ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിൽ ചേർന്ന ഇന്ത്യൻ ക്രിക്കറ്റ് താരം മനോജ് തിവാരിയെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. മനോജ് തിവാരിയുടെ അഭിമുഖത്തിന്‍റെ ക്ലിപ് പങ്കുവെച്ചാണ് തരൂരിന്‍റെ അഭിപ്രായ പ്രകടനം.
''മനോജ് തിവാരിയുടേത് മികച്ച അഭിമുഖമാണ്. മതേതരത്വത്തോടുള്ള പ്രതിബദ്ധതകൊണ്ട് ബി.ജെ.പിയുടെ പ്രലോഭനങ്ങളിൽ വീണില്ലെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ഇന്ത്യയിലെ അധിക ക്രിക്കറ്റ് കളിക്കാരും മതത്തിന്‍റെ പേരിൽ വിവേചനങ്ങൾക്ക് തുനിയാത്തവരാണ്. ക്രിക്കറ്റ് ഐക്യം വർധിപ്പിക്കുേമ്പാൾ ബി.ജെ.പി മതഭ്രാന്തും വിഭജനവും ഉണ്ടാക്കുന്നു.''-ശശി തരൂർ ട്വീറ്റ് ചെയ്തു. അഭിനന്ദനത്തിന് ശശിതരൂരിന് മനോജ് തിവാരി നന്ദിയർപ്പിച്ചു.
മനോജ് തിവാരി തൃണമൂൽ കോൺഗ്രസിൽ ഇന്നലെയാണ് ചേർന്നത്. ഇന്ത്യക്കായി 12 ഏകദിനങ്ങളിലും മൂന്ന് ട്വന്‍റി 20 കളിലും കളത്തിലിറങ്ങിയ തിവാരി ഐ.പി.എല്ലിലൂടെ ക്രിക്കറ്റ് പ്രേമികൾക്ക് സുപരിചിതനാണ്. 35കാരനായ താരം ബംഗാളിലെ ഹൗറ സ്വദേശിയാണ്. വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ 104 റൺസാണ് ഇന്ത്യൻ ജഴ്സിയിൽ തിവാരിയുടെ ഉയർന്ന സ്കോർ.
2012ൽ ഐ.പി.എൽ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ നിർണായക സാന്നിധ്യമായിരുന്നു തിവാരി. ഡൽഹി ഡെയർഡെവിൾസ്, റൈസിങ് പുനെ ജയന്റ്സ്, കിങ്സ് ഇലവൻ പഞ്ചാബ് ടീമുകളുടെയും ജഴ്സി അണിഞ്ഞിട്ടുണ്ട്. 2015ൽ സിംബാബ്വെക്കെതിരെയാണ് അവസാനം ഇന്ത്യക്കായി കളത്തിലിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.