ലോകകപ്പിൽ കളിക്കാൻ കഴിയാത്തതിന്റെ കലിപ്പ് ഇംഗ്ലണ്ടിനോട് തീർത്തിരിക്കുകയാണ് വെസ്റ്റ് ഇൻഡീസ്. ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് നാല് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്. സര്‍ വിവിയന്‍ റീച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 325 റണ്‍സ് പിന്തുടർന്നായിരുന്നു വിൻഡീസ് ജയിച്ചുകയറിയത്.
മറുപടി ബാറ്റിങ്ങിൽ 48.5 ഓവറില്‍ നാല് വിക്കറ്റുകള്‍ ബാക്കിനില്‍ക്കേയായിരുന്നു വിന്‍ഡീസ് വിജയം. 83 പന്തില്‍ പുറത്താവാതെ 109 റണ്‍സ് നേടിയ നായകൻ ഷായ് ഹോപ്പായിരുന്നു വിൻഡീസിന്റെ വിജയ ശിൽപ്പി. നാല് ഫോറുകളും ഏഴ് കൂറ്റന്‍ സിക്‌സറുകളുമടങ്ങുന്നതായിരുന്നു ഹോപ്പിന്റെ വെടിക്കെട്ട് ഇന്നിങ്സ്. ജയത്തോടെ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ് വെസ്റ്റ് ഇന്‍ഡീസ്. ഡിസംബര്‍ ആറിനാണ് രണ്ടാം ഏകദിനം.
ഏകദിനത്തിലെ തന്റെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയായിരുന്നു ഹോപ്പ് ഇംഗ്ലണ്ടിനെതിരെ നേടിയത്. നാലാമനായി ഇറങ്ങിയ താരത്തിന്റെ തുടക്കം പതിയെയായിരുന്നു. എന്നാൽ, അവസാന ഓവറുകളിൽ തകർപ്പനടികളിലൂടെയാണ് ടീമിനെ ഹോപ്പ് വിജയിപ്പിച്ചത്.. ഇപ്പോഴിതാ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ ഉപദേശത്തെ കുറിച്ച് മനസുതുറന്നിരിക്കുകയാണ് ഹോപ്പ്.
‘‘ദിവസങ്ങള്‍ക്ക് മുമ്പ് ഞാൻ എം.എസ് ധോണിയുമായി സംസാരിച്ചിരുന്നു. നിങ്ങൾക്ക് എപ്പോഴും ക്രീസിൽ വിചാരിക്കുന്നതിലും കൂടുതൽ സമയമുണ്ടെന്നും ക്രീസില്‍ കുറച്ചുനേരം പിടിച്ചുനില്‍ക്കാനുമാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഇംഗ്ലണ്ടിനെതിരേ ഞാന്‍ പിന്തുടര്‍ന്നത് അതായിരുന്നു’’ -മത്സരത്തിന് ശേഷം ഹോപ്പ് പറഞ്ഞു.
ആറാം വിക്കറ്റിൽ 89 റൺസ് കൂട്ടുകെട്ടിൽ 28 പന്തിൽ 48 റൺസെടുത്ത റൊമാരിയോ ഷെപ്പേർഡിന്റെ സംഭാവനയെയും ഹോപ്പ് പ്രശംസിച്ചു. ‘അവൻ അതിശയിപ്പിച്ചു. നമുക്ക് ആശ്രയിക്കാൻ കഴിയുന്നവരിൽ ഒരാളാണ് അവൻ. തന്റെ മൂല്യം അവൻ തുടർച്ചയായി തെളിയിച്ചുകൊണ്ടിരിക്കുകയാണ്. പരമ്പര മികച്ച രീതിയിലാണ് നമ്മൾ തുടങ്ങിയിരിക്കുന്നത്. അടുത്ത മത്സരത്തിലും അത് തുടരാനാണ് ഉദ്ദേശിക്കുന്നതെന്നും ഷായ് ഹോപ്പ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.