'ഇതിനിടയിൽ 'ബ്രാഡ്മാൻ' വല്ലതും വന്നിട്ടുണ്ടെങ്കിൽ ഞങ്ങളെ അറിയിക്കണം'; പാകിസ്താൻ ക്രിക്കറ്റിനെ കളിയാക്കി മുൻ താരം

പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെ പരിഹസിച്ച് മുൻ പാകിസ്താൻ ബാറ്റർ അഹ്മദ് ഷെഹ്സാദ്. ചാമ്പ്യൻസ് കപ്പ് ഏകദിന ടൂർണമെന്‍റ് നടത്തിയിട്ടും ഒരു പുതിയ മികച്ച പ്രതിഭയെ പോലും കണ്ടെത്താൻ സാധിക്കാത്തതിലാണ് താരം പാകിസ്താനെ വിമർശിച്ചത്. യുവപ്രതിഭകളെ കണ്ടെത്തുവാനായി പാകിസ്താൻ ക്രിക്കറ്റിന്‍റെ പുതിയ പരീക്ഷണമായിരുന്നു ചാമ്പ്യൻസ് കപ്പ് ഏകദിന ടൂർണമെന്‍റ്. കഴിഞ്ഞ വർഷങ്ങളിൽ പാകിസ്താൻ ക്രിക്കറ്റ് കടന്നുപോയ മോശം കാലഘട്ടത്തെ മറികടക്കാനുള്ള ശ്രമത്തിലാണ് പാകിസ്താൻ ക്രിക്കറ്റ്. എന്നാൽ ടൂർണമെന്‍റ് ആരംഭിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോഴും പരിചയസമ്പത്തുള്ള താരങ്ങളാണ് ടൂർണമെന്‍റിൽ തിളങ്ങുന്നത്.

ഇതൊരു മോശം തീരുമാനമാണെന്നാണ് അഹ്മദ് ഷെഹ്സാദ് തന്‍റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ പറഞ്ഞത്. പുതിയതായി ആരും മികച്ച പ്രകടനമൊന്നും കാഴ്ചവെച്ചില്ലെന്നും താരം പറഞ്ഞു. ' എല്ലാവരും ആർപ്പ് വിളിക്കുന്ന പുതിയ പ്രതിഭകൾ എവിടെ? ഈ ടൂർണമെന്‍റ് ഒരുപാട് പ്രതിഭയുള്ള താരങ്ങളെ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു. അങ്ങനെ ആരെയും കണ്ടില്ല. നമ്മൾ സ്ഥിരം ചർച്ച ചെയ്യാറുള്ള കുറച്ച് താരങ്ങൾ ഒഴിച്ച്. നമ്മൾ കാണാതെ ഇനി ഏതെങ്കിലും 'ബ്രാഡ്മാൻ' ഇതിൽ കളിച്ചിട്ടുണ്ടെങ്കിൽ ദയവ് ചെയ്ത് അറിയിക്കുക.

ഇതെല്ലാം നിങ്ങളുടെ വട്ടത്തിലുള്ള കളിക്കാർ തന്നെയാണ് നിങ്ങളുടെ ആയുധങ്ങൾ, അല്ലാതെ പുതിയ ആരും ഇതിലില്ല. നിങ്ങൾക്ക് കിട്ടാനും പോകുന്നില്ല. നിങ്ങൾ കുറെ പണം വെറുതെ നഷ്ടമാക്കി. ഈ ചാമ്പ്യൻസ് കപ്പ് നടത്തിയത് വൻ നഷ്ടമാണ്, എന്നാൽ ആരും അത് അങ്ങീകരിക്കില്ല ആരും ശബ്ദമുയർത്തുകയുമില്ല. അവസാനം എല്ലാവരും പരസ്പരം പഴിചാരും. നിങ്ങളുടെ ക്രിക്കറ്റിന്‍റെ അവസ്ഥ അതാണ്, അങ്ങനെയാണ് നിങ്ങളുടെ ക്രിക്കറ്റ് ഓപറേഷൻസ് വർക്ക് ആകുന്നത്,' ഷെഹ്സാദ് വിമർശിച്ചുകൊണ്ടു പറഞ്ഞു. 

Tags:    
News Summary - shehazad slams pakistan cricket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.