ന്യൂഡൽഹി: ഐഷ മുഖർജി മാനസികമായി പീഡിപ്പിച്ചെന്ന ഹരജിയിൽ ക്രിക്കറ്റർ ശിഖർ ധവാന് ഡൽഹി കോടതി വിവാഹമോചനം അനുവദിച്ചു. ഐഷ വർഷങ്ങളോളം ഏക മകനുമായി വേർപിരിഞ്ഞ് ജീവിക്കാൻ നിർബന്ധിച്ച് ധവാനെ മാനസിക പീഡനത്തിന് വിധേയനാക്കിയെന്ന് കുടുംബ കോടതി ജഡ്ജി ഹരീഷ് കുമാർ ചൂണ്ടിക്കാട്ടി.
വിവാഹമോചന ഹരജിയിൽ ധവാൻ പറഞ്ഞ കാര്യങ്ങളെല്ലാം കോടതി അംഗീകരിക്കുകയായിരുന്നു. 2012ലാണ് ഐഷ മുഖർജിയും ധവാനും വിവാഹിതരായത്. ആസ്ട്രേലിയയിലെ മെൽബണിലെ കിക്ക് ബോക്സറായിരുന്നു ഐഷ. ധവാനെക്കാള്‍ 12 വയസ്സ് അധികമുണ്ടായിരുന്ന ഐഷക്ക് ആദ്യ വിവാഹത്തിൽ രണ്ട് പെൺമക്കളുമുണ്ട്. 2021 സെപ്റ്റംബറിലാണ് ഇരുവരും പിരിഞ്ഞു താമസിക്കാൻ തുടങ്ങിയത്.
അതേസമയം, ഇരുവരുടെയും ഏക മകന്‍റെ സ്ഥിരം കസ്റ്റഡി സംബന്ധിച്ച് ഉത്തരവിടാൻ കോടതി വിസമ്മതിച്ചു. ഇന്ത്യയിലും ആസ്‌ട്രേലിയയിലും കൃത്യമായ ഇടവേളകളിൽ മകനെ സന്ദർശിക്കാൻ ധവാന് അവകാശമുണ്ടെന്ന് കോടതി ഉത്തരവിൽ പറയുന്നു. മകനുമായി വിഡിയോ കോളിലൂടെ സംസാരിക്കാനും അനുമതി നൽകി. വിവാഹ ബന്ധത്തിന്റെ കാര്യത്തിൽ തന്റെ തീരുമാനങ്ങൾ തെറ്റിപ്പോയതായി അടുത്തിടെ അഭിമുഖത്തിൽ ധവാൻ വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.