാനം കൈമാറിയത്. ‘അഭിനന്ദനങ്ങൾ ബുംറ ഭായി, ഭാഭി. ദൈവം എപ്പോഴും നിങ്ങളുടെ മകന് സന്തോഷം നൽകട്ടെ, അവൻ പുതിയ ബുംറയായി വളരട്ടെ’ -ഷഹീൻ പറഞ്ഞു. പാകിസ്താൻ ക്രിക്കറ്റ് ബോർഡാണ് സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഇതിന്‍റെ വിഡിയോ പങ്കുവെച്ചത്.

ഇന്ത്യക്കായി ഓപണർമാരായ ക്യാപ്റ്റൻ രോഹിത് ശർമയും (49 പന്തിൽ 56) ശുഭ്മൻ ഗില്ലും (52 പന്തിൽ 58) തകർപ്പൻ തുടക്കം സമ്മാനിച്ചു. പാക് ബൗളർമാരെ ഇരുവരും തലങ്ങും വിലങ്ങും അടിച്ചുപറത്തി. നേരിട്ട 37ാം പന്തിൽ ഗില്ലിന്റെ അർധ ശതകം പിറന്നു. 80 പന്തിൽ ടീം സ്കോർ മൂന്നക്കത്തിലെത്തിച്ചു ഓപണിങ് ജോടി. 42ാം പന്തിലാ‍യിരുന്നു രോഹിതിന്റെ ഏകദിന കരിയറിലെ അമ്പതാം ഫിഫ്റ്റി. 17ാം ഓവറിൽ ക്യാപ്റ്റന് മടക്കം. ആറു ഫോറും നാലു സിക്സുമടക്കം 56 റൺസെടുത്ത രോഹിത്, ശദാബ് ഖാന്റെ പന്തിൽ ഫഹീം അഷ്റഫിന് ക്യാച്ച് നൽകി. 121ൽ ആദ്യ വിക്കറ്റ് വീഴ്ത്തിയ പാകിസ്താൻ 123ൽ ഗില്ലിനെയും പുറത്താക്കി. 10 ഫോറടക്കം 58ലെത്തിയ താരത്തെ ഷഹീൻ അഫ്‍രീദിയെറിഞ്ഞ 18ാം ഓവറിലെ അഞ്ചാം പന്തിൽ ആഗ സൽമാൻ പിടികൂടി.

വിരാട് കോഹ്‍ലിയും (16 പന്തിൽ 8) കെ.എൽ. രാഹുലും (28 പന്തിൽ 17) ക്രീസിലുണ്ട്. പുറംവേദനയെത്തുടർന്ന് മധ്യനിര ബാറ്റർ ശ്രേയസ് അയ്യരെ അപ്രതീക്ഷിതമായി പുറത്തിരുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. പകരം രാഹുലിന് അവസരം നൽകി.

Tags:    
News Summary - Shaheen Afridi Wins Hearts As He Gives A Gift To New Dad Jasprit Bumrah; Watch Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.