ന്യൂഡൽഹി: അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ശിഖർ ധവാൻ. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോ സന്ദേശത്തിലൂടെയാണ് ധവാൻ ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപിച്ചത്. കരിയറിൽ ഉടനീളം ആരാധകർ നൽകിയ സ്നേഹത്തിനും പിന്തുണക്കും നന്ദിയുണ്ടെന്നും ശിഖർ ധവാൻ പറഞ്ഞു.
ആസ്ട്രേലിയക്കെതിരായ ഏകദിനത്തിലൂടെയാണ് ശിഖർ ധവാൻ അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ, വിശാഖപട്ടണത്ത് നടന്ന മത്സരം ധവാൻ ഒരിക്കലും ഓർമിക്കാത്തതായിരിക്കും. ആദ്യ കളിയിൽ രണ്ട് പന്ത് നേരിട്ട ധവാൻ പൂജ്യത്തിന് പുറത്താവുകയായിരുന്നു. ഒരുഇടവേളക്ക് ശേഷം 2013ൽ ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ധവാൻ മികച്ച പ്രകടനത്തിലൂടെ മൂന്ന് ഫോർമാറ്റുകളിലും ടീമിൽ സ്ഥാനമുറപ്പിച്ചു.
ഇന്ത്യക്ക് വേണ്ടി ക്രിക്കറ്റ് കളിക്കുകയെന്ന ലക്ഷ്യം മാത്രമായിരുന്നു തനിക്ക് മുന്നിലുണ്ടായിരുന്നത്. അത് നേടാൻ സാധിച്ചു. ഒരുപാട് പേരോട് തനിക്ക് നന്ദി പറയാനുണ്ട്. ആദ്യമായി കുടുംബം, ബാല്യകാല പരിശീലകർ തരാഖ് സിൻഹ, മദൻ ശർമ്മ, മറ്റൊരു കുടുംബമായ ടീം, എന്നിവരോടെല്ലാമാണ് ഈ ഘട്ടത്തിൽ നന്ദി പറയാനുള്ളതെന്നും ശിഖർ ധവാൻ വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.
ഞാൻ ഇപ്പോൾ ക്രിക്കറ്റ് ജീവിതത്തോട് വിട പറയുകയാണ്. രാജ്യത്തിന് വേണ്ടി കളിക്കാൻ സാധിച്ചുവെന്നതിൽ താൻ സംതൃപ്തനാണ്. ബി.സി.സി.ഐയോടും ഡി.ഡി.സി.എയോടും നന്ദി പറയാൻ ആഗ്രഹിക്കുകയാണെന്നും ശിഖർ ധവാൻ പറഞ്ഞു.
167 ഏകദിന മത്സരങ്ങളിൽ ഇന്ത്യൻ ടീമിന്റെ ജേഴ്സിയണിഞ്ഞ ശിഖർ ധവാൻ 6793 റൺസാണെടുത്തത്. 44.11 ആയിരുന്നു ശരാശരി. 91.35 ആണ് സ്ട്രൈക്ക് റേറ്റ്. ഏഴ് സെഞ്ച്വറിയും അഞ്ച് ഫിഫ്റ്റിയും ധവാൻ നേടിയിട്ടുണ്ട്. 68 ട്വന്റ 20 മത്സരങ്ങൾ കളിച്ച ധവാൻ 27.92 ശരാശരിയോടെ 1759 റൺസാണ് നേടിയത്. 11 അർധ സെഞ്ച്വറികളും ഇതിൽ ഉൾപ്പെടുന്നു. 34 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ധവാൻ 40.61 ശരാശരിയിൽ 2315 റൺസും നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.