ദുബൈ: 'ചെയ്തിട്ട് പറയാൻ ഏവനും പറ്റും എന്നാൽ പറഞ്ഞിട്ട് ചെയ്യാൻ ഒരു റേഞ്ച് വേണം'-ചെന്നൈ സൂപ്പർ കിങ്സ്-കിങ്സ് ഇലവൻ പഞ്ചാബ് ഐ.പി.എൽ മത്സരത്തിന് ശേഷം വാട്സാപ്പ് സ്റ്റാറ്റസുകളിൽ പറന്നു നടന്ന ഒരു മെസേജാണിത്. ഐ.പി.എല്ലിൽ മോശം തുടക്കവുമായി അവസാന സ്ഥാനത്തായിരുന്ന ചെന്നൈയുടെ തിരിച്ചുവരവ് പ്രവചിച്ച ഷെയ്ൻ വാട്സെൻറ ട്വീറ്റാണ് ഇതിനാധാരം.
53 പന്തിൽ 83 റൺസുമായി ചെന്നൈയുടെ 10 വിക്കറ്റ് വിജയത്തിന് ചുക്കാൻ പിടിച്ച വാട്സെൻറ പോസ്റ്റ് സി.എസ്.കെ ആരാധകർ ആഘോഷമാക്കി മാറ്റുകയായിരുന്നു.
ഫാഫ് ഡുപ്ലെസിസിനൊപ്പം (53 പന്തിൽ 87) ചേർന്ന് വാട്സൺ പഞ്ചാബിനെ അടിച്ച് പഞ്ചറാക്കി. മത്സരശേഷം വാട്സെൻറ ട്വീറ്റിെൻറ സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുകയായിരുന്നു.
ചെന്നൈയുടെ തികവുറ്റ മത്സരം വരുന്നുവെന്നായിരുന്നു മത്സരത്തിെൻറ തലേദിവസം വാട്സെൻറ ട്വീറ്റ്. വാക്ക് പാലിച്ച വാട്സൺ തുടർച്ചയായ മൂന്ന് തോൽവികളിൽ നിരാശരായിരുന്ന ചെന്നൈ ഫാൻസിെൻറ മുഖത്ത് വീണ്ടും പുഞ്ചിരി വിടർത്തി.
14 പന്തുകൾ ശേഷിക്കേ ആയിരുന്നു ചെന്നൈയുടെ വമ്പൻ വിജയം. 10 വിക്കറ്റ് വിജയത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഓപണിങ് കൂട്ടുകെട്ടുയർത്താനും വാട്സൺ-ഡുപ്ലെസിസ് സഖ്യത്തിനായി.
വാഗ്ദാനം കാത്ത വാട്സനെ മത്സരശേഷം ഐ.പി.എൽ ട്വിറ്റർ ഹാൻഡ്ലിലൂടെ അഭിനന്ദിച്ചു. വാട്സണെ അഭിനന്ദിക്കുന്നതോടൊപ്പം തുടർപരാജയങ്ങൾക്കിടയിലും താരത്തിൽ വിശ്വാസമർപിച്ച നായകൻ എം.എസ്. ധോണിയെയും വാഴ്ത്തുകയാണ് ആരാധകർ.
ധോണിയും കോച്ച് സ്റ്റീഫൻ ഫ്ലെമിങും താൽക്കാലിക പരാജയങ്ങളുടെ പേരിൽ കളിക്കാരെ തള്ളിപ്പറയില്ലെന്നും സ്ക്വാഡിലെ ഓരോ കളിക്കാരെൻറയും കഴിവിനെക്കുറിച്ച് അവർക്ക് കൃത്യമായ ധാരണയുണ്ടെന്നും വാട്സൺ പറഞ്ഞിരുന്നു.
അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയമടക്കം നാല് പോയൻററുമായി ചെന്നൈ ആറാം സ്ഥാനത്താണ്. ബുധനാഴ്ച അബൂദബിയിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.